വർക്കല: ഓണത്തെ വരവേൽക്കുവാൻ നാടും നഗരവും ഒരുങ്ങി. വർക്കല മേഖലയിലെ ക്ലബുകൾ, റസിഡന്റസ് അസോസിയേഷനുകൾ, സാംസ്കാരിക സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ പുരോഗമിക്കുകയാണ്. ഗ്രാമപഞ്ചായത്തുകളിലെ കൃഷിഭവനുകളുടെയും കുടുംബശ്രീ യൂണിറ്രുകളുടെയും സഹകരണബാങ്കുകളുടെയും സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ സൂപ്പർ മാർക്കറ്റുകളുടെയും നേതൃത്വത്തിൽ വിപണന മേളകളും സജീവമാണ്. വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ അത്തപ്പൂക്കള മത്സരങ്ങളും അരങ്ങേറുന്നുണ്ട്.

ഓണത്തിന്റെ തയാറെടുപ്പിലായിരുന്നു കഴിഞ്ഞ കുറെ ദിവസങ്ങളിലായി വർക്കല നഗരം. ഉപ്പു മുതൽ കർപ്പൂരം വരെയും പുടവ മുതൽ പൊന്ന് വരെയും ഓരോ വിപണിയും ഓണത്തിനായി സജ്ജമായിരിക്കുകയാണ്. വിപണി കൈയടക്കുവാനുള്ള മത്സരവുമുണ്ട്. എല്ലായിടത്തും അതിനായി ആകർഷകമായ ഡിസ്ക്കൗണ്ട് മേളകളും മെഗാസമ്മാനങ്ങളും വരെ ഒരുക്കിയിട്ടുണ്ട്. കർക്കിടകത്തിൽ വിലക്കുറവുമായി സ്റ്റോക്ക് ക്ലിയറൻസായിരുന്നു. ചിങ്ങം പിറന്നതോടെ പുതിയ സ്റ്റോക്കുകളെത്തി. ഐശ്വര്യത്തിന്റെ ആഡംബരത്തിന്റെ നിറക്കാഴ്ചകളുമായാണ് ഓരോ വ്യാപാര സ്ഥാപനവും ഓണ വിപണി കെയടക്കുവാനുള്ള മത്സരത്തിൽ പങ്കാളികളാവുകയാണ്. നഗരത്തിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ തിരക്കും വാഹനങ്ങളുടെ തിരക്കും ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. നഗരത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്റിക്കുന്നതിനായി വർക്കല പൊലീസിന്റെ പട്രോളിംഗ് സജീവമാണ്. നിർണായക ഇടങ്ങളിൽ പൊലീസിന്റെ സാന്നിദ്ധ്യവും ഉറപ്പാക്കിയിട്ടുണ്ട്.