money

തിരുവനന്തപുരം: സർക്കാർ കരാറുകാരുടെ കുടിശിക നൽകുന്നതിന് ട്രഷറികളിലുള്ള നിയന്ത്രണത്തിൽ ഇളവ് വരുത്തി സർക്

കാർ ഇന്നലെ ഉത്തരവിറക്കി.

ഒാണത്തിന് മുമ്പ് കുടിശ്ശിക കൊടുത്തുതീർക്കുമെന്ന ധനമന്ത്രിയുടെ ഉറപ്പ് പാലിക്കണമെന്നാവശ്യപ്പെട്ട് ഗവ.കരാറുകാരുടെ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്നലെ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തിയതിന് തൊട്ടുപിന്നാലെയാണിത്. നിലവിൽ പത്ത് ലക്ഷത്തിന് മേലുള്ള ബില്ലുകൾ മാറുന്നതിന് നിയന്ത്രണമുണ്ട്.

സർക്കാർ കരാറുകാർക്ക് 1500 കോടിയും തദ്ദേശ സ്ഥാപനങ്ങളിലെ കരാറുകാർക്ക് 254 കോടിയുമാണ് കുടിശിക നൽകാനുള്ളത്. തദ്ദേശ സ്ഥാപനങ്ങളിലെ ബില്ലുകൾ മാറുന്നതിന് നേരത്തെ നിയന്ത്രണമില്ലായിരുന്നു. സാമ്പത്തിക പ്രതിസന്ധി കടുത്തതോടെയാണ് നിയന്ത്രണം ബാധകമാക്കിയത്. ഇതോടെ തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതി നിർവ്വഹണം പ്രതിസന്ധിയിലായിരുന്നു. സംസ്ഥാനത്തെ എട്ട് ജില്ലകളിൽ മഴക്കെടുതി വൻ നാശനഷ്ടമുണ്ടാക്കിയ സാഹചര്യത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതും പദ്ധതി നിർവഹണം വേഗത്തിലേക്കേണ്ടതും അനിവാര്യമാണ്.

കരാറുകാരുടെയും അക്രഡിറ്റഡ് ഏജൻസികളുടെയും സപ്ളയർമാരുടെയും ബില്ലുകൾ പാസാക്കുന്നതിനുള്ള നിയന്ത്രണം പിൻവലിച്ചതായും ഇതുമായി ബന്ധപ്പെട്ട ബില്ലുകൾ പാസാക്കണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.