pepparadam

വിതുര: വൃഷ്ടിപ്രദേശത്ത് പെയ്യുന്ന ശക്തമായ മഴയിൽ ജലനിരപ്പ് ഉയർന്നതോടെ പേപ്പാറ ഡാമിലെ രണ്ട് ഷട്ടറുകൾ ഉയർത്തി. ഇന്നലെ രാവിലെയാണ് ഷട്ടറുകൾ അടിയന്തരമായി അഞ്ച് സെന്റീ മീറ്റർ വീതം ഉയർത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് 107 സെന്റീമീറ്ററായിരുന്നു ഡാമിലെ ജലനിരപ്പ്. എന്നാൽ മഴ ശക്തമായതിനെ തുടർന്ന് ജലനിരപ്പ് 107.50 ആയി ഉയർന്നിരുന്നു. നിലവിലെ ജലനിരപ്പ് 107.55ആണ്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നേരത്തേ പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുകയാണ്. ജലനിരപ്പ് ഉയരുന്ന വിവരം വനംവകുപ്പും ജലവകുപ്പും ദുരന്ത നിവാരണ അതോറിട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. രാത്രിയിൽ മഴ ശക്തിപ്പെട്ടാൽ വീണ്ടും ഷട്ടറുകൾ തുറക്കാനാണ് തീരുമാനം. പേപ്പാറയിലെയും അരുവിക്കരയിലെയും ഷട്ടറുകൾ തുറന്നതിനാൽ കരമനയാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം.

വനമേഖലയിൽ മഴ ശക്തം

പേപ്പാറക്ക് പുറമേ പൊന്മുടി, ബോണക്കാട്, കല്ലാർ, ജഴ്സിഫാം വനമേഖലയിലും മഴ ശക്തമാണ്. മലവെള്ളപ്പാച്ചിലിൽ ഏക്കർ കണക്കിന് കൃഷി ഭൂമി നശിച്ചു. ആദിവാസി മേഖലകൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്.