തിരുവനന്തപുരം: കേന്ദ്ര മന്ത്രിമാരുടെ പഴ്സണൽ സ്റ്റാഫംഗങ്ങളായി നിയമനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പത്ത് യുവാക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത റിപ്പബ്ളിക്കൻ പാർട്ടി നേതാവ് രാജീവ് അശോക് ഇരകളെ വലയിലാക്കിയത് ആകർഷകമായ 'ഓഫറു'കളിലൂടെ! സൗജന്യതാമസം, ഭക്ഷണം, ആകർഷകമായ ശമ്പളം എന്നിവയ്ക്ക് പുറമേ പ്രതിമാസം ലക്ഷങ്ങൾ നേടാമെന്ന വാഗ്ദാനമാണ് ഇയാൾ മുന്നോട്ടുവച്ചത്. ഇതിൽ വീണുപോയ തൊഴിൽ രഹിതരായ യുവാക്കൾ ഒടുവിൽ കണ്ണീരിലും കടത്തിലുംപെട്ടു.
തട്ടിപ്പിന് ഇരയായ അഭിലാഷിന്റെ പരാതി പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് രാജീവ് അശോകിന്റെ കളികൾ പുറത്തായത്. അഭിലാഷിനെ ഉൾപ്പെടെ ജോലി വാഗ്ദാനം ചെയ്ത് രാജീവ് വലയിൽ വീഴ്ത്തുകയായിരുന്നു. റിപ്പബ്ളിക്കൻ പാർട്ടിയുടെ കേരളത്തിലെ നേതാവായി അറിയപ്പെടുന്ന തിരുവനന്തപുരത്തെ ബാലരാമപുരം സ്വദേശിയാണ് രാജീവ് അശോക്.
വർഷങ്ങൾക്ക് മുമ്പ് തലസ്ഥാനത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു എറണാകുളം സ്വദേശി അഭിലാഷ്. അപ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ജോലി മതിയാക്കിയ അഭിലാഷ് ഇക്കഴിഞ്ഞ ജൂൺ ആദ്യവാരം തന്റെ ഉടമസ്ഥതയിലുള്ള ടെമ്പോ ട്രാവലറിന്റെയും മറ്റ് വാഹനങ്ങളുടെയും ഫോട്ടോകൾ ഫേസ് ബുക്കിൽ അപ്‌ലോഡ് ചെയ്തു. അഭിലാഷിന്റെ ഫേസ് ബുക്ക് പേജിൽ വാഹനങ്ങൾ ലൈക്ക് ചെയ്ത രാജീവ് ഫോൺനമ്പർ മെസേജ് ചെയ്ത് തരാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് അഭിലാഷ് മെസേജ് ചെയ്ത ഫോൺ നമ്പരിൽ വിളിച്ച രാജീവ് താനിപ്പോൾ കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ പി.ആർ.ഒയാണെന്നും ഡൽഹിയിൽ വിവിധ മന്ത്രിമാരുടെ ഓഫീസുകളിൽ പഴ്സണൽ സ്റ്റാഫംഗങ്ങളുടെ തസ്തികകളിൽ ഒഴിവുള്ളതായും അറിയിച്ചു. ഘടകകക്ഷി മന്ത്രിമാരുടെ ഓഫീസുകളിലെ ഒഴിവുകളായതിനാൽ ഇവയെല്ലാം 'പേയ്മെന്റ് സീറ്റാ'ണെന്നും പറഞ്ഞു.
കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെയും സഹ മന്ത്രിയുടെയും ഓഫീസുകളിൽ പഴ്സണൽ സ്റ്റാഫ് അംഗമാകുന്നതിന് അഞ്ചുലക്ഷം രൂപയാണ് രാജീവ് ആവശ്യപ്പെട്ടത്. പണം നൽകിയാൽ ഉടൻ ജോലി തരപ്പെടുമെന്ന രാജീവിന്റെ വാക്കുകൾ വിശ്വസിച്ച അഭിലാഷ് തന്റെ പേരിലുണ്ടായിരുന്ന ട്രാവലറുൾപ്പെടെയുള്ള വാഹനങ്ങൾ വിൽക്കാൻ തീരുമാനിച്ചു. അടുത്തദിവസം വിമാന മാർഗം ഡൽഹിക്ക് തിരിച്ചു. അവിടെയെത്തിയ അഭിലാഷിനെ രാജീവ് അശോക് നേരിട്ടെത്തിയാണ് സ്വീകരിച്ചത്.
കേരളത്തിലെ പാർട്ടി നേതാവായതിനാൽ യാതൊരു സുരക്ഷാ പരിശോധനയുമില്ലാതെ രാജീവിന്റെ കാർ മന്ത്രിമന്ദിരത്തിന്റെ ഗേറ്റുകൾ കടന്നുപോകുന്നതും സുരക്ഷാ ഉദ്യോഗസ്ഥരെത്തി കാറിന്റെ വാതിൽ തുറന്ന് സ്വീകരിക്കുന്നതുമെല്ലാം അഭിലാഷ് നേരിൽകണ്ടു. മന്ത്രിയുടെ വീട്ടിലും ഓഫീസിലുമെത്തിച്ച അഭിലാഷിനെ രാജീവ് മന്ത്രിക്ക് പരിചയപ്പെടുത്തി. എന്നാൽ, മന്ത്രിയോട് ഇയാൾ എന്ത് പറഞ്ഞുവെന്ന് വ്യക്തമല്ല. ഒപ്പം നിന്ന് ഫോട്ടോകളുമെടുത്തു. ജീവനക്കാർക്ക് പഴ്സണൽ സ്റ്റാഫിലേക്ക് പുതുതായി നിയമിക്കപ്പെട്ടയാളെന്ന നിലയിൽ പരിചയപ്പെടുത്തി. പിന്നീട് ഡൽഹിയിലെ ഒരു ആഡംബര ഹോട്ടലിൽ താമസിപ്പിച്ചു. അടുത്തദിവസം രാവിലെ സാമൂഹ്യനീതി മന്ത്രിയുടെ ഔദ്യാഗിക ഇ- മെയിൽ വിലാസമെന്ന് ധരിപ്പിച്ച് അതിലൂടെ അഭിലാഷിനെ പഴ്സണൽ സ്റ്റാഫായി സെലക്ട് ചെയ്തതായി അറിയിച്ചു. സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ പരിശോധനയ്ക്കായി എത്തിക്കണമെന്നും സന്ദേശം നൽകി.
അഭിലാഷിന്റെ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഏറ്റുവാങ്ങിയ രാജീവ് അശോക് നിയമനം റെഡിയായ സാഹചര്യത്തിൽ മന്ത്രി ഒഴികെ ഓഫീസിലുള്ളവർക്കായി അഞ്ചുലക്ഷം രൂപ ഉടൻ നൽകണമെന്ന് അറിയിച്ചു. ജോലി ശരിയായ സന്തോഷത്തിൽ നാട്ടിലേക്ക് തിരിച്ച അഭിലാഷ് തന്റെ വാഹനങ്ങൾ വിറ്റുപെറുക്കി പണം രാജീവിന്റെ പേരിലുളള ബാലരാമപുരത്തെ കേരള ഗ്രാമീണ ബാങ്കിന്റെ ശാഖയിലെ അക്കൗണ്ടിലേക്ക് കൈമാറി.
അഭിലാഷ് കെണിയിൽ വീണതായി ബോദ്ധ്യപ്പെട്ട രാജീവ്, മറ്റ് മന്ത്രിമാരുടെ ഓഫീസുകളിലും ഒഴിവുകളുള്ളതായും പണം നൽകിയാൽ ആർക്കുവേണമെങ്കിലും ജോലി നൽകാമെന്നും പറഞ്ഞു. ഡൽഹിയിൽ മന്ത്രി മന്ദിരങ്ങളിലും ഓഫീസുകളിലും രാജീവ് അശോകന് സ്വാധീനം ഉണ്ടെന്ന ബോധ്യത്തിൽ അഭിലാഷ് തന്റെ ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളായ ചിലരെയും രാജീവിന് പരിചയപ്പെടുത്തി.
കൂടുതൽ പേർ ജോലി തേടി വന്നതോടെ തസ്തിക തിരിച്ച് നിരക്ക് നിശ്ചയിച്ച രാജീവ് ലേലം വിളി തുടങ്ങി. ധനകാര്യമന്ത്രിയുടെ ഓഫീസുൾപ്പെടെ അരഡസനോളം കേന്ദ്രമന്ത്രിമാരുടെ ഓഫീസുകളിൽ അസിസ്റ്റന്റ്, പ്യൂൺ, അറ്റൻഡർ, ക്ളാർക്ക്, ടെലിഫോൺ ഓപ്പറേറ്റർ തുടങ്ങിയ തസ്തികകളിൽ ഒഴിവുണ്ടെന്ന് ധരിപ്പിച്ച് ഒരു ലക്ഷംമുതൽ അഞ്ച് ലക്ഷം രൂപാവരെ ആവശ്യപ്പെട്ടു. ജോലി ഉറപ്പാണെന്ന രാജീവിന്റെ വാക്കുവിശ്വസിച്ച ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ട പണം ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ടും കൈമാറി. പറഞ്ഞ തീയതികളൊക്കെ കഴിഞ്ഞിട്ടും ജോലി ലഭിക്കാതായ ഇവർ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ഇക്കഴിഞ്ഞ ജൂലായ് 2ന് ശേഷം തട്ടിപ്പിനിരയായവരുടെ ഫോൺ രാജീവ് അറ്റൻഡ് ചെയ്യാതായപ്പോഴാണ് ഇവർ പരാതിയുമായി എറണാകുളത്തെ തേവര പൊലീസിലും പ്രധാനമന്ത്രിയുടെ പരാതി പരിഹാര സെല്ലിലും പരാതിയുമായി എത്തിയത്.