merlin-divya

കുഴിത്തുറ: കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്തിനടുത്ത് ആശുപത്രിയിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചതായി പരാതി. ആറ്റൂർ തങ്കവിള സ്വദേശി വിജിന്റെ ഭാര്യ മെർലിൻ ദിവ്യയും (27) കുഞ്ഞുമാണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ചൊവ്വാഴ്ച മെർലിൻ ദിവ്യയെ പ്രസവത്തിനായി വേട്ടുവന്നിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇന്നലെ രാവിലെ മെർലിൻ ദിവ്യയെ ലേബർറൂമിൽ കയറ്റി. തുടർന്ന് ആശുപത്രിയിലെ അധികൃതർ ഒരു സ്വകാര്യ ആംബുലൻസിൽ മെർലിൻ ദിവ്യയെയും കുഞ്ഞിനെയും ബന്ധുക്കളോട് ചോദിക്കാതെ കുഴിത്തുറ ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർ ചികിത്സയ്ക്കായി അമ്മയെയും കുട്ടിയെയും ആശുപത്രിയിൽ കൊണ്ട് പോകുന്നു എന്നാണ് ബന്ധുക്കളോട് ആശുപത്രി അധികൃതർ പറഞ്ഞത്.

കുഴിത്തുറ ഗവണ്മെന്റ് ആശുപത്രിയിൽ പരിശോധിച്ച ഡോക്ടർ അമ്മയും കുട്ടിയും ഇവിടെ എത്തിക്കും മുൻപേ മരിച്ചതായി സ്ഥിരീകരിച്ചു. വിജിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാർത്താണ്ഡം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.