അടൂർ : അമ്പലപ്പുഴ പാൽപ്പായസം എന്ന ലേബലിൽ പായസം വിൽക്കുന്ന തോംസൺ ബേക്കറി ശൃംഖലയ്ക്കെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിയമനടപടിക്കൊരുങ്ങുന്നു.തിരുവല്ല കടപ്ര ജോളി ഫുഡ് പ്രോഡക്ട്സ് ആണ് തങ്ങളുടെ ഉടമസ്ഥതയിലുള്ള തോംസൺ ബേക്കറികളിൽ അമ്പലപ്പുഴ പാൽപ്പായസമെന്ന പേരിൽ പായസം വിൽക്കുന്നത്. പരാതിയെത്തുടർന്ന് ഹരിപ്പാട് ഡെപ്യൂട്ടി ദേവസ്വം കമ്മിഷണറുടെ നിർദ്ദേശപ്രകാരം അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉദ്യോഗസ്ഥർ ബേക്കറിയിലെത്തി അമ്പലപ്പുഴ പാൽപ്പായസം ആവശ്യപ്പെട്ടു. 500 മില്ലിലിറ്ററിന് 175 രൂപ വില ഈടാക്കി ബേക്കറി ജീവനക്കാർ പായസം നൽകുകയും ചെയ്തു.
തുടർന്ന് ദേവസ്വം വിജിലൻസും പരിശോധന നടത്തിയിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള അമ്പലപ്പുഴ ക്ഷേത്രത്തിൽ തയ്യാറാക്കി ക്ഷേത്രത്തിലെ കൗണ്ടറിലൂടെ മാത്രം വിതരണം ചെയ്യുന്നതാണ് ചരിത്രപ്രസിദ്ധമായ അമ്പലപ്പുഴപാൽപ്പായസം. ഭക്തരെ തെറ്റിദ്ധരിപ്പിച്ച് ബേക്കറിയിലൂടെ പായസം വിൽക്കുന്ന ബേക്കറി ഉടമയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഹരിപ്പാട് ഡെപ്യൂട്ടി ദേവസ്വം കമ്മിഷണറെ ചുമതലപ്പെടുത്തിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ അറിയിച്ചു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കും അമ്പലപ്പുഴ പൊലീസിലും പരാതി നൽകിയിട്ടുണ്ട്. അമ്പലപ്പുഴ പാൽപ്പായസം ബേക്കറിയിൽ വിൽപ്പന നടക്കുന്നത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.