വക്കം: നാട്ടുകാരുടെ ആവശ്യപ്രകാരം 1.80 കോടി രൂപ ചെലവഴിച്ച് പണയിൽ കടവ് - വെന്നിക്കോട് അപ്രോച്ച് റോഡിന്റെ പാർശ്വ ഭിത്തി നിർമ്മാണം തുടങ്ങി. സത്യൻ എം.എൽ.എ സ്ഥലം സന്ദർശിച്ച് നിർമ്മാണം വിലയിരുത്തി.
നിലവിലുള്ള റോഡിന്റെ ഘടനയ്ക്കനുസരിച്ച് മണ്ണ് നീക്കിയപ്പോൾ ഇരുവശങ്ങളിലും അപകടകരമായ സ്ഥിതിയുണ്ടായതിനാലാണ് പാർശ്വ ഭിത്തി നിർമ്മിക്കുന്നത്. സംരക്ഷണഭിത്തി കെട്ടിയിട്ട് റോഡ് നിർമ്മിച്ചാൽ മതിയെന്ന് നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു.
പാർശ്വഭിത്തി കെട്ടുന്നതോടെ റോഡിലേക്ക് മണ്ണ് ഇടിഞ്ഞ് വീഴുന്നത് തടയാനാകും. കൂടാതെ സമീപ വാസികളുടെ വീടുകൾക്ക് സംരക്ഷണമേകാം. പണയിൽക്കടവ്പാലം നിർമ്മിച്ച് വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും അപ്രോച്ച് റോഡ് നിർമ്മിച്ചിരുന്നില്ല.
നിരവധി പേർ റോഡ് നിർമ്മാണത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് അവർക്ക് നഷ്ടപരിഹാരം നൽകി കേസ് തീർപ്പാക്കി. പിന്നീട് മരാമത്ത് വകുപ്പ് സ്ഥലം ഏറ്റെടുത്ത ശേഷമാണ് കുന്നിടിച്ച് മണ്ണ് നീക്കം ചെയ്യൽ ആരംഭിച്ചത്. വക്കം - ചെറുന്നിയൂർ നിവാസികളുടെ നീണ്ട കാലത്തെ ആവശ്യമാണ് അപ്രോച്ച് റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്നത്.