ഐ.എസ്.ആർ.ഒ.യുടെ രണ്ടാം ചന്ദ്രയാൻ ദൗത്യപേടകം ലക്ഷ്യത്തിലെത്താൻ ഇനി ഒരു പകൽദൂരം. നാളെ ശനിയാഴ്ച പുലർച്ചെ ഒന്നരയ്ക്ക് ശേഷമാണ് ഇപ്പോൾ നിശ്ചയിച്ച പ്രകാരം വിക്രം ലാൻഡർ ചന്ദ്രന്റെ മാറിലേക്ക് പതുക്കെ താണിറങ്ങുന്നത്. ലാൻഡറിൽ നിന്ന് ഇറങ്ങുന്ന റോവർ ചന്ദ്രന്റെ മണ്ണിലൂടെ ഉരുണ്ടു നീങ്ങും. റോവറിന്റെ ചക്രത്തിൽ നിന്ന് ദേശീയ ചിഹ്നമായ അശോക ചക്രം ചന്ദ്രന്റെ മണ്ണിൽ ഇന്ത്യൻ മുദ്രയായി പതിയും.ആ ചരിത്ര നിമിഷത്തെ വരവേൽക്കാൻ ഇന്ത്യ മുഴുവൻ ഉറങ്ങാതെ കാത്തിരിക്കും. ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും അപ്പോൾ ഇന്ത്യയിലേക്കായിരിക്കും. അന്താരാഷ്ട്ര പ്രശസ്തമായ നിരവധി ബഹിരാകാശസ്ഥാപനങ്ങൾ ശ്രമിച്ച് പരാജയപ്പെട്ട ദൗത്യമാണ് ആദ്യശ്രമത്തിൽ ഇന്ത്യ വിജയിപ്പിക്കാനൊരുങ്ങുന്നത്. ഇതുവരെ കാര്യങ്ങൾ ഭംഗിയായി ഇനി രണ്ടുനാൾ കൂടി ആ വിജയം കൂടെയുണ്ടാകുമെന്നാണ് പ്രതീക്ഷ. ഒന്നാം ചന്ദ്രയാൻ ദൗത്യത്തിന്റെ പതിനൊന്നാം വാർഷികത്തിൽ ഒരു വിജയം കൂടി സമ്മാനിക്കാനുള്ള ശ്രമത്തിലാണ് ഐ.എസ്.ആർ.ഒയും ശാസ്ത്രജ്ഞരും.
ഭൂമിയിൽ ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോൾ ചന്ദ്രനിൽ പതിനാല് ദിനരാത്രങ്ങൾ നീളുന്ന ഒരു പകലിലേക്ക് സൂര്യൻ ഉദിക്കും. ഭൂമിയിലെ പതിനാല് ദിവസമാണ് ചന്ദ്രനിൽ ഒരു പകൽ. രാത്രിയും അതുപോലെ തന്നെ.ദക്ഷിണ ധ്രുവത്തിലെ മാൻഡിനസ്, സിംപ്ളിയൻസ് ഗർത്തങ്ങളുടെ നടുവിലെ സ്ഥലത്ത് ലാൻഡർ ഇറക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. അവിടത്തെ കാലാവസ്ഥയും മറ്റ് സാഹചര്യങ്ങളുമാണ് പരിശോധിക്കുക. അവിടെ ഇറങ്ങാനായില്ലെങ്കിൽ അതിനോട് ചേർന്ന് തെക്കുപടിഞ്ഞാറ് ദിശയിലുള്ള സ്ഥലത്ത് ഇറങ്ങാനുള്ള സാദ്ധ്യതയും പരിശോധിക്കും. ലാൻഡർ നിലത്തിറങ്ങുന്ന കാൽമണിക്കൂർ ഏറെ നിർണായകമായിരിക്കും. ശനിയാഴ്ച ഇറങ്ങാനായില്ലെങ്കിൽ വീണ്ടുമിറങ്ങാൻ ചന്ദ്രനിലെ അടുത്തപകലിനായി ചന്ദ്രയാന് കാത്തിരിക്കേണ്ടിവരും. പകലിറങ്ങാനായാൽ ലാൻഡറിനൊപ്പം പോകുന്ന പ്രജ്ഞാൻ റോവറിന് പകൽ വെളിച്ചത്തിൽ മുഴുവൻ ചന്ദ്രനിൽ ചുറ്റിനടന്ന് കാണാം. റോവറിന്റെ കളിയും ചുറ്റുപാടുകളും ലാൻഡറിനും നല്ല വെളിച്ചത്തിൽ കാണാനാകും.ഇതാണ് ചാന്ദ്രപകലിന്റെ നേട്ടം.
ശാസ്ത്രലോകം മാത്രമല്ല ലോകമെമ്പാടുമുള്ള ജനത മുഴുവൻ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന ചരിത്രനിമിഷത്തിനായി കണ്ണുംനട്ടിരിക്കുകയാണ്.വിക്രം ലാൻഡർ വിജയകരമായി ചന്ദ്രനിലിറങ്ങുന്നതോടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പര്യവേഷണ പേടകമിറക്കുന്ന ആദ്യ രാജ്യമായി ഇന്ത്യമാറും. പേടകം ചന്ദ്രനിൽ ഇറക്കുകയും റോബോട്ടിക് ഉപകരണം ചന്ദ്രോപരിതലത്തിൽ പ്രവർത്തിപ്പിക്കുകയും ചെയ്യുന്നതോടെ ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ ശക്തി ലോകമറിയും.
ചന്ദ്രയാൻ രണ്ടിന്റെ ഓർബിറ്ററും ലാൻഡറും റോവറും ഒത്തുചേർന്നാണ് ഇന്ത്യയുടെ രണ്ടാം ചന്ദ്രഗവേഷണ ദൗത്യം നിറവേറ്റുക. പ്രധാനമായും ദക്ഷിണ ധ്രുവത്തിലെ ചന്ദ്രോപരിതലത്തെ പഠനവിധേയമാക്കുകയാണ് ചന്ദ്രയാൻ 2 ന്റെ ലക്ഷ്യം. ഇവിടെയുണ്ടെന്ന് കരുതപ്പെടുന്ന ധാതുശേഖരവും മഞ്ഞും പ്രജ്ഞാൻ റോവർ പഠനവിധേയമാക്കും.
ഇന്ത്യൻ പേടകം ഇറങ്ങുന്ന ചന്ദ്രന്റെ ദക്ഷിണധ്രുവം ശാസ്ത്രലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാണ്. നാസ ഉൾപ്പടെയുള്ള ബഹിരാകാശ ശക്തികൾ ഈ പ്രദേശം ലക്ഷ്യമിടുന്നുണ്ട്. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഈ പ്രദേശത്ത് മനുഷ്യനെ എത്തിക്കാൻ അമേരിക്കയ്ക്ക് ലക്ഷ്യമുണ്ടെന്ന് മുൻ നാസ ഗവേഷകൻ ഡൊണാൾഡ് എ. തോമസ് അടുത്തിടെ പറഞ്ഞിരുന്നു. ദക്ഷിണ ധ്രുവത്തിലെ ഇന്ത്യയുടെ ശാസ്ത്ര പഠനങ്ങൾ ശ്രദ്ധയോടെ വീക്ഷിക്കുകയാണ് അമേരിക്ക. ചന്ദ്രനിൽ മറ്റ് പലയിടങ്ങളിലും അമേരിക്കയ്ക്ക് ചെന്നെത്താൻ പറ്റിയിട്ടുണ്ട്. മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള പദ്ധതിയും നാസയ്ക്കുണ്ട്. ദക്ഷിണ ധ്രുവത്തിലെ ഇന്ത്യയുടെ കണ്ടെത്തലുകൾ മറ്റ് ലോക രാജ്യങ്ങൾക്ക് വഴികാട്ടിയാകുമെന്നത് തീർച്ചയാണ്.
ഇത് ഇന്ത്യൻ സ്റ്റൈൽ ചാന്ദ്രദൗത്യം
അറുപത് വർഷങ്ങൾക്ക് മുമ്പ് റഷ്യ ചന്ദ്രനിൽ ഒരു പേടകം ഇറക്കി. അൻപത് വർഷങ്ങൾക്ക് മുമ്പ് അമേരിക്കക്കാർ ചന്ദ്രനിലിറങ്ങി അവിടെ നിന്ന് മണ്ണും കല്ലും ഭൂമിയിലെത്തിച്ചു. ഇനി എന്തിനാണ് ഇന്ത്യ പേടകവുമായി ചന്ദ്രനിലേക്ക് പോകുന്നത്, അങ്ങിനെ പോയാൽ തന്നെ അതിലിത്ര ആഘോഷിക്കാനെന്തിരിക്കുന്നുവെന്നും മറ്റും ചിന്തിക്കുന്നവരുണ്ടാകാം. എന്നാൽ ഇന്ത്യയും ഐ.എസ്.ആർ.ഒയും ചന്ദ്രനിലേക്ക് പോകുന്നത് തികച്ചും വ്യത്യസ്തമായ രീതിയിലാണ്. ഇന്ത്യയ്ക്ക് അതൊരുമത്സരമല്ല. ആഗോള തലത്തിൽ ഇന്ത്യ ആരുമായും ബഹിരാകാശശാസ്ത്രരംഗത്ത് മത്സരിക്കുന്നില്ല. എല്ലാവരുമായും സഹകരിക്കാൻ മനസ്സുള്ള രാജ്യമായാണ് ലോകം ഇന്ത്യയെയും ഐ.എസ്.ആർ.ഒയേയും കാണുന്നത്. വളരെചെലവുകുറഞ്ഞ രീതിയിലാണ് ഇന്ത്യ ചാന്ദ്രദൗത്യം ചെയ്യുന്നത്. അത് മറ്റാർക്കും കഴിഞ്ഞിട്ടില്ല. ഒരുപക്ഷെ കഴിയുകയുമില്ല.കേവലം 978കോടിരൂപയാണ് ചന്ദ്രയാൻ 2 ദൗത്യത്തിന്റെ ചെലവ്. ബഹിരാകാശദൗത്യങ്ങളിൽ അമേരിക്കയും ചെെനയുമായും മറ്റും താരതമ്യം ചെയ്താൽ അവരുടെ ചെലവിന്റെ കാൽശതമാനം പോലും വരില്ല ഇൗ തുക. ഹോളിവുഡിലെ സിനിമകൾക്ക് പോലും ആയിരം കോടി ചെലവാകുന്ന കാലമാണിത്. നാലുവർഷങ്ങൾക്ക് മുമ്പിറങ്ങിയ ക്രിസ്റ്റഫർ നോളന്റെ ഇന്റർസ്റ്റെല്ലാർ സിനിമയ്ക്ക് 046 കോടിയാണ് ചെലവ്.
പരീക്ഷിക്കുന്ന റോക്കറ്റുകളെല്ലാം കടലിലേക്ക് കൂപ്പുകുത്തുന്ന ഒരു കാലം ഐ.എസ്.ആർ.ഒ.യ്ക്ക് ഉണ്ടായിരുന്നു. അത് ഒരുതരം തമാശവരെയായി പ്രചരിച്ചു. യുവാക്കൾക്ക് ബഹിരാകാശം ഇഷ്ടമല്ലാതായി മാറിയെന്നതാണ് അതിന്റെയെല്ലാം ഫലം. ചൊവ്വയിലേക്ക് ഇന്ത്യ പര്യവേഷണപേടകമയച്ചപ്പോൾ കാളവണ്ടി ഒാടിച്ചുനടക്കുന്നവന്റെ അഹങ്കാരമെന്നാണ് പാശ്ചാത്യമാധ്യമങ്ങൾ പരിഹസിച്ചത്. റോക്കറ്റ് വിട്ടാൽ കടലിൽ പോയിരുന്ന കാലം മാറി. ഇന്ന് ചന്ദ്രനിലേക്കും ചൊവ്വയിലേക്കും പേടകങ്ങളയക്കുന്ന വൻകിട ഗവേഷണസ്ഥാപനമാണ് ഐ.എസ്.ആർ.ഒ. ലോകമെമ്പാടുമുള്ള സ്വകാര്യ സ്ഥാപനങ്ങൾക്ക് കുറഞ്ഞ ചെലവിൽ ഉപഗ്രഹങ്ങളയക്കാൻ കഴിയുന്ന ഏക സ്ഥാപനവും ഐ.എസ്.ആർ.ഒയാണ്. ലോകത്ത് ഏറ്റവുമധികം വാണിജ്യവിക്ഷേപണങ്ങൾ നടത്തുന്നത് ഇന്ത്യയാണ്. നാളത്തെ ദൗത്യം കൂടി വിജയിക്കുന്നതോടെ റഷ്യയ്ക്കും അമേരിക്കയ്ക്കും ചെെനയ്ക്കും പിന്നിൽ ചന്ദ്രനിൽ പേടകം ഇറക്കുന്ന നാലാമത്തെ ബഹിരാകാശ ശക്തിയായി ഇന്ത്യമാറും.
ഒരു ഹോളിവുഡ് സയൻസ് മൂവി പോലെ സങ്കീർണ്ണം
ഭൂമിയിൽ നിന്ന് 3.84ലക്ഷം കിലോമീറ്റർ ബഹിരാകാശത്തുള്ള സ്ഥലത്ത് ഒരു പേടകം പറത്തുക. അതിലെ ക്യാമറകൾ ചുറ്റുപാടുമുള്ള സ്ഥലങ്ങൾ സ്കാൻ ചെയ്ത് ഭൂമിയിൽ ഇന്ത്യയിലെ ബാംഗ്ളൂർ നഗരത്തിലെ ബയലാലു എന്ന സ്ഥലത്തെ കെട്ടിടത്തിൽ വെച്ചിരിക്കുന്ന സ്ക്രീനിൽ അതെല്ലാം നേരിട്ട് കാണിക്കുക. കാണിച്ച സ്ഥലം നല്ലതല്ലെന്ന് തോന്നിയാൽ ബയലാലുവിലെ ശാസ്ത്രജ്ഞൻ വേറെ സ്ഥലം നോക്കാൻ പറയുന്നു. അത് കേട്ട് അനുസരിച്ച് പേടകത്തിലെ അഞ്ച് കരുത്തൻ എൻജിനുകൾ പ്രവർത്തിപ്പിച്ച് വീണ്ടും ഉയർന്ന് പൊങ്ങി മറ്റൊരു സ്ഥലത്തേക്ക് പോയി അവിടെ വീണ്ടും സ്കാൻ ചെയ്ത് പരിശോധിക്കുന്ന പേടകം. ഒരു ഇംഗ്ളീഷ് സയൻസ് മൂവി പോലെ സങ്കീർണ്ണവും കൗതുകകരവുമായ രീതിയിലാണ് ചന്ദ്രയാൻ 2നെയും ലാൻഡറിനെയും ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞൻ കൈകാര്യം ചെയ്യുന്നത്. ലോകത്ത് ഇതുവരെ ഒരു ബഹിരാകാശപേടകവും തത്സമയ നിയന്ത്രണ സംവിധാനമനുസരിച്ച് പ്രവർത്തിച്ചിട്ടില്ല. എന്നുകൂടി അറിയുമ്പോഴാണ് ഇതിന്റെ സങ്കീർണ്ണത കൂടുതൽ ബോധ്യമാകുക.
ചന്ദ്രന് മുകളിൽ ചുറ്റിനടക്കുന്ന ബഹിരാകാശ പേടകം, അതിൽ നിന്ന് താഴെയിറങ്ങിയ മറ്റൊരു പേടകം.ലാൻഡർ കങ്കാരുവിന്റെ സഞ്ചിയിൽ നിന്ന് കുട്ടി പുറത്തിറങ്ങുന്നത് പോലെ ലാൻഡറിൽ നിന്ന് പുറത്തിറങ്ങുന്ന മറ്റൊരുയന്ത്രം റോവർ. ഇവയെല്ലാം ഭൂമിയിലിരുന്ന് നിയന്ത്രിക്കുന്ന ഒരുകൂട്ടം മനുഷ്യർ. വളരെ രസകരമായ കഥലപോലെയാണ് ഐ.എസ്.ആർ.ഒ. ചന്ദ്രയാൻ 2 ദൗത്യം തിരക്കഥയെഴുതി സംവിധാനം ചെയ്തത്.
ഗ്രഹാന്തരദൗത്യം ഇതിന് മുമ്പ് ഐ.എസ്.ആർ.ഒ. വിജയകരമായി ചെയ്തിട്ടുണ്ട്. മംഗൾയാനിൽ ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് മറ്റൊരു ഗ്രഹത്തിന്റെ ഭ്രമണപഥം മാറ്റുന്ന പരിപാടി നടത്തിയിട്ടുണ്ട്. പമ്പരം ചുറ്റി ചുറ്റി വലുതാക്കി വലിച്ചെറിയുന്നത് പോലെ കുറച്ച് ഉൗർജ്ജം മാത്രം ചെലവാക്കി പതുക്കെ പതുക്കെ ഭ്രമണപഥം വലുതാക്കി മറ്റൊരു ഗ്രഹത്തിന്റെ ഭ്രമണപഥത്തിലേക്ക് കുറിക്ക് കൊള്ളിക്കുന്ന ബഹിരാകാശ ജാലവിദ്യ. അതിനും മേലെയാണ് ഇപ്പോഴത്തെ ചന്ദ്രയാൻ 2.ഭൂമിയുൾപ്പെടെയുള്ള ഗ്രഹങ്ങളുടെ ആകർഷണവലയം ഭേദിക്കാൻ കരുത്തൻ എൻജിനും അതിനാവശ്യമായ ഇന്ധനങ്ങളും ഉണ്ടാക്കി അമേരിക്കയും മറ്റും കഷ്ടപ്പെടുമ്പോൾ ഗ്രഹങ്ങളുടെ ആകർഷണവലയം തന്നെ അംഗീകരിച്ച് അതുപയോഗിച്ച് ഗ്രഹങ്ങളിൽ നിന്ന് ഗ്രഹങ്ങളിലേക്ക് യാത്ര ചെയ്യുന്ന അത്ഭുതവിദ്യയാണ് ഇന്ത്യ ലോകത്തിന് കാട്ടികൊടുത്തത്. മസിൽ പവറും മണി പവറുമല്ല ബ്രെയിൻ പവറാണ് യഥാർത്ഥ പവറെന്ന് പറയാതെ പ്രാവർത്തികമാക്കി തെളിയിക്കുകയാണ് ഐ.എസ്.ആർ.ഒ.
മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ചാണ് ബഹിരാകാശദൗത്യങ്ങൾ പ്രവർത്തിക്കുന്നത്. ഗ്രഹാന്തരദൗത്യം ഇതിന് മുമ്പ് ചെയ്തിട്ടുണ്ടെങ്കിലും റിയൽ ടൈം നിയന്ത്രണവും ബഹിരാകാശത്തുവെച്ചുള്ള പേടകങ്ങളുടെ വഴിപിരിയലും ഇതാദ്യം. ഒാർബിറ്ററിൽ നിന്ന് ലാൻഡറും ലാൻഡറിൽ നിന്ന് റോവറും വഴിപിരിക്കുന്ന വിദ്യ ഇതാദ്യമായാണ് ചെയ്യുന്നത്.എത്തുന്ന സ്ഥലം സ്കാൻ ചെയ്ത് ചിത്രവും കാലാവസ്ഥയും കൈമാറിയിട്ട് അതനുസരിച്ച് പുതിയ നിർദ്ദേശങ്ങൾ നൽകുന്ന റിയൽടൈം കൺട്രോൾ സംവിധാനവും ഇതാദ്യം.
ലാൻഡർ കരുത്തനാണ്
വിക്രം സാരാഭായിയുടെ പേരിട്ട് വിളിക്കുന്ന വിക്രം ലാൻഡർ ചന്ദ്രയാൻ 2ലെ നിർണ്ണായക പേടകമാണ്. ഒാർബിറ്ററിൽ നിന്ന് പുറത്തിറങ്ങി സ്വയം സഞ്ചരിക്കാൻ ശേഷിയുള്ള ലാൻഡർ കരുത്തിൽ ഒാർബിറ്ററിനും മേലെയാണ്. 440 ന്യൂട്ടണാണ് ഒാർബിറ്ററിന്റെ ശേഷിയെങ്കിൽ ലാൻഡറിന് 800 ന്യൂട്ടൺ ശേഷിയുണ്ട്. ചന്ദ്രനിൽ ഇറങ്ങാനും പുറത്തിറങ്ങി നടക്കുന്ന റോവറിനെ നിയന്ത്രിക്കാനും വേണ്ടിവന്നാൽ ഭൂമിയിലേക്ക് നേരിട്ട് ബന്ധപ്പെടാനും ലാൻഡറിനാകും. അതിനാവശ്യമായ അഞ്ച് കരുത്തൻ എൻജിനുകളാണ് ലാൻഡറിലുള്ളത്. 1471 കിലോഗ്രാം ഭാരമുള്ള ലാൻഡർ ചന്ദ്രന്റെ ഉപരിതലത്തിൽ നാലുകാലിൽ ഉറച്ചുനിൽക്കും.സൂര്യപ്രകാശത്തിൽ നിന്ന് വൈദ്യുതിയുണ്ടാക്കി പ്രവർത്തിക്കും. കമ്പ്യൂട്ടർ സംവിധാനവും ശക്തമായ ഡീപ് സ്പെയ്സ് നെറ്റ് വർക്കിൽ പ്രവർത്തിക്കാനുള്ള സൗകര്യങ്ങളുമുണ്ട്. പ്രതലം പഠിക്കാനും സ്കാൻ ചെയ്യാനും കഴിയും. ഇതിനെല്ലാം പുറമെ ചന്ദ്രന്റെ ഉപരിതലത്തിൽ അടുത്തുപോകാനും പറ്റിയ സ്ഥലത്തേക്ക് മാറ്റികൊണ്ട് പോകാനും എല്ലാം അതിനാകും. വേഗത കൂട്ടാനും കുറയ്ക്കാനും കഴിയും ഭാവിയിൽ മനുഷ്യദൗത്യവുമായി പോകുമ്പോൾ സഹായകരമാകുന്ന സാങ്കേതിക തികവോട് കൂടിയതാണ് ലാൻഡർ.
"റോവർ ദ സ്മാർട്ട് ബോയ് "
ആറു വീലുള്ള ബുദ്ധിയുള്ള യന്ത്രമാണ് റോവർ. വെറും 27 കിലോഗ്രാം മാത്രം ഭാരമുള്ള ലാൻഡറിലിരുന്നാണ് ഭൂമിയിൽ നിന്ന് ചന്ദ്രനിലെത്തിയത്. ലാൻഡർ നിലത്തിറങ്ങിയാൽ നാലുമണിക്കൂറോളം കാത്തിരുന്ന് സ്ഥിതിയെല്ലാം മനസിലാക്കിയ ശേഷമാണ് റോവർ പുറത്തിറങ്ങുക.ചന്ദ്രനിൽ പതിനാല് ദിവസം ഒാടിനടക്കാൻ ലക്ഷ്യമിട്ടാണിത് തയ്യാറാക്കിയത്. നേരിട്ട് ഭൂമിയുമായി ബന്ധമില്ല. ലാൻഡർ വഴിയും ഒാർബിറ്റർ വഴിയുമാണ് ബന്ധം. എന്നിരുന്നാലും ചന്ദ്രപ്രതലത്തിലെ സ്വഭാവ സവിശേഷതകൾ മനസിലാക്കാൻ റോവർ സഹായിക്കും.ഏറെ കരുതലോടെയാണിത് തയ്യാറാക്കിയത്. പിഴവുകൾ സംഭവിക്കാതിരിക്കാൻ ചന്ദ്രനിലേതിന് സമാനമായ മണ്ണ് നിർമ്മിച്ച് അതുപയോഗിച്ച് തയ്യാറാക്കിയ കൃത്രിമ ചന്ദ്രപ്രതലത്തിൽ നിരവധി ദിവസങ്ങൾ റോവർ നടന്ന് പരിശീലനം നടത്തി.കർണാടകത്തിലെ തുംകൂരിനടുത്താണ് ഇൗ കൃത്രിമ ചന്ദ്രപ്രതലം തയ്യാറാക്കിയത്.
ചന്ദ്രനിൽ 70 പേടകങ്ങൾ
ഇതുവരെ മനുഷ്യൻ നിർമ്മിച്ച 70 പേടകങ്ങളാണ് ചന്ദ്രനിലുള്ളത്. അമേരിക്ക, റഷ്യ, ജപ്പാൻ, ചെെന, യൂറോപ്യൻയൂണിയൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുടെ പേടകങ്ങളാണിത്. 1959 സെപ്തംബർ14ന് റഷ്യയുടെ ലൂണ 2 ആണ് ഇതിലെ ആദ്യത്തേത്. അമേരിക്കക്കാരനായ നീൽ ആംസ്ട്രോംഗ് 1969 ജൂലായ് 20ന് ചന്ദ്രനിലിറങ്ങി. 2008 ഒക്ടോബർ 22നാണ് ഇന്ത്യ ആദ്യമായി ചന്ദ്രനിലേക്ക് പേടകം അയച്ചത്.ചന്ദ്രനിൽ പേടകമിറക്കാൻ 38 തവണ വിവിധ രാജ്യങ്ങൾ ഇതുവരെ ശ്രമിച്ചിട്ടുണ്ട്. അതിൽ 21 എണ്ണം മാത്രമാണ് വിജയിച്ചിട്ടുള്ളത്.
നിർണായക ദിവസങ്ങൾ
2019 ജൂലായ് 22. ശ്രീഹരിക്കോട്ടയിൽ നിന്ന് ജി.എസ്.എൽ.വി.മാർക്ക് 3 റോക്കറ്റുപയോഗിച്ച് ചന്ദ്രയാൻ 2 വിക്ഷേപണം
2019 ആഗസ്റ്റ് 14. ഭൂമി വിട്ട് ചന്ദ്രപഥം ലക്ഷ്യമാക്കി ചന്ദ്രയാൻ 2 മുന്നോട്ട് നീങ്ങാൻ തുടങ്ങി
2019 ആഗസ്റ്റ് 20 ചാന്ദ്രഭ്രമണത്തിലെത്തി ചന്ദ്രയാൻ ഭ്രമണം തുടങ്ങി
2019 സെപ്തംബർ 2. ചന്ദ്രയാൻ 2 പേടകത്തിൽ നിന്ന് ലാൻഡർ വേർപിരിഞ്ഞ് സ്വതന്ത്രമായി നീങ്ങാൻ തുടങ്ങി
2019 സെപ്തംബർ 7. ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങും.