#ഇന്ത്യ എ - ദക്ഷിണാഫ്രിക്ക എ നാലാം ഏകദിനം മഴകാരണം തടസപ്പെട്ടു.
# ഇന്ത്യയുടെ ചേസിംഗ് ഇന്ന് തുടരും, ജയിക്കാൻ ഇനി വേണ്ടപ്പ് 17.2 ഓവറിൽ 137 റൺസ്
തിരുവനന്തപുരം : കാര്യവട്ടം സ്പോർട്സ് ഹബിൽ ഇന്നലെ ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും കളിക്കാർ തമ്മിലായിരുന്നില്ല പൊരിഞ്ഞ മത്സരം, മഴയും ഗ്രൗണ്ട് സ്മാൻമാരും തമ്മിലായിരുന്നു. ഇരു കൂട്ടരും വിട്ടുകൊടുക്കാതെ പൊരുതിയപ്പോൾ ഇന്ത്യ - ദക്ഷിണാഫ്രിക്ക എ ടീമുകൾ തമ്മിലുള്ള നാലാം ഏകദിനം പൂർത്തിയാക്കാനായില്ല, ഒരു ദിനം കൂടി കളി തുടരാൻ തീരുമാനിച്ച് ഇന്നലെ കളിക്കാർ മടങ്ങി.
തുടങ്ങാൻ വൈകിയതുകാരണം 43 ഓവർ വീതമായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക എ 22 ഓവറിൽ 108/1 എന്ന നിലനിലായിരുന്നപ്പോഴാണ് മഴ ആദ്യം വീണത്. തുടർന്ന് രണ്ടര മണിക്കൂറോളം വൈകിയ കളി പുനരാരംഭിച്ചപ്പോൾ 25 ഓവറായി വീണ്ടും ചുരുക്കി. ദക്ഷിണാഫ്രിക്ക 25 ഓവറിൽ 137/1 എന്ന സ്കോറിൽ ഇന്നിംഗ്സ് അവസാനിച്ചപ്പോൾ ഡക്ക് വർത്ത് ലൂയിസ് നിയമ പ്രകാരം ഇന്ത്യയുടെ ലക്ഷ്യം 193 റൺസായി നിശ്ചയിച്ചു. ഇത് ചേസ് ചെയ്ത് തുടങ്ങിയ ഇന്ത്യ എ 7.4 ഓവറിൽ 56/1 എന്ന സ്കോറിലെത്തിയപ്പോഴേക്കും അതി ശക്തമായി മഴ തിരിച്ചുവന്നു. തുടർന്ന് കളി പുനരാരംഭിക്കാൻ കഴിയാതെ വന്നതോടെ റിസർവ് ഡേ ആയ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇന്നലെ നിറുത്തിയ സ്കോറിൽ ഇന്ത്യ എ ഇന്ന് ബാറ്റിംഗ് തുടരും. ഇനി ജയിക്കാൻ 17.2 ഓവറിൽ 137 റൺസ് കൂടിയാണ് ഇന്ത്യ എയ്ക്ക് വേണ്ടത്.
അർദ്ധ സെഞ്ച്വറിയുമായി റീസ ഹെൻട്രിക്ക്സ്
ഓപ്പണർ റീസ ഹെൻട്രിക്ക്സിന്റെ അർദ്ധ സെഞ്ച്വറിയാണ് (60) ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിന് കരുത്ത് പകർന്നത്. കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി റീസയും ബ്രീസ്കെയും (25) ചേർന്നാണ് ഇന്നലെ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഓപ്പണിംഗിനെത്തിയത്. ആദ്യ ഓവറുകളിൽ റൺസ് നേടുന്നതിലുപരി പിടിച്ചു നിൽക്കാനാണ് ഇരുവരും ശ്രമിച്ചത്. ഹെൻട്രിക്സ് ഇടയ്ക്ക് ബൗണ്ടറികൾ പായിച്ച് സ്കോർ ബോർഡ് നിർജീവമാകാതെ നോക്കി. രണ്ട് സിക്സുകൾ പായിച്ച ബ്രീസ്കെ പത്താം ഓവറിലാണ് പുറത്തായത്. രാഹുൽ ചഹറിനെ ഉയർത്തിയടിക്കാൻ ശ്രമിച്ച ബ്രീസ്കെയെ ദേശ്പാണ്ഡെ ബൗണ്ടറി ലൈനിനരികിൽ ക്യാച്ചെടുക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കൻ നായകൻ ടെംപബൗമയും (28) ഹെൻറിക്സും ചേർന്ന് പോരാട്ടം തുടർന്നു. മഴമൂലം കളി തടസപ്പെട്ടശേഷം പുനരാരംഭിച്ചപ്പോൾ ബൗമ പരിക്ക് അറിയിച്ച് വമ്പനടിക്കാരനായ ഹെൻറിച്ച് ക്ളാസനെ ബാറ്റിംഗിനയച്ചു. ക്ളാസൻ 12 പന്തിൽ മൂന്ന് സിക്സടക്കം 21 റൺസിലെത്തിയപ്പോഴൊണ് 25 ഓവർ പൂർത്തിയായത്.
ശിക്കാറിനിറങ്ങി ധവാൻ
ലോകകപ്പിൽ പരിക്കേറ്റ് മടങ്ങിയശേഷം വിൻഡീസ് പര്യടനത്തിൽ കളിച്ചെങ്കിലും മികവ് കാട്ടാൻ കഴിയാതിരുന്ന ശിഖർ ധവാനെ ഫോം വീണ്ടെടുക്കാനാണ് ഇന്ത്യ എ ടീമിൽ ഉൾപ്പെടുത്തിയത്. ശുഭ്മാൻ ഗില്ലിനൊപ്പം (12) ഓപ്പണിംഗിനെത്തിയ ധവാൻ തന്റെ ലക്ഷ്യത്തിലേക്ക് ഉറച്ച ചുവടുകളോടെ നീങ്ങുന്നതിനിടെയാണ് മഴ വീണത്. രണ്ടാം ഓവറിൽ തന്നെ ഇന്ത്യയ്ക്ക് ഗില്ലിനെ (12) നഷ്ടമായിരുന്നു. നോർദേയുടെ പന്തിൽ യാൻസനായിരുന്നു ക്യാച്ച്. തുടർന്ന് പ്രശാന്ത് ചോപ്ര 16 പന്തുകളിൽ ആറു റൺസുമായി തട്ടിമുട്ടി നിൽക്കവേ ധവാൻ 21 പന്തുകളിൽ ആറ് ഫോറുകളുമായി തകർത്താടി. ഇന്ന് രാവിലെ ധവാനും ചോപ്രയും ബാറ്റിംഗ് പുനരാരംഭിക്കാനെത്തും.
വിശ്രമമറിയാതെ ഗ്രൗണ്ട്സ്മാൻമാർ
ആദ്യ ഏകദിനം മുതൽ വിടാതെ പിന്തുടരുന്ന മഴ ഇന്നലെയും രാവിലെ വലിയ ശല്യമുണ്ടാക്കിയില്ല. എന്നാൽ ഔട്ട് ഫീൽഡിലെ നനവ് മാറട്ടെയെന്ന് അമ്പയർമാർ വിധിച്ചത് കാരണം ടോസ് പതിവുപോലെ വൈകി. 10.05 നാണ് മത്സരം തുടങ്ങാൻ തീരുമാനിച്ചത്. ടോസ് കിട്ടിയ ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു.
മഴക്കാർ കണ്ടുതുടങ്ങുമ്പോഴും ടാർപ്പായകളുമായി ക്യൂറേറ്റർ ബിജുവിന്റെ നേതൃത്വത്തിൽ ഗ്രൗണ്ട്സ്മാൻമാർ തയ്യറായിത്തുടങ്ങും. പെയ്തു തുടങ്ങുമ്പോഴേപിച്ച് രണ്ട് പാളി ടാർപ്പായകൾ കൊണ്ട് കവർ ചെയ്തു. ഒന്നര മണിക്കൂറോളം ഗ്രൗണ്ട്സ്മാൻമാർ കഠിന പരിശ്രമം നടത്തിയശേഷമാണ് രണ്ടരയോടെ കളി തുടങ്ങാനായത്.
സഞ്ജുവിന്റെ കളികാണാൻ ചാരുവും
ഇന്നലെ ഇന്ത്യൻ എ ടീമിന്റെ വിക്കറ്റ് കീപ്പറായി കളിച്ച സഞ്ജു സാംസണിന്റെ ഭാര്യ ചാരുലത കളികാണാൻ വി.ഐ.പി ബോക്സിലുണ്ടായിരുന്നു. കേരള ക്രിക്കറ്റർ റെയ്ഫി വിൻസന്റ് ഗോമസിന്റെ ഭാര്യ, ചലച്ചിത്രതാരം സംയുക്താ മേനോൻ തുടങ്ങിയവരും ബോക്സിലുണ്ടായിരുന്നു.