പാറശാല: എൽ.ഡി.എഫ് ഭരണത്തിലുള്ള ചെങ്കൽ പഞ്ചായത്തിലെ മര്യാപുരം വാർഡ് ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിലെ സി.പി.ഐ സ്ഥാനാർത്ഥിയുടെ ദയനീയ പരാജയത്തിനും ഒരു സീറ്റ് നഷ്ടമാകുന്നതിനും കാരണം സി.പി.എമ്മിലെ വിമതരുടെ പ്രവർത്തനമാണെന്ന് ആരോപണം. ഭരണപക്ഷ അംഗമായിരുന്ന സി.പി.എമ്മിലെ തോമസിന്റെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. സി.പി.ഐ അംഗമായ ഷാജി തച്ചക്കുടിക്കെതിരെ, സി.പി.എം അംഗമായ രാജ്‌കുമാറിനെ റിബൽ സ്ഥാനാർത്ഥിയാക്കിയതാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാൻ കാരണം. നേരത്തെ സി.പി.എം സ്ഥാനാർത്ഥി വിജയിച്ച വാർഡാണിത്. ഉപതിരഞ്ഞെടുപ്പിൽ റിബൽ സ്ഥാനാർത്ഥിക്ക് 230 വോട്ട് നേടാനായപ്പോൾ, ഔദ്യോഗിക സ്ഥാനാർത്ഥിക്ക് വെറും 155 വോട്ട് മാത്രമാണ് ലഭിച്ചത്. പഞ്ചായത്തിലെ പല വാർഡുകളിലും തുടരുന്ന സി.പി.എം - സി.പി.ഐ പോര് ഉപതിരഞ്ഞെടുപ്പിലും പ്രകടമായി എന്നാണ് വിലയിരുത്തൽ.