നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ ആരംഭിച്ച പൊലീസ് എയ്ഡ് പോസ്റ്റിന് അകാലചരമം. ജില്ലാ ആശുപത്രിയിൽ അടിക്കടി ഉണ്ടാകുന്ന അക്രമങ്ങൾ നിയന്ത്രിക്കാനാണ് ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ വർഷം ആദ്യം പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചത്. ഈ മാസം ഒന്നിനാണ് ഈ എയ്ഡ് പോസ്റ്റ് പൂട്ടിയത്. ജയിലിൽ നിന്നുള്ള വിചാരണത്തടവുകാരേയും മറ്റും ചികിത്സയ്ക്കായ് കൊണ്ടുവരുന്നത് ഇവിടെയാണ്. തടവുകാരെ അന്വേഷിച്ച് എത്തുന്നവരുൾപ്പെടെ പലപ്പോഴും ഇവിടെ സെക്യൂരിറ്റി ജീവനക്കാരോട് അടിപിടിയുണ്ടാക്കിയിട്ടുണ്ട്. മാത്രമല്ല, ആശുപത്രിയിൽ രോഗികളുടെ കൂട്ടിരിപ്പുകാരും മറ്റുമുണ്ടാക്കുന്ന പ്രശ്നങ്ങൾ പലപ്പോഴും മറ്റ് രോഗികൾക്കും ബന്ധുക്കൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ആവശ്യത്തിന് പൊലീസ് ഇല്ലാത്തത് കാരണമാണ് ഇവിടേക്ക് പൊലീസിനെ നിയോഗിക്കാത്തതെന്ന് പൊലീസ് അധികൃതരുടെ വിശദീകരണം.