തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗണേശോത്സവത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് നടക്കും. സാംസ്‌കാരിക സമ്മേളനവും ഒരു ലക്ഷത്തിയെട്ട് നാളികേരം സമർപ്പിച്ച് നടക്കുന്ന ഗണേശോത്സവ മഹായജ്ഞവും അനുബന്ധിച്ച് നടക്കും. ജില്ലയിലെ 1008 കേന്ദ്രങ്ങളിലും 2 ലക്ഷത്തിൽപ്പരം വീടുകളിലും പ്രതിഷ്ഠ നടത്തിയ ഗണേശ വിഗ്രഹങ്ങൾ ഘോഷയാത്രയായി വൈകിട്ട് 3 ന് പഴവങ്ങാടി ഗണപതിക്ഷേത്രത്തിൽ എത്തും. തുടർന്ന് നാലിന് സാംസ്‌കാരിക സമ്മേളനം കർദ്ദിനാൾ ക്ലീമിസ് കത്തോലിക്കാബാവ ഉദ്ഘാടനം ചെയ്യും. ഘോഷയാത്ര മന്ത്രിമാരായ കടകംപള്ളി സരേന്ദ്രനും രാമചന്ദ്രൻ കടന്നപ്പള്ളിയും ചേർന്ന് ഉദ്ഘാടനം ചെയ്യും. വി.എസ്. ശിവകുമാർ അദ്ധ്യക്ഷത വഹിക്കും. കെ. മുരളീധരൻ എം.പി, മാതൃഭൂമി ജോയിന്റ് മാനേജിംഗ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ തുടങ്ങിയവരും ജനപ്രതിനിധികളും പങ്കെടുക്കും. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ നിന്ന് പകർന്നു നൽകുന്ന ദീപം ഗണേശ വിഗ്രഹത്തിന്റെ മുന്നിൽ തെളിച്ചുകൊണ്ടാണ് ഘോഷയാത്ര ആരംഭിക്കുന്നത്. ഗണപതിയുടെ 32 വിവിധ രൂപഭാവങ്ങളിലും എട്ട് അവതാര രൂപങ്ങളിലുമുള്ള വിഗ്രഹങ്ങൾ ഘോഷയാത്രയിൽ അണിനിരക്കും.

# ഘോഷയാത്ര കടന്നുപോകുന്ന വഴി

കിഴക്കേകോട്ടയിൽ നിന്നു ആരംഭിക്കുന്ന ഘോഷയാത്ര ഓവർബ്രിഡ്‌ജ്, ആയുർവേദ കോളേജ്, സ്റ്റാച്യു, പാളയം, എ.കെ.ജി സെന്റർ, ജനറൽ ആശുപത്രി, പാറ്റൂർ, പേട്ട, ചാക്ക, ആൾസെയിന്റ്സ് വഴി ശംഖുംമുഖം ആറാട്ടുകടവിൽ എത്തിച്ചേരും. അവിടെ ഹോമത്തിന് ശേഷം ഗണേശ വിഗ്രഹങ്ങൾ കടലിൽ നിമജ്ജനം ചെയ്യും.