കളമശേരി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ അമൃതരംഗനും സ്ഥലത്തെ സി.പി.എം ഏരിയാ സെക്രട്ടറി വി.എം. സക്കീർ ഹുസൈനും തമ്മിൽ നടന്ന ഒരു ഫോൺ സംഭാഷണം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായത് വെറുതേയല്ല. ആഭ്യന്തര വകുപ്പു കൈയാളുന്ന സി.പി.എമ്മിന്റെ ഒരു പ്രാദേശിക നേതാവിനോട് കിട്ടക്കിട്ടെ നിന്നു വർത്തമാനം പറയാൻ പൊലീസിലെ താഴെ തട്ടിലെ ഒരുദ്യോഗസ്ഥൻ 'ധൈര്യം" കാണിച്ചുവെന്നതാണ് ഈ സംഭവത്തെ അസാധാരണമാക്കുന്നത്.
സാധാരണ ഗതിയിൽ അധികമാരും തയ്യാറാകാത്ത ഒരു സാഹസം തന്നെയാണത്. പ്രാദേശിക നേതാവ് ഒന്നു കണ്ണുരുട്ടിയാൽ രായ്ക്കുരാമാനം സ്ഥലം മാറിപ്പോകേണ്ട അരക്ഷിതാവസ്ഥ അനുഭവിക്കേണ്ടി വരുന്നവരിൽ ഏറ്റവും മുന്നിൽ പൊലീസ് ഉദ്യോഗസ്ഥരാണുള്ളത്. ജനാധിപത്യ ഭരണക്രമത്തിൽ രാഷ്ട്രീയക്കാരുടെ നിരന്തരമായ ഇടപെടലുകൾ നേരിടേണ്ടിവരാറുള്ള പൊലീസ് ഉദ്യോഗസ്ഥർ കഴിവതും ആരെയും പിണക്കാതെ തന്ത്രപൂർവം പെരുമാറുന്നതിൽ വൈദഗ്ദ്ധ്യം നേടിയവരാണ്. ഇവർക്കിടയിലും ആക്ഷൻ ഹീറോ ബിജുവിനെപ്പോലുള്ളവർ അപൂർവമായെങ്കിലും ഉണ്ടാകും. സത്യസന്ധതയും നിർഭയത്വവുമാകും അവരുടെ ആകെ കൈമുതൽ. നിയമത്തിനു നിരക്കുന്നതു മാത്രമേ അവർ ചെയ്യുകയുള്ളൂ. മുഖം നോക്കാതെ പ്രശ്നങ്ങളിൽ ഇടപെടുന്നതിനാൽ പലപ്പോഴും ഇരുഭാഗത്തുള്ളവരുടെയും ഭർത്സനവും കുറ്റപ്പെടുത്തലും നേരിടേണ്ടിവരുന്നതും സാധാരണമാണ്. പ്രശ്നങ്ങളിൽ പൊലീസ് മുഖം നോക്കാതെ വേണം ഇടപെടേണ്ടതെന്ന് സർക്കാരും മന്ത്രിമാരും കൂടക്കൂടെ പറയുമെങ്കിലും 'സ്വന്തക്കാരുടെ" കാര്യത്തിൽ ഭിന്ന സമീപനവും സ്വീകരിച്ചെന്നിരിക്കും.
കൊച്ചി യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ വിദ്യാർത്ഥി സംഘർഷവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റിനെ പൊലീസ് വാഹനത്തിൽ കയറ്റിക്കൊണ്ടുപോയ സംഭവമാണ് എസ്.ഐയും പാർട്ടി ഏരിയാ സെക്രട്ടറിയും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ പശ്ചാത്തലം. ഏതു സർക്കാർ അധികാരത്തിൽ വന്നാലും എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ആൾക്കാർക്ക് പല കാര്യങ്ങൾക്കും പൊലീസ് സ്റ്റേഷനുമായി സമ്പർക്കം പുലർത്തേണ്ടിവരും. അതിൽ അസ്വാഭാവികതയോ അരുതാത്തതോ ആയി ഒന്നുമില്ല. എന്നാൽ അധികാരത്തിലുള്ളത് തങ്ങളുടെ പാർട്ടിയുടെ സർക്കാരാണെന്ന ഹുങ്കിൽ പൊലീസിനെ വെറുതെ ഞോടാനും ഭരിക്കാനും ഇറങ്ങിപ്പുറപ്പെടുന്ന പാർട്ടി പ്രവർത്തകർ ഫലത്തിൽ സ്വന്തം സംഘടനയെത്തന്നെ ദ്റോഹിക്കുകയാണു ചെയ്യുന്നത്. സർക്കാർ ഉദ്യോഗസ്ഥർ ജനങ്ങളുടെ സേവകർ എന്നാണു പൊതുവേ പറയാറുള്ളത്. അതുകൊണ്ടാണ് പൊതുജനങ്ങളുമായി ഇടപെടുമ്പോൾ അങ്ങേയറ്റം സഹാനുഭൂതിയോടും മാന്യതയോടും കൂടി വേണം സർക്കാർ ഉദ്യോഗസ്ഥർ പെരുമാറണമെന്ന് ഭരണകൂടം സദാ ഓർമ്മിപ്പിക്കാറുള്ളത്. ഇതേ മാന്യതയും അന്തസും ഉദ്യോഗസ്ഥരും അർഹിക്കുന്നുണ്ടെന്ന വസ്തുത പൊതുജനങ്ങളും മറന്നുകൂടാ.
കളമശേരി സി.പി.എം ഏരിയാ കമ്മിറ്റി സെക്രട്ടറി സ്ഥലം എസ്.ഐയെ വിളിച്ച് കാര്യം അന്വേഷിച്ചത് അദ്ദേഹത്തിന്റെ പ്രവർത്തനത്തിൽപ്പെടുന്ന കാര്യം തന്നെയാണ്. തന്റെ പാർട്ടിയിൽപ്പെട്ട ഒരു യുവ നേതാവിനെ പൊലീസ് പിടിച്ചുകൊണ്ടുപോയാൽ ഇടപെടേണ്ടയാൾ തന്നെയാണ് പാർട്ടി ഏരിയാ സെക്രട്ടറി. എന്നാൽ അങ്ങനെ ഇടപെടുമ്പോൾ സ്വരവ്യത്യാസം വരുത്തുന്നതിനും വാക്കുകളിൽ ഭീഷണിയുടെ ചുവ കലരുന്നതിനും ന്യായീകരണമൊന്നുമില്ല. പൊലീസുകാരിൽത്തന്നെ പലരും ഇത്തരം കയർക്കലുകൾ ഉള്ളിലുള്ള അമർഷം പുറത്തുകാട്ടാതെ കേട്ടുകൊണ്ടിരിക്കും. ഏറ്റുമുട്ടലിനൊന്നും മുതിരുകയില്ല. എന്നാൽ തന്റെ പ്രവൃത്തിയിൽ സത്യത്തിനോ നീതിക്കോ നിയമത്തിനോ നിരക്കാത്ത യാതൊന്നുമില്ലെന്ന് ഉറച്ചു വിശ്വാസമുള്ള ഉദ്യോഗസ്ഥർ ചിലപ്പോൾ മറിച്ചു പ്രതികരിച്ചെന്നിരിക്കും. പ്രത്യാഘാതം അറിഞ്ഞുകൊണ്ടുതന്നെയാകും അത്. നീതിപൂർവം നിയമനിർവഹണം നടത്തുന്ന ഒരുദ്യോഗസ്ഥന്, സർവീസിൽ അയാൾ എത്ര താഴെയാണെങ്കിലും ഔദ്യോഗിക കൃത്യനിർവഹണത്തിൽ ആരെയും അകാരണമായി ഭയക്കേണ്ടതില്ല.
സംസ്ഥാനത്തെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ ഏറെ പഴികേട്ടത് പാർട്ടിക്കാരുടെ പൊലീസ് ഭരണത്തിന്റെ പേരിലാണ്. ആരു ഭരണത്തിൽ വന്നാലും അതാതു പാർട്ടിക്കാർ പൊലീസ് ഭരണത്തിൽ കൈകടത്തുന്നുവെന്ന പരാതികൾ ഉയരാറുണ്ട്. ജനാധിപത്യത്തിൽ ഇത്തരം ആക്ഷേപങ്ങൾ പതിവാണ്. പൊലീസിനെ മര്യാദ പഠിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നവർക്ക് തങ്ങളുടെ പെരുമാറ്റത്തിലും മാന്യത നിലനിറുത്താൻ കഴിയണം. സമൂഹം ഇത്തരം പെരുമാറ്റം കണ്ടുകൊണ്ടിരിക്കുകയാണെന്ന ബോധവും അവർക്കുണ്ടാകണം.
പൊതുജനങ്ങളെക്കൊണ്ട് 'അയ്യേ" എന്നു പറയും വിധത്തിലാകരുത് പാർട്ടി പ്രവർത്തകരുടെ ഇടപെടലുകൾ. കളമശേരിയിലെ രാഷ്ട്രീയം മനസിലാക്കി വേണം അവിടത്തെ പൊലീസ് ഭരണമെന്ന വാക്കുകളിലൂടെ ഏരിയാ സെക്രട്ടറി എന്താണ് അർത്ഥമാക്കുന്നതെന്ന് മലയാളം അറിയാവുന്നവർക്കെല്ലാം മനസിലാകും. അവിടെയാണ് തെറ്റ് കുടികൊള്ളുന്നത്. പക്ഷപാതമില്ലാതെ വേണം പൊലീസ് തങ്ങളുടെ കൃത്യനിർവഹണം നടത്താനെന്ന് ആഭ്യന്തര വകുപ്പു കൈയാളുന്ന മുഖ്യമന്ത്രി കൂടക്കൂടെ ഓർമ്മിപ്പിക്കാറുണ്ട്. അതിനു നേർ വിപരീതമായ വിധത്തിലാണ് പലേടത്തും കാര്യങ്ങൾ. പാർട്ടി അടിസ്ഥാനത്തിൽ സർക്കാർ സേവനങ്ങൾ പങ്കുവയ്ക്കുന്ന സ്ഥിതി ഒരു ഭരണകൂടത്തിനും ഭൂഷണമല്ല. പൊലീസിന്റെ മേൽ മെക്കിട്ടു കയറുന്ന പാർട്ടി പ്രവർത്തകരെ അതിൽ നിന്നു പിന്തിരിപ്പിക്കാൻ പാർട്ടി നേതൃത്വത്തിനു കഴിയണം. സർക്കാർ ഉദ്യോഗസ്ഥർ ഒരു പാർട്ടിയുടെയും സ്വന്തമല്ല. സംസ്ഥാനത്തിനും ജനങ്ങൾക്കും വേണ്ടിയാണ് അവർ നിലകൊള്ളേണ്ടത്. സർക്കാരിനു പേരുദോഷമുണ്ടാക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ ഈയിടെയും മുഖ്യമന്ത്രി തള്ളിപ്പറയുകയുണ്ടായി. അതുപോലെ പാർട്ടിക്കു ചീത്തപ്പേരുണ്ടാക്കുന്ന പാർട്ടി പ്രവർത്തകരെ അവിഹിത ഇടപെടലുകളിൽ നിന്ന് വിലക്കാൻ കൂടി നടപടി ഉണ്ടാകണം.