തിരുവനന്തപുരം: ജനങ്ങളുടെ കൂട്ടായ്മയാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കുന്നതെന്ന് ഗവർണർ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. കാലാവധി പൂർത്തിയാക്കിയ ഗവർണർക്ക് രാജ്ഭവനിൽ നൽകിയ യാത്രഅയപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിദുരന്തങ്ങൾ മറികടന്ന് മുന്നേറാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങൾ ലോകത്തിന് മാതൃകയാണ്. ആരും ആഹ്വാനം ചെയ്യുംമുമ്പ് രക്ഷാദൗത്യത്തിന് മുന്നിട്ടിറങ്ങിയ ജനങ്ങളാണ് ഇവിടെയുള്ളത്. ദുരിതാശ്വാസ സമാഹരണത്തിൽ യുവാക്കളുടെ പങ്കാളിത്തം, മത്സ്യത്തൊഴിലാളികളുടെ സേവനം എന്നിവയെ അദ്ദേഹം അനുമോദിച്ചു. രാഷ്ട്രീയനേതൃത്വവും ക്രിയാത്മകമായാണ് സാമൂഹികവികസനത്തിനായി പ്രവർത്തിക്കുന്നത്. നവകേരള നിർമ്മാണമെന്ന ആശയത്തിലേക്ക് കുറഞ്ഞ വർഷം കൊണ്ട് എത്തിച്ചേരാനാവും.
കർഷകകുടുംബത്തിൽ നിന്ന് കഠിനാദ്ധ്വാനത്തിലൂടെയാണ് താൻ ഉന്നതപദവിയിലെത്തിയതെന്നും സദാശിവം പറഞ്ഞു. രാജ്ഭവൻ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജീവനക്കാർ ഉപഹാരം സമ്മാനിച്ചു. ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ദേവേന്ദ്രകുമാർ ദൊഡാവത്ത്, എ.ഡി.സി ഡോ. അരുൾ ആർ.ബി. കൃഷ്ണ, ശാന്തി, ആർ.കെ. മധു, സുമ, എസ്.ഡി. പ്രിൻസ് തുടങ്ങിയവർ പങ്കെടുത്തു.
കോടതിവിധികൾ നടപ്പാക്കേണ്ടത്
സർക്കാരിന്റെ ബാദ്ധ്യത
സുപ്രീം കോടതി ഉത്തരവുകൾ നടപ്പാക്കാൻ സർക്കാരുകൾക്ക് ബാദ്ധ്യതയുണ്ടെന്നും അതിൽ പരാതിയുള്ള വ്യക്തികൾക്കോ രാഷ്ട്രീയ കക്ഷികൾക്കോ കോടതിയെ സമീപിക്കാനാവുമെന്നും ശബരിമല ഉത്തരവിനെ പരാമർശിച്ച് പി.സദാശിവം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇങ്ങനെ നിരവധി ഉത്തരവുകൾ പുതുക്കിയിട്ടുണ്ട്. ജുഡിഷ്യൽ സംവിധാനത്തിന്റെ സ്വതന്ത്റ സ്വഭാവത്തിന് ഇന്ന് എന്തെങ്കിലും തടസമുള്ളതായി കരുതുന്നില്ല. ആരും ജുഡിഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നുമില്ല. സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ ജോലി വിഭജനം ഓരോരുത്തരുടെയും വൈദഗ്‌ദ്ധ്യം വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് നിർവഹിക്കുന്നത്. പുറത്തുള്ളവർക്ക് ഇതേക്കുറിച്ച് കൃത്യമായ ധാരണ ഇല്ലാത്തതാണ് പ്രശ്നം. ജഡ്‌ജിമാർക്ക് ചീഫ്ജസ്റ്റിസിനെ കണ്ട് ചർച്ച നടത്താനുമാവും. ജഡ്‌ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം ചർച്ച ചെയ്യുന്ന പേരുകൾ മാദ്ധ്യമങ്ങൾ വാർത്തയാക്കുന്നത് നല്ല പ്രവണതയല്ല. തനിക്ക് രാജ്യസഭാ സീറ്റ് ലഭിക്കുമെന്നതിനെക്കുറിച്ച് ഒരു സൂചന പോലുമില്ലെന്നും ആർക്കും അപേക്ഷ നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.