ചിറയിൻകീഴ്: കാലിത്തീറ്റവില കുതിച്ച് കയറിയതോടെ ക്ഷീര കർഷകർ നേരിടേണ്ടിവരുന്നത് വൻ പ്രതിസന്ധി. പശു, ആട് വളർത്തൽ ഉപജീവനമാർഗമാക്കിയവർ ദൈനംദിന കാര്യങ്ങൾ പോലും മുന്നോട്ട് നീക്കാൻ പെടാപ്പാട് പെടുകയാണിപ്പോൾ. വിലയുടെ അനിയന്ത്രിതമായ കുതിച്ചുകയറ്റം ഈ രീതിയിൽ തുടരുകയാണെങ്കിൽ, ക്ഷീരമേഖല തന്നെ ഉപേക്ഷിക്കേണ്ടിവരുമോ എന്ന ആശങ്കയിലാണ് ഇവരിൽ ഏറെപ്പേരും.
പാലിന്റെ കാര്യത്തിൽ സ്വയം പര്യാപ്തതയാണ് ലക്ഷ്യമെന്ന് സർക്കാർ പറയുമ്പോഴും ഈ മേഖലയിലെ കർഷകരുടെ ദുരിതങ്ങൾ അധികൃതർ കാണാതെ പോവുകയാണെന്ന ആക്ഷേപമാണ് പരക്കെ ഉയരുന്നത്. ആഴ്ച തോറുമാണ് കാലത്തീറ്റ ചാക്കിന്റെ വില വർദ്ധിക്കുന്നത്. രണ്ടര മാസത്തിനിടയിൽ പരുത്തിപ്പിണ്ണാക്ക് ഒരു ചാക്കിന് 830 രൂപയും പില്ലറ്റുകൾക്ക് 305 രൂപയുമാണ് വർദ്ധനവുണ്ടായത്.