കല്ലമ്പലം: ഒരു വർഷത്തിലേറെയായി കാൻസർ രോഗം മൂലം അവശത അനുഭവിക്കുന്ന നിർദ്ധനയായ വീട്ടമ്മക്ക് പ്രവാസി മലയാളികൾ ചികിത്സാ ധന സഹായം നല്കി. തോട്ടക്കാട് കോണത്ത് വീട്ടിൽ ബേബി (51) യാണ് ഒരു വർഷത്തിലേറെയായി കാൻസർ രോഗത്തിനടിമയായി ആർ.സി.സിയിലെ ചികിത്സയിൽ കഴിയുന്നത്. രണ്ട് പെൺകുട്ടികളുടെ മാതാവായ ബേബി 15 വർഷത്തിന് മുൻപ് ഭർത്താവ് ഉപേക്ഷിച്ച് പോയതിനെ തുടർന്ന് കൂലി പണിയെടുത്താണ് കുടുംബം നോക്കിയിരുന്നത്. മൂത്ത മകളെ വിവാഹം കഴിച്ച് അയക്കുകയും ചെയ്തു. ഇതിനിടയിലാണ് ഇവർക്ക് കാൻസർ രോഗം പിടിപ്പെട്ട് ആശുപത്രിയിലാകുന്നത്. ഇതോടെ ഡിഗ്രിക്ക് പഠിക്കുന്ന ഇളയ മകളുടെ ചെലവും ചികിത്സാ ചെലവിന് വേണ്ടി വരുന്ന പണവും കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടിലാവുകയായിരുന്നു. ഇവരുടെ ദയനീയ സ്ഥിതി മാദ്ധ്യമങ്ങളിൽ കൂടി അറിയാനിടയായ പ്രവാസിയും വില്ലിക്കടവ് സ്വദേശിയുമായ ഷിബു തെക്കേവിള ജോലി ചെയ്യുന്ന ദുബായിലെ കോണ്ടൂർ കൺസ്ട്രക്ഷൻ കമ്പനിയിലെ ജീവനക്കാരുമായി ചർച്ച നടത്തിയതിനെ തുടർന്ന് സ്വരൂപിച്ച 25000 രൂപയാണ് കെയർ ഭാരത് ചാരിറ്റബിൾ ട്രസ്റ്റ് വഴി ഇവർക്ക് കൈമാറിയത്. ട്രസ്റ്റ് വൈസ് ചെയർമാൻ ഇലകമൺ സതീശൻ 25000 രൂപയുടെ ചെക്ക് ബേബിക്ക് കൈമാറി, മാനേജിംഗ് ട്രസ്റ്റി സുനിൽ വില്ലിക്കടവ്, വി.എച്ച്.പി ജില്ലാ സേവാപ്രമുഖൻ കനകകുമാർ, ബി.ജെ.പി വില്ലിക്കടവ് ബൂത്ത് കമ്മിറ്റി പ്രസിഡന്റ് ഷിബു, സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.