train

തിരുവനന്തപുരം: തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സെമി -ഹൈസ്‌പീഡ് റെയിൽ പദ്ധതിക്ക് വാണിജ്യ, വ്യവസായ മേഖലയുടെ പിന്തുണ. ട്രിവാൻഡ്രം ചേംബർ ഒഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി, ട്രിവാൻഡ്രം അജൻഡ ടാസ്‌ക് ഫോഴ്സ് എന്നിവ സംഘടിപ്പിച്ച ചർച്ചയിൽ ചീഫ്സെക്രട്ടറി ടോംജോസ് പദ്ധതി അവതരിപ്പിച്ചു. സിൽവർ ലൈൻ എന്നറിയപ്പെടുന്ന അതിവേഗ റെയിൽപാത സംസ്ഥാനത്തെ റോഡുകൾക്ക് താങ്ങാനാവാത്ത ഗതാഗത വർദ്ധനയ്ക്ക് പരിഹാരമായിരിക്കുമെന്ന് ടോംജോസ് പറഞ്ഞു.

പ്രതിവർഷം അരലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. നിർമ്മാണം കഴിയുമ്പോൾ 11,000 പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ ലഭിക്കും. കിലോമീറ്ററിന് 2.75രൂപയേ യാത്രാ ചെലവുണ്ടാകൂ. പദ്ധതി 2024ൽ പൂർത്തിയാക്കാനാണ് ലക്ഷ്യം. നാലുവരി റോഡിനുള്ള സ്ഥലത്തിന്റെ പകുതിയേ പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരികയുള്ളുവെന്ന് റെയിൽ വികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടർ വി. അജിത്കുമാർ പറഞ്ഞു. ആകർഷകമായ നഷ്ടപരിഹാരവും നൽകും.

നഗരവികസന പദ്ധതി സ്‌പെഷ്യൽ ഓഫീസർ ടി. ബാലകൃഷ്‌ണൻ, പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി കമലവർദ്ധന റാവു, എസ്.എൻ. രഘുചന്ദ്രൻ നായർ, എബ്രഹാം തോമസ് എന്നിവർ പ്രസംഗിച്ചു. എൻ. മഹേഷ് മോഡറേറ്ററായിരുന്നു.