തിരുവനന്തപുരം/കൊച്ചി: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) സാമ്പത്തിക തട്ടിപ്പ് കേസിൽ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ ഉൾപ്പെടെ നാലുപേർക്കെതിരെ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടെ കേസ് പുതിയ വഴിത്തിരിവിലെത്തി. അതേസമയം, താൻ ഒളിവിലല്ലെന്ന് ജാസ്മിൻ ഷാ പറയുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഷായുടെ ഭാഷ്യം. എന്നാൽ, കേസിൽ സത്യം വിജയിക്കുംവരെ പോരാട്ടം തുടരുമെന്ന് സാമ്പത്തിക തട്ടിപ്പിൽ കേസ് നൽകിയ അസോസിയേഷൻ മുൻ വൈസ് പ്രസിഡന്റ് സിബി മുകേഷ് പറഞ്ഞു. ഇരുവരും 'ഫ്ളാഷി'നോട് തങ്ങളുടെ നിലപാടുകൾ തുറന്നുപറയുന്നു:
നടന്നത് വൻ അഴിമതി
മുന്നേമുക്കാൽ കോടി രൂപയുടെ അഴിമതിയാണ് സംഘടനയുടെ പ്രസിഡന്റായ ജാസ്മിൻ ഷാ നടത്തിയതെന്ന് സിബി മുകേഷ് ആരോപിച്ചു. ഇതുസംബന്ധിച്ച പരാതി ഇക്കഴിഞ്ഞ മാർച്ച് 13നാണ് ഞാൻ നൽകുന്നത്. പൊലീസ് പല തവണ തെരഞ്ഞെങ്കിലും അന്വേഷണവുമായി സഹകരിക്കാൻ ജാസ്മിൻ ഷാ തയാറായില്ല. പൊലീസ് ഇപ്പോൾ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച ശേഷം അന്വേഷണവുമായി സഹകരിച്ചിരുന്നുവെന്ന രീതിയിൽ ജാസ്മിൻ ഷാ പ്രതികരിച്ചത് കള്ളമാണ്. 2018 നവംബറിൽ സർക്കാരിന്റെ കേരള നഴ്സിംഗ് കൗൺസിലിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.എൻ.എ സ്ഥാനാർത്ഥികളുടെ ചെലവ് സംഘടന വഹിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഫണ്ടില്ല എന്നായിരുന്നു ജാസ്മിൻ ഷായുടെ പ്രതികരണം. അന്ന് ഫണ്ടുമായി ബന്ധപ്പെട്ട് തുടങ്ങിയ അന്വേഷണമാണ് ഇന്ന് ഇവിടെയെത്തി നിൽക്കുന്നത്.
യു.എൻ.എയുടെ വെബ്സൈറ്റ് ഡവലപ്മെന്റിനായി പന്ത്രണ്ടര ലക്ഷം ചെലവാക്കിയെന്ന് ജാസ്മിൻ ഷാ പറയുന്നു. അങ്ങനെ പന്ത്രണ്ടര ലക്ഷം ചെലവാക്കിയൊരു വെബ്സൈറ്റ് സംഘടനയ്ക്കില്ല. 25 ലക്ഷം രൂപ പ്രളയ സഹായത്തിന് ചെലവാക്കിയെന്നും പറഞ്ഞു. അതും വ്യാജമാണ്. ആശുപത്രി വാങ്ങാൻ 35 ലക്ഷം ചെലവാക്കിയെന്ന് പറഞ്ഞെങ്കിലും ആശുപത്രിയിലെ ഉടമസ്ഥനോട് അന്വേഷിച്ചപ്പോൾ 10 ലക്ഷം രൂപയേ കിട്ടിയുളളൂവെന്നാണ് പറഞ്ഞത്. സംസ്ഥാന സമ്മേളനത്തിനായി 17 ലക്ഷം ചെലവാക്കിയെന്ന് പറയുമ്പോൾ അക്കൗണ്ട് സ്റ്റേറ്റ്മെന്റിൽ 1 ലക്ഷം മാത്രമേ എടുത്തിട്ടുളളൂ. ജാസ്മിൻ ഷായുടെ ഡ്രെെവർ 68 ലക്ഷം രൂപയാണ് സംഘടനയുടെ അക്കൗണ്ടിൽ നിന്നും പിൻവലിച്ചത്. ഇതിനിടെ എറണാകുളത്ത് വച്ച് ഒരു സമവായ ചർച്ച നടത്തിയിരുന്നുവെങ്കിലും പോയ പണം തിരിച്ച് വയ്ക്കുന്നതിൽ കൃത്യമായ ഉത്തരം ജാസ്മിൻ നൽകിയില്ല.
സി.ബി.ഐ അന്വേഷണം നടത്തണമെന്നാണ് ആരോപണ വിധേയർ പറയുന്നത്. എന്തൊക്കെ സംഭവിച്ചാലും അന്തിമ വിജയംവരെ നിയമപോരാട്ടം തുടരും. എന്തുകൊണ്ട് ഇതുവരെ പ്രതികളെ ആരേയും അറസ്റ്റ് ചെയ്തില്ലായെന്ന് കോടതി ചോദിച്ചതു കൊണ്ടാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കുറ്റക്കാരാണെങ്കിൽ ജാസ്മിൻഷായും സംഘവും ശിക്ഷിക്കപ്പെടണം. അതിനോടൊപ്പം നഷ്ടപ്പെട്ട പണം സംഘടനയുടെ അക്കൗണ്ടിലേയ്ക്ക് തിരികെ എത്തുകയും വേണം. അന്തിമ വിജയം സത്യത്തിന്റേതായിരിക്കും.
കേസ് രാഷ്ട്രീയ പ്രേരിതം
തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും താൻ ഒളിവിൽ പോയിട്ടില്ലെന്നും യു.എൻ.എ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ പറഞ്ഞു. ഭാര്യയോടും മക്കളോടുമൊപ്പം വിദേശത്ത് അവധിയാഘോഷങ്ങളിലാണ്. ആറിന് തിരിച്ചു വരാനാണ് തീരുമാനിച്ചിരുന്നത്. ഏഴിന് അസോസിയേഷൻ സംഘടിപ്പിക്കുന്ന യൂണിറ്റ് സമ്മേളനത്തിൽ പങ്കെടുക്കാനിരുന്നതാണ്. ലുക്ക്ഔട്ട് നോട്ടീസിൽ പറയുന്നതു പോലെ പേരുമാറ്റി ഒളിവിലല്ല. അന്വേഷണവുമായി പൂർണമായും സഹകരിച്ചിരുന്നു. നിലവിൽ ഇപ്പോഴത്തെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ അറിയിപ്പ് ഒന്നും കിട്ടിയിട്ടില്ല. ഒന്നര മാസക്കാലം നിരവധി തവണ അന്വേഷണത്തിനായി പൊലീസ് വിളിച്ചു വരുത്തിയിരുന്നു. 16ന് കോടതിയിൽ ഹാജരാകാനാണ് തീരുമാനം.
സ്വതന്ത്ര സംഘടനയെന്ന നിലയിൽ പ്രവർത്തിക്കുന്ന യു.എൻ.എയ്‌ക്കെതിരെ ഉയരുന്ന ആരോപണവും നേതൃനിരയ്ക്കെതിരെയുള്ള കേസും രാഷ്ട്രീയ പ്രേരിതമാണ്. രാഷ്ട്രീയ പാർട്ടിയുടെ ഭാഗമല്ലാതെ പ്രവർത്തിക്കുന്ന സംഘടനയെ തകർക്കുകയെന്നതാണ് അവരുടെ ലക്ഷ്യം. ഹൈക്കോടതിയിൽ കേസ് നിലനിൽക്കെയാണ് ഇപ്പോൾ ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്. സംഘടനയിൽ നിന്നു പുറത്താക്കിയവരാണ് കേസുമായി കോടതിയെ സമീപിച്ചിട്ടുള്ളത്. യു.എൻ.എയുടെ അംഗങ്ങൾ എല്ലാം തന്നോടൊപ്പമുണ്ട്.
നഴ്‌സുമാർക്ക് അടിസ്ഥാന ശമ്പളം നടപ്പിലാക്കാനുള്ള നടപടികൾ ആവശ്യപ്പെട്ട് സമരം നടത്തിയതിന് പിന്നാലെയാണ് പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. പലയിടങ്ങളിലും മാന്യമായ വേതനം നടപ്പാക്കിയിട്ടില്ല. ഇതിനെതിരെ സംഘടനയ്ക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നതാണ് വാസ്തവം. സംഘടനയുടെയും തങ്ങളുടെ സ്വന്തം അക്കൗണ്ടുകളും കഴിഞ്ഞ കുറച്ചു മാസങ്ങളായി മരവിപ്പിച്ചിരിക്കുകയാണ്. തങ്ങളുടെ പക്കൽ നിന്ന് എല്ലാ രേഖകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിട്ടും ഇതുവരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. കേസിൽ സത്യസന്ധമായാണോ അന്വേഷണം നടക്കുന്നത് എന്നതിൽ സംശയമുണ്ട്. സി.ബി.ഐ അന്വേഷണം വേണമെന്നാണ് ആവശ്യം.