ന്യൂയോർക്ക് : 20 ഗ്രാൻസ്ളാം കിരീടങ്ങളുടെ പരിചയ സമ്പത്തുള്ള റോജർ ഫെഡററുടെ കുതിപ്പിന് അപ്രതീക്ഷിത വിരാമമിട്ട് 78-ാം സീഡ് ബൾഗേറിയൻ താരം ഗ്രിഗോർ ഡിമിത്രോവ്. മൂന്നാം സീഡായ ഫെഡററെ അഞ്ചു സെറ്റ് പോരാട്ടത്തിൽ അട്ടിമറിച്ച ഡിമിത്രോവ് കഴിഞ്ഞ 28 വർഷത്തിനിടെ യു.എസ്. ഓപ്പണിന്റെ സെമി ഫൈനലിലെത്തുന്ന ഏറ്റവും റാങ്കിംഗ് കുറഞ്ഞ താരവുമായി.
ഇതിന് മുമ്പ് ഏഴ് തവണ ഫെഡററെ നേരിടാനിറങ്ങിയപ്പോഴും തോൽവിമാത്രം അനുഭവിച്ചിരുന്ന ഡിമിത്രോവ് ഇന്നലെ അത്ഭുതം സൃഷ്ടിച്ചത് 3-6, 6-4, 3-6, 6-4, 6-2 എന്ന സ്കോറിനാണ്. മൂന്നേകാൽ മുണിക്കൂറോളം നീണ്ട മത്സരത്തിന്റെ അവസാന ഘട്ടത്തിൽ പരിക്ക് അലട്ടിയതോടെ നിരവധി പിഴവുകൾ വരുത്തിയാണ് ഫെഡറർ കീഴടങ്ങിയത്.
യു.എസ്. ഓപ്പണിൽ ഡിമിത്രോവ് സെമി ഫൈനലിൽ എത്തുന്നത് ഇതാദ്യമായാണ്. 2014ൽ വിംബിൾഡണിന്റെയും 2017 ൽ ആസ്ട്രേലിയൻ ഓപ്പണിന്റെയും സെമിയിൽ കളിച്ചിട്ടുണ്ട്.
1991ൽ 174-ാം റാങ്കിലായിരുന്ന ജിമ്മി കോർണേഴ്സ് സെമിയിലെത്തിയശേഷം റാങ്കിംഗിൽ ഇത്രയും പിന്നിലുള്ള ആരും യു.എസ് ഓപ്പണിന്റെ സെമി കണ്ടിട്ടില്ല.
സെമി ഫൈനലിൽ റഷ്യൻ താരം ഡാനിൽ മെദ്‌വദേവിനെയാണ് ഡിമിത്രോവ് നേരിടുക. ഫെഡററുടെ നാട്ടുകാരനും കൂട്ടുകാരനുമായ സ്വിസ് താരം സ്റ്റാൻസിലാസ് വാവ്‌റിങ്കയെ ക്വാർട്ടറിൽ കീഴടക്കിയാണ് മെദ്‌വദേവ് സെമിയിലെത്തിയത്. സ്കോർ 7-6, 6-3, 3-6, 6-1.
വനിതാ വിഭാഗത്തിൽ മുൻ ചാമ്പ്യൻ സെറീന വില്യംസും അഞ്ചാം സീഡ് എലിന സ്വിറ്റോളിനയും സെമിയിലെത്തി. ക്വാർട്ടർ ഫൈനലിൽ സെറീന 18-ാം സീഡ് ചൈനസ് താരം ക്വിയാംഗ് വാംഗിനെ 6-1, 6-1 ത്തിനും സ്വിറ്റോളിനെ 16-ാം സീഡ് യോഹന്ന കോണ്ടയെ 6-4, 6-4 ും കീഴടക്കി.
100
യു.എസ് ഓപ്പണിൽ സെറീനയുടെ 100-ാം വിജയമായിരുന്നു ക്വിയാംഗ് വാംഗിനെതിരായ ക്വാർട്ടർ ഫൈനലിലേത്.