india-football

ഗോഹട്ടി : ലോകകപ്പിൽ കളിക്കുകയെന്നത് അതിമോഹമാണെന്ന് കളിയാക്കുന്നവരുണ്ടാകും. എങ്കിലും ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിനിറങ്ങുമ്പോൾ ക്രൊയേഷ്യക്കാരൻ ഇഗോർ സ്റ്റിമാച്ച് പരിശീലിപ്പിക്കുന്ന ഇന്ത്യൻ ടീം പ്രതീക്ഷകൾ കൈവിടുന്നില്ല. ഇന്ന് യോഗ്യതാ റൗണ്ടിന്റെ ഇ ഗ്രൂപ്പിലെ ആദ്യ മത്സരത്തിന് കരുത്തരായ ഒമാനെ നേരിടാനിറങ്ങുമ്പോൾ സുനിൽ ഛെത്രിയും സംഘവും പ്രത്യാശയിലാണ്. ഗോഹട്ടി ഇന്ദിരാഗാന്ധി സ്റ്റേഡിയമെന്ന സ്വന്തം ഗ്രൗണ്ടിന്റെ ആനുകൂല്യത്തോടെ സന്ദർശകരെ സമനിലയിലെങ്കിലും തളയ്ക്കാം എന്നാണ് ഇന്ത്യൻ ടീമിന്റെ വിശ്വാസം.

ഈ വർഷാദ്യം സ്ഥാനമൊഴിഞ്ഞ സ്റ്റീവൻ കോൺസ്റ്റന്റൈന് പകരം ഇന്ത്യൻ പരിശീലകനായെത്തിയ ക്രൊയേഷ്യക്കാരൻ ഇഗോൾ സ്റ്റിമാച്ചിന്റെ മാറ്റുരയ്ക്കൽ കൂടിയാണ് ലോകകപ്പ് യോഗ്യതാ റൗണ്ട്. ഇതുവരെ അഞ്ചു മത്സരങ്ങൾ ഇന്ത്യ സ്റ്റിമാച്ചിന് കീഴിൽ കളിച്ചുകഴിഞ്ഞു. ഇതിൽ ജയിക്കാനായത് ഒരെണ്ണത്തിൽ മാത്രം. മൂന്നെണ്ണത്തിൽ തോറ്റു. ഒരു സമനില. ഫലങ്ങൾ ഇങ്ങനെയാണെങ്കിലും പരിശീലകനെന്ന നിലയിൽ ഇഗോറിനെ ആരും കുറച്ചു കാണുന്നില്ല. തന്റെ തന്ത്രങ്ങൾക്ക് അനുസൃതമായി കളിക്കാരെ തിരഞ്ഞെടുക്കാനും പരീക്ഷിക്കാനുമുള്ള അവസരങ്ങളായിരുന്നു ഇഗോറിന് ഇതുവരെയുള്ള മത്സരങ്ങൾ. മധുവിധു കഴിഞ്ഞ് ജീവിത യാഥാർത്ഥ്യത്തിലേക്ക് കടക്കുകയാണ് ഇനിയുള്ള മത്സരങ്ങളിലൂടെ ഇന്ത്യയുടെ പരിശീലകൻ. ക്രൊയേഷ്യയ്ക്ക് വേണ്ടി 1998 ലോകകപ്പ് കളിച്ചിട്ടുള്ള പരിചയം ഇഗോറിനുണ്ട്.

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇ ഗ്രൂപ്പിൽ ഇന്ത്യയ്ക്കും ഒമാനും ഒപ്പമുള്ളത് ലോകകപ്പിന്റെ ആതിഥേയരായ ഖത്തർ, അഫ്ഗാനിസ്ഥാൻ, ബംഗ്ളാദേശ് എന്നിവരാണ്. ഇതിൽ ഖത്തറും ഒമാനും റാങ്കിംഗിൽ ഇന്ത്യയേക്കാൾ മുന്നിലാണ്. ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് എങ്കിലും എത്തിയാലേ ഇന്ത്യയ്ക്ക് മൂന്നാം റൗണ്ടിലേക്ക് കടക്കാനാകൂ.

ഈ വർഷമാദ്യമാണ് ഇന്ത്യൻ ടീം അവസാനമായി ഒമാനെ നേരിട്ടത്. സൗഹൃദ മത്സരത്തിൽ ഇരു ടീമുകളും ഗോൾ രഹിത സമനിലയിൽ പിരിയുകയായിരുന്നു. അതിനുശേഷം പുതിയ പരിശീലകരുമായാണ് ഇരു ടീമുകളുമെത്തിയിരിക്കുന്നത്.

സാദ്ധ്യത ഇലവനുകൾ

ഇന്ത്യ

ഗൂർപ്രീത് സന്ധു (ഗോൾ കീപ്പർ), രാഹുൽ ഭെക്കെ, സന്ദേശ് ജിംഗാൻ, അനസ് എടത്തൊടിക, ആദിൽ ഖാൻ, ഉദാന്ത സിംഗ്, സഹൽ അബ്ദുൽ സമദ്, അനിരുദ്ധ് താപ്പ, ലാലിയൻ സുവാല, ചാംഗ്തെ, ആഷിഖ് കുരുണിയൻ, സുനിൽ ഛെത്രി.

ഒമാൻ : ഫയിസ് അൽ റുഷൈദി (ഗോൾകീപ്പർ), സാദ് അൽ മുഖൈനി, മുസലാമി, അൽ ബലൂഷി, അലി അൽ ബുസൈതി, അഹമ്മദ് മുബാറക്ക്, ഇബ്രട്ടഹിം സലേ, യാസീൻ അൽ ഷെയദി, ജമീൽ അൽ യഹ്‌മദി, മതാസ് സാലാഹ്, ഗസീനി

4-2-1

ഇന്ത്യയും ഒമാനും തമ്മിൽ ഇതുവരെ നടന്ന ഏഴ് മത്സരങ്ങളിൽ നാലിലും ജയിച്ചത് ഒമാൻ. ഇന്ത്യയ്ക്ക് ഒരേ ഒരു ജയം. രണ്ട് മത്സരം സമനിലയിൽ.

4-4-2

എന്ന ഫോർമേഷനിലാവും ഇന്ത്യ കളിക്കാനിറങ്ങുക. ഛെത്രിയും ആഷിഖുമാകും സ്ട്രൈക്കർമാർ. ഒമാൻ 4-2-3-1 എന്ന ഫോർമേഷനാകും പരീക്ഷിക്കുക.

മലയാളി മയം

മൂന്ന് മലയാളികൾ ഇന്ന് ഇന്ത്യയുടെ ആദ്യ ഇലവനിൽ കളിച്ചേക്കും. പരിചയ സമ്പന്നരായ അനസ് എടത്തൊടിക വിരമിക്കൽ പിൻവലിച്ചാണ് ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയിരിക്കുന്നത്. സഹൽ അബ്ദുൽ സമദ് മദ്ധ്യനിരയിലും ആഷിഖ് മുന്നേറ്റത്തിലും മലയാളി സാന്നിദ്ധ്യമാകും.