കാഞ്ഞങ്ങാട്: സബ് കളക്ടർ അരുൺ കെ. വിജയ് അടക്കമുള്ള റവന്യൂ സംഘത്തെ ആക്രമിച്ച മണൽ മാഫിയ സംഘത്തിനെതിരായ നടപടികൾ ദുർബലമെന്ന് ആക്ഷേപം. പൊലീസ് സ്റ്റേഷനിൽ നിന്നുതന്നെ ഇവർ ജാമ്യത്തിൽ ഇറങ്ങിയതോടെയാണ് ഇത്തരമൊരു ആക്ഷേപം. പുതുക്കൈയിലെ അഭിറാം (25), അഭിജിത് ( 28) എന്നിവർക്കാണ് കേസിൽ ജാമ്യം ലഭിച്ചത്.
ഇതിൽ ഒരാൾ കാസർകോട് എസ്.ഐയുടെ മകനും മറ്റേയാൾ റിട്ട. എസ്.ഐയുടെ മകനുമാണ്. പൊലീസ് ഓഫീസർമാരുടെ മക്കളായതിനാലാണ് പ്രതികൾക്ക് സ്റ്റേഷനിൽ മുന്തിയ പരിഗണന നൽകിയതെന്ന ആക്ഷേപവും ഉയർന്നു. സംഭവം നടന്ന് 17 മണിക്കൂറിന് ശേഷം ഇന്നലെ വൈകിട്ടാണ് കേസ് രജിസ്റ്റർ ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ രണ്ട് പ്രതികളെ ജാമ്യത്തിൽ വിടുകയായിരുന്നു. മണൽ കടത്ത് വ്യാപകമാകുന്നുവെന്ന ആക്ഷേപത്തെ തുടർന്ന് രാത്രി റെയ്ഡിന് ഇറങ്ങിയ സബ് കളക്ടറുടെ നേതൃത്വത്തിലുള്ള റവന്യു ഉദ്യോഗസ്ഥരുടെ സംഘത്തെ കാഞ്ഞങ്ങാട് ഇട്ടമ്മൽ ഇഖ്ബാൽ ജംഗ്ഷൻ റോഡിൽ വെച്ചാണ് പിന്തുടർന്നെത്തിയ മണൽ മാഫിയ സംഘം കാർ കുറുകെയിട്ട് തടയുകയും ആക്രമിക്കുകയും ചെയ്തത്.
സബ് കളക്ടറെ ആക്രമിക്കുകയും ഗൺമാൻ നിധിൻ സാരംഗിന്റെ കൈ പിടിച്ചു തിരിക്കുകയും ചെയ്ത സംഘം ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവറുടെ മുഖത്ത് കാർക്കിച്ചു തുപ്പുകയും ചെയ്തു. ഇതിനിടയിൽ വാഹനത്തിൽ ഉണ്ടായിരുന്ന കാഞ്ഞങ്ങാട് വില്ലേജ് ഓഫീസർ ടി.വി സജീവൻ, സൗത്ത് വില്ലേജ് ഓഫീസർ അബ്ദുൽ സലാം, ക്ലർക്ക് രാഹുൽ എന്നിവർ പുറത്തിറങ്ങി അഭിജിത്തിനെ പിടികൂടുകയായിരുന്നു. ഈ സമയം മറ്റുള്ളവർ കാറെടുത്തു രക്ഷപ്പെട്ടു. വൈകിട്ട് സ്റ്റേഷനിൽ അഭിജിത്തിനെ ഇറക്കാൻ വന്നപ്പോൾ ആണ് അഭിരാമും പിടിയിലായത്. എന്നാൽ വില്ലേജ് ഓഫീസർ മൊഴി നൽകിയിട്ടും സബ് കളക്ടർ തന്നെ എത്തി മൊഴി തരാതെ കേസെടുക്കാൻ കഴിയില്ലെന്ന വാശിയിൽ നിന്നിരുന്ന ഹൊസ്ദുർഗ് പൊലീസ് അദ്ദേഹം എത്തി മൊഴി നൽകിയ ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും പറയുന്നു. കേസ് എടുക്കാതിരിക്കാൻ ഇന്നലെ മുഴുവൻ കടുത്ത സമ്മർദ്ദമാണ് ഹൊസ്ദുർഗ് പൊലീസിന്റെ മേൽ ഉണ്ടായതെന്ന ആരോപണവുമുണ്ട്.