2

വിഴിഞ്ഞം: വെങ്ങാനൂർ മുടിപ്പുരനട ഗവ.എൽ.പി.എസിൽ 'റിഥം 103" എന്ന പേരിൽ റേഡിയോ ക്ലബിന് തുടക്കം. സ്കൂളിന് 103 വയസായതിന്റെ ഓർമ്മയ്ക്കായാണ് ക്ലബിന് റിഥം 103 എന്ന പേര് നൽകിയത്. റേഡിയോ ക്ലബിന്റെ ഉദ്ഘാടനം മാദ്ധ്യമപ്രവർത്തകൻ ബി.എൽ. അരുൺ നിർവഹിച്ചു.

റേഡിയോ ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് പിന്നിലെ മുഴുവൻ ചുമതലയും കുട്ടികൾക്ക് തന്നെയാണ്.

സ്കൂളിലെ മൂന്ന് കുട്ടികളെ റേഡിയോ ജോക്കികളായി തിരഞ്ഞെടുത്തിട്ടുണ്ട്. 'കേൾക്കൂ ആസ്വദിക്കൂ മനം നിറയ്ക്കൂ" എന്ന ആപ്തവാക്യത്തോടെയാണ് റേഡിയോയുടെ പ്രവർത്തനാരംഭം. പിന്നെ കേൾക്കുന്നത് മനോഹരമായ ഒരു ഉണർത്തുപാട്ടാണ്. പാട്ടു പാടാം കൂട്ടുകൂടാം എന്ന ഈ ഗാനം പാടിയിരിക്കുന്നതും സ്കൂളിലെ കുട്ടികൾ തന്നെയാണ്. ബി.എൽ. അരുൺ രചന നിർവഹിച്ച ഗാനത്തിന് സ്കൂളിലെ മദർ പി.ടി.എ അംഗം ഇന്ദു മേലാറ്റൂരാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

എല്ലാ ദിവസവും ഇടവേള സമയത്താണ് റേഡിയോയുടെ പ്രവർത്തനം. കൊച്ചു കൊച്ചു കഥകളും ഗാനങ്ങളുമെല്ലാം ഇതുവഴി കേട്ടാസ്വദിക്കാം. അവതരണത്തിനും റേഡിയോ പ്രവർത്തനത്തിനുമെല്ലാം ഇവർക്ക് പരിശീലനം നൽകിയിട്ടുണ്ട്. സ്കൂൾ എച്ച്.എം രാജേശ്വരിയുടെ നേതൃത്വത്തിൽ അദ്ധ്യാപികമാരായ സുലേഖ, ജലജ, രശ്മി എന്നിവർക്കാണ് മേൽനോട്ടച്ചുമതല. സമ്മേളനത്തിൽ എസ്.എം.സി ചെയർമാൻ പ്രവീൺ, തിരുവനന്തപുരം ഡി.പി. ഒ ശ്രീകുമാർ, ബി.ആർ.സി ട്രെയിനർ നന്ദകുമാർ, സ്കൂൾ വികസന സമിതി ചെയർമാൻ രാമകൃഷ്ണൻ നായർ, സീനിയർ അസിസ്റ്റന്റ് സോനാ ജോളി എന്നിവർ പങ്കെടുത്തു.