തിരുവനന്തപുരം: സെക്രട്ടേറിയറ്ര് നടയിൽ ദീർഘനാളായി സത്യാഗ്രഹസമരം നടത്തുന്ന ശ്രീജിത്തിന്റെ സഹോദരൻ ശ്രീജീവിന്റേത് കസ്റ്റഡി മരണമല്ലെന്നും ആത്മഹത്യ തന്നെയെന്നും സി.ബി.എെ കണ്ടെത്തൽ. പൊലീസിനെതിരെ തെളിവില്ലാത്തതിനാൽ അന്വേഷണം അവസാനിപ്പിക്കുന്നതായും സി.ബി.എെ സംഘം കോടതിയിൽ ഫയൽ ചെയ്ത റിപ്പോർട്ടിൽ വ്യക്തമാക്കി. ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് റിപ്പോർട്ട് ഫയൽ ചെയ്തത്.
ശ്രീജീവിന് നീതി എന്ന ആവശ്യവുമായാണ് വർഷങ്ങളായി ശ്രീജിത്ത് സെക്രട്ടേറിയറ്ര് പടിക്കൽ സമരം നടത്തുന്നത്. സമൂഹമാദ്ധ്യമങ്ങൾ വിഷയം ഏറ്രെടുത്തതോടെ ഉണ്ടായ കടുത്ത ജനരോക്ഷത്തെത്തുടർന്നാണ് സർക്കാർ സി.ബി.എെ അന്വേഷണത്തിന് വഴങ്ങിയത്. ഹെെക്കോടതി നിർദ്ദേശ പ്രകാരമായിരുന്നു സി.ബി.എെ അന്വേഷണം.
2014 മേയ് 21 നാണ് ശ്രീജീവ് മരിച്ചത്. പാറശാല പൊലീസിന്റെ കസ്റ്റഡിയിൽ ഇരിക്കെയായിരുന്നു മരണം. വിഷം ഉള്ളിൽ ചെന്നാണ് മരണം സംഭവിച്ചതെന്നാണ് ശ്രീജീവിന്റെ പോസ്റ്റ്മാർട്ടം റിപ്പോർട്ട്. പാറശാലയിലെ മൊബെെൽ കടയിൽ നിന്ന് ഒന്നര വർഷത്തിനുമുൻപ് മൊബെെൽ മോഷ്ടിച്ചു എന്ന കുറ്റത്തിനാണ് മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് ശ്രീജീവിനെ പൊലീസ് പിടികൂടിയത്. സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ചില യുവതികൾ പരാതി നൽകിയിരുന്നതായും പൊലീസ് ആരോപിച്ചിരുന്നു.
കസ്റ്രഡിയിൽ ആയിരുന്ന ശ്രീജീവ് അടിവസ്ത്രത്തിൽ ഒളിപ്പിച്ചുവച്ചിരുന്ന വിഷം കഴിച്ച് മരിച്ചു എന്നായിരുന്നു പൊലീസ് ഭാഷ്യം. ഇത് ശരിവയ്ക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ സി.ബി.എെ സംഘവും കോടതിയിൽ നൽകിയിട്ടുളളത്.