സി.പി.എമ്മിന്റെ ഒരു സീറ്റ് ബി.ജെ.പി പിടിച്ചെടുത്തു
തിരുവനന്തപുരം : സംസ്ഥാനത്തെ 10 ജില്ലകളിലെ 27 തദ്ദേശസ്വയം ഭരണ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മേൽക്കൈ. 15 സീറ്റിൽ യു .ഡി.എഫും 11 സീറ്റിൽ എൽ .ഡി.എഫും വിജയിച്ചു. സി.പി.എമ്മിൽ നിന്ന് ഒരു സീറ്റ് ബി.ജെ.പി പിടിച്ചെടുത്തു . കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 11 ഉം എൽ.ഡി.എഫിന് 12 ഉം സീറ്റുകളാണ് ഉണ്ടായിരുന്നത്. ബി.ജെ.പി ക്ക് സീറ്റ് ഉണ്ടായിരുന്നില്ല.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ മണമ്പൂർ വാർഡിൽ സി.പി.എം സീറ്റ് നിലനിറുത്തി . പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ കണിയാപുരം , ചെങ്കൽ ഗ്രാമപഞ്ചായത്തിലെ മര്യാപുരം വാർഡുകൾ കോൺഗ്രസ് നിലനിറുത്തി. അമ്പൂരി ഗ്രാമപഞ്ചായത്തിലെ തുടിയംകോണം സിപി.ഐ യിൽ നിന്നും പാങ്ങോട് ഗ്രാമപഞ്ചായത്തിലെ അടപ്പുപാറ ,കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ നിലമാമൂട് എന്നീ വാർഡുകൾ സി.പി.എമ്മിൽ നിന്നും കോൺഗ്രസ് പിടിച്ചെടുത്തു , കാരോട് ഗ്രാമ പഞ്ചായത്തിലെ കാന്തള്ളൂർ സി.പി.എമ്മിൽ നിന്ന് ബി.ജെ.പി . പിടിച്ചെടുത്തു പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ മണലകം സി.പി.എം നേടി.
മറ്റ് ജില്ലാ വാർഡുകളിലെ വിജയികൾ : കൊല്ലം ജില്ലയിൽ കുണ്ടറ ഗ്രാമ പഞ്ചായത്തിലെ റോഡ് കടവ് വാർഡ് - ആർ.എസ് .പി , കുളക്കടയിലെ മലപ്പാറ സി.പി.എം . പത്തനംതിട്ട ജില്ലയിൽ നാറാണം മൂഴി ഗ്രാമ പഞ്ചായത്തിലെ കക്കുടുമൺ വാർഡ് -കോൺഗ്രസ് . ഇടുക്കി ജില്ലയിൽ അടിമാലി ബ്ലോക്ക് പഞ്ചായത്തിലെ കൊന്നത്തടി - കോൺഗ്രസ് .
എറണാകുളം ജില്ലയിൽ കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ ഉണിച്ചിറ- കോൺഗ്രസ് , മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ പെരുമ്പിള്ളി - കോൺഗ്രസ് , തൃശൂർ ജില്ലയിൽ കുഴൂർ കോൺഗ്രസ് ,
പാലക്കാട് ജില്ലയിൽ ഷൊർണൂർ മുനിസിപ്പാലിറ്റിയിലെ ഷൊർണൂർ ടൗൺ-കോൺഗ്രസ് , പാലക്കാട് മുനിസിപ്പാലിറ്റിയിലെ നരികുത്തി- ഐ.യു.എം.എൽ . പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ മുന്നൂർക്കോട് നോർത്ത്- സി.പി.എം , തെങ്കരയിലെ മണലടി സി.പി.എം , പല്ലശ്ശനയിലെ മഠത്തിൽക്കളം - സി.പി.എം , നെല്ലിയാമ്പതിയിലെ പുലയമ്പാറ - സി.പി.എം . മലപ്പുറം ജില്ലയിൽ മങ്കട ഗ്രാമപഞ്ചായത്തിലെ കോഴിക്കോട്ടുപറമ്പ് - സി.പി ഐ , നന്നംമുക്കിലെ പെരുമ്പാൾ - കോൺഗ്രസ് .കോഴിക്കോട് ജില്ലയിൽ മേലടി ബ്ലോക്ക് പഞ്ചായത്തിലെ തിക്കോടി - സി.പി.എം , കുന്ദമംഗലത്തിലെ പൂവാട്ടുപറമ്പ് - കോൺഗ്രസ് , കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ പടിയക്കണ്ടി - സി.പി.എം , കാസർകോട് ജില്ലയിൽ ബേഡഡുക്ക ഗ്രാമ പഞ്ചായത്തിലെ കാരക്കാട് - സി.പി.എം .