തിരുവനന്തപുരം:ചരിത്രനിമിഷത്തിലേക്ക് ഇനി ഒരു ചുവട് മാത്രം, ഒരുദിവസം കൂടി കഴിഞ്ഞാൽ ചന്ദ്രന്റെ മണ്ണിൽ ഇന്ത്യയുടെ വിക്രം ലാൻഡറിന്റെ പാദസ്‌പർശം. ലാൻഡറിൽ നിന്ന് ഇറങ്ങുന്ന റോവർ ചന്ദ്രന്റെ മണ്ണിലൂടെ ഉരുണ്ടു നീങ്ങും. റോവറിന്റെ ചക്രത്തിൽ നിന്ന് ദേശീയ ചിഹ്നമായ അശോക ചക്രം ചന്ദ്രന്റെ മണ്ണിൽ ഇന്ത്യൻ മുദ്രയായി പതിയും.
രണ്ടുദിവസം മുമ്പ് ചന്ദ്രയാൻ -2 ദൗത്യത്തിന്റെ പ്രധാനപേടകമായ ഓർബിറ്ററിൽ നിന്ന്
വേർപെട്ട ലാൻഡർ ഇന്നലെ രണ്ടാമത്തെ ഭ്രമണപഥം താഴ്‌ത്തലും വിജയകരമായി പൂർത്തിയാക്കി. പുലർച്ചെ 3.42ന് ഒൻപത് സെക്കൻഡ് ലാൻഡറിലെ ഇന്ധനം ജ്വലിപ്പിച്ച് ഭ്രമണപഥം താഴ്‌ത്തി 104 കിലോമീറ്ററിൽ നിന്ന് 35കിലോമീറ്റർ ചന്ദനോട് അടുത്തെത്തി. നിലവിൽ 35 x101 കിലോമീറ്റർ ഭ്രമണപഥത്തിലാണ് ലാൻഡർ. ഭ്രമണപഥം താഴ്ത്തൽ പ്രക്രിയ കഴിഞ്ഞെങ്കിലും ശനിയാഴ്ച പുലർച്ചെ നിലത്തിറങ്ങുന്നത് വരെയുള്ള സമയം ലാൻഡറിന് നിർണായകമാണ്. ഇറങ്ങാനുള്ള സ്ഥലം കണ്ടെത്താനുള്ള പരിശോധനയാണ് ഇനി നടത്തുക. ചന്ദ്രനോട് അടുത്തുവരുന്ന സമയത്തെല്ലാം ഇറങ്ങേണ്ട സ്ഥലം സ്‌കാൻ ചെയ്ത് റിപ്പോർട്ട് ബംഗളുരുവിൽ ബയലാലുവിലുള്ള മിഷൻ കൺട്രോൾ കേന്ദ്രത്തിലേക്ക് അയയ്‌ക്കും. ദക്ഷിണ ധ്രുവത്തിലെ മാൻഡിനസ്, സിംപ്ളിയൻസ് ഗർത്തങ്ങളുടെ നടുവിലെ സ്ഥലത്ത് ലാൻഡർ ഇറക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. അവിടത്തെ കാലാവസ്ഥയും മറ്റ് സാഹചര്യങ്ങളുമാണ് പരിശോധിക്കുക. അവിടെ ഇറങ്ങാനായില്ലെങ്കിൽ അതിനോട് ചേർന്ന് തെക്കുപടിഞ്ഞാറ് ദിശയിലുള്ള സ്ഥലത്ത് ഇറങ്ങാനുള്ള സാദ്ധ്യതയും പരിശോധിക്കും. ലാൻഡർ നിലത്തിറങ്ങുന്ന കാൽമണിക്കൂർ ഏറെ നിർണായകമായിരിക്കും.
ഒാർബിറ്റർ പേടകം ഇപ്പോൾ ചന്ദ്രന്റെ 96 കിലോമീറ്റർ മേലെ ചുറ്റിക്കൊണ്ടിരിക്കുകയാണ്. ലാൻഡർ ചന്ദ്രനിൽ ഇറങ്ങിയതിന് ശേഷമായിരിക്കും ഒാർബിറ്ററിലെ ഉപകരണങ്ങൾ പ്രവർത്തിച്ചു തുടങ്ങുക. ലാൻഡർ ഭൂമിയുമായി ബന്ധപ്പെടുന്നത് ഓർബിറ്റർ വഴിയായിരിക്കും.