തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി സർട്ടിഫിക്കറ്റുകൾ ഓൺലൈനിൽ ലഭിക്കാനും ആരോഗ്യ സംബന്ധമായ വിവരങ്ങൾ ശേഖരിച്ച് കൈമാറാനും സഹായിക്കുന്ന രണ്ട് നൂതന സോഫ്ട്‌വെയറുകൾ രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്തു. ഇ - സെർട്ട്, ഹെൽത്ത് കെയർ ഇൻഫർമേഷൻ ട്രാൻസെക്‌ഷൻ എന്നീ സോഫ്ട്‌വെയറുകളാണ് കോളേജിലെ അവസാന വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളായ ബ്ലസൻ പി. കോശി, രാഹുൽരാജ്. എസ്.ആർ, ഗൗതം പമിഡേറ്റ്, അപർണ. ബി എന്നിവർ രൂപം നൽകിയത്. ഇ - സെർട്ട് എന്ന സോഫ്ട്‌വെയർ ഉപയോഗിച്ചാൽ യൂണിവേഴ്‌സിറ്റി സർട്ടിഫിക്കറ്റുകൾ ഓൺലൈൻ വഴി ലഭിക്കും. ഈ സോഫ്ട്‌വെയർ ഉപയോഗിച്ച് കമ്പനികൾക്കും മറ്റ് സ്ഥാപനങ്ങൾക്കും ഉദ്യോഗാർത്ഥികൾ നൽകുന്ന സർട്ടിഫിക്കറ്റുകൾ ഒറിജിനലാണോ എന്ന് ഉറപ്പിക്കാൻ കഴിയും. ഇതിലൂടെ വ്യാജ സർട്ടിഫിക്കറ്റിന്റെ സാദ്ധ്യത പരിശോധിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. ഹെൽത്ത് കെയർ ഇൻഫർമേഷൻ ട്രാൻസെക്‌ഷൻ എന്ന സോഫ്ട്‌വെയറാണ് ആരോഗ്യ സംബന്ധമായ വിവരങ്ങൾ ശേഖരിക്കാനും കൈമാറാനുമായി രൂപം നൽകിയത്. ഡോക്ടർക്ക് രോഗിയെ സംബന്ധിച്ച വിവരങ്ങൾ എളുപ്പത്തിൽ ഗ്രഹിക്കാനും രോഗിയുടെ സ്വകാര്യവും ആരോഗ്യപരവുമായ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനും ഇതുവഴി സാധിക്കും. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ ഭാവിയിൽ ഗവേഷണപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനും സാധിക്കും. അവസാന വർഷ പ്രൊജക്ടിനോടനുബന്ധിച്ചാണ് നൂതനമായ സോഫ്ട്‌വെയറുകൾ വിദ്യാർത്ഥികൾ തയ്യാറാക്കിയത്.