sreelekha-i-p-s

തിരുവനന്തപുരം : ട്രാൻസ്പോർട്ട് വകുപ്പിൽ ക്രമവിരുദ്ധമായ സ്ഥലംമാറ്റം നടത്തിയതിനും ഗതാഗതനിയമലംഘനത്തിനുള്ള പിഴ ഉയർത്തിയപ്പോൾ ഉദ്യോഗസ്ഥർക്ക് മാർഗ നിർദ്ദേശം നൽകാതിരുന്നതിനും ഗതാഗത കമ്മിഷണർ സുദേഷ് കുമാറിനെ മാറ്റാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സോഷ്യൽ പൊലീസിംഗ് ആൻഡ് ട്രാഫിക്കിന്റെ ചുമതലയുള്ള എ.ഡി.ജി.പി ആർ.ശ്രീലേഖയെ പുതിയ ട്രാൻസ്പോർട്ട് കമ്മിഷണറായി നിയമിച്ചു. സുദേഷ് കുമാറിന് പകരം ചുമതല നൽകിയിട്ടില്ല.

എ.ഡി.ജി.പി റാങ്കിലുള്ള സുദേഷ് കുമാറിനെതിരെ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രനും മുഖ്യമന്ത്രിയോട് പരാതിപ്പെട്ടിരുന്നു.

സർവീസിൽ തിരിച്ചെടുക്കാൻ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ട ജേക്കബ് തോമസിന് നിയമനം നൽകുമ്പോൾ ഐ.പി.എസ് തസ്തികകളിൽ മാറ്രം വരുത്തേണ്ടിവരും. അപ്പോൾ സുദേഷ് കുമാറിന്റെ കാര്യം പരിഗണിക്കും. സുദേഷ് കുമാറിന്റെ മകൾ പൊലീസുകാരനെ മർദ്ദിച്ചത് മുൻപ് വിവാദമായിരുന്നു.

ഗതാഗതനിയമം ലംഘിക്കുന്നവർക്കുള്ള പിഴ ഉയർത്തിയത് സെപ്റ്റംബർ ഒന്നിന് പ്രാബല്യത്തിൽ വന്നെങ്കിലും ഉദ്യോഗസ്ഥർ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ഗതാഗത കമ്മീഷണർ സുദേഷ് കുമാർ വകുപ്പുതല നിർദ്ദേശം നൽകിയില്ല. മന്ത്രിയുടെ നിർദ്ദേശവും അവഗണിച്ചു.

മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർമാരെയും എ. എം. വി.ഐമാരെയും ക്രമവിരുദ്ധമായി സ്ഥലം മാറ്രിയതിനെതിരെ ജീവനക്കാർ മന്ത്രിക്ക് നേരിട്ട് പരാതി നൽകിയിരുന്നു. ജനറൽ ട്രാൻസ്‌ഫർ ലിസ്റ്റ് മറികടന്ന് സ്ഥലംമാറ്റം നടപ്പാക്കിയെന്നായിരുന്നു അവരുടെ ആരോപണം. മന്ത്രി അത് റദ്ദാക്കി . ഔദ്യോഗിക കാര്യങ്ങൾക്ക് കാണാനെത്തുന്ന ഉദ്യോഗസ്ഥരോട് സുദേഷ് കുമാറിന്റെ പെരുമാറ്റം മോശമാണെന്ന പരാതിയുമുണ്ട്. തുടർന്നാണ് മന്ത്രി ശശീന്ദ്രൻ മുഖ്യമന്ത്രിയോട് അതൃപ്തി അറിയിച്ചത്.