മലയിൻകീഴ്: വിളപ്പിൽശാല ശാസ്താംപാറ ഗ്രാമീണ വിനോദ കേന്ദ്രത്തിൽ അഡ്വഞ്ചർ ടൂറിസം അക്കാഡമി സ്ഥാപിക്കാനുള്ള പ്രാഥമിക നടപടികൾ ടൂറിസം വകുപ്പ് ആരംഭിച്ചു. കേരളത്തിന്റെ ടൂറിസം മേഖലയിൽ പുത്തൻ ചുവടുവയ്പ്പാകുമിത്. വിളപ്പിൽ പഞ്ചായത്തിലുൾപ്പെട്ട 13 ഏക്കറിലാണ് ശാസ്താംപാറ സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ആദ്യ അഡ്വഞ്ചർ ടൂറിസം അക്കാഡമിയാകും ശാസ്താംപാറയിലേത്. ശാസ്താംപാറ വിനോദ കേന്ദ്രത്തെപ്പറ്റി വിശദമായ റിപ്പോർട്ട് നൽകുന്നതിന് നിയമസഭാ യുവജനക്ഷേമ ഉപസമിതി ചെയർമാൻ ടി.വി. രാജേഷ് എം.എൽ.എ, ഐ.ബി. സതിഷ്.എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ റവന്യു ടൂറിസം തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ശാസ്താംപാറ സന്ദർശിച്ചു. രാജ്യത്തിനകത്തും പുറത്തും വിശദമായ പഠനങ്ങൾ നടത്തി അന്തർദേശീയ നിലവാരത്തിലുള്ള മികവുറ്റ അഡ്വഞ്ചർ ടൂറിസം അക്കാഡമി രൂപീകരിക്കുമെന്ന് ടി.വി. രാജേഷ് എം.എൽ.എ പറഞ്ഞു. 9 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി ഡി.പി.ആർ തയാറാക്കും. ശാസ്താംപാറയ്ക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന കടമ്പൂപാറയിലും സാദ്ധ്യതാ പഠനം നടത്തണമെന്ന് ഐ.ബി. സതീഷ് എം.എൽ.എ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ ശാസ്താംപാറയിൽ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനായി ഒരു കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ശാസ്താംപാറ സന്ദർശനത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ എം.എൽ.എ മാരായ ടി.വി. രാജേഷ്, ഐ.ബി. സതീഷ്, ആർ. രാജേഷ്, അഡ്വഞ്ചർ ടൂറിസം അക്കാഡമി സി.ഇ.ഒ.മനേഷ് ഭാസ്ക്കർ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ.ശ കുന്തളകുമാരി, വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ, വിളപ്പിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. അനിൽകുമാർ, എ. അസീസ്, ജനപ്രതിനിധികൾ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.