തിരുവനന്തപുരം: കാശ്മീർ വിഷയത്തിൽ കോൺഗ്രസിന്റെ അഭിപ്രായം സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും വ്യക്തമാക്കിയിട്ടുണ്ടെന്നും ശശിതരൂരിന്റെ അഭിപ്രായ പ്രകടനത്തിൽ കോൺഗ്രസ് ദേശീയ - സംസ്ഥാന നേതൃത്വം മറുപടി നൽകുമെന്നും കെ. മുരളീധരൻ എം.പി പറഞ്ഞു. കേരള റിട്ടയേർഡ് ടീച്ചേഴ്സ് സംസ്ഥാന സമ്മേളനം അദ്ധ്യാപക ഭവനിൽ ഉദ്ഘാടനം ചെയ്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയോദ്ധ്യയിൽ മറ്റ് വിശ്വാസികൾ പ്രശ്നമുണ്ടാകാത്ത തരത്തിൽ രാമക്ഷേത്രമാകാമെന്ന തരൂരിന്റെ അഭിപ്രായത്തിനുള്ള മറുപടിയും കോൺഗ്രസിന്റെ ഉത്തരവാദിത്തപ്പെട്ട നേതാക്കൾ നൽകും. മോദി സ്തുതി പാടില്ലെന്ന് അഭിപ്രായത്തിൽ താൻ ഉറച്ച് നിൽക്കുന്നു. മോദി സ്തുതി തെറ്റാണെന്ന് തന്നെയാണ് കോൺഗ്രസ് നയം. ഏകസിവിൽ കോഡ് നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചാൽ കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിനെതിരെ ലോക്‌സഭയിൽ വോട്ട് ചെയ്തതുപോലെ ലോക്സഭയ്ക്കകത്തും പുറത്തും അതിനെ എതിർക്കുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.