f

വെഞ്ഞാറമൂട്: ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി റോഡിലേക്ക് വീണു. വൈദ്യുതി വിതരണവും, ഗതാഗതവും മുടങ്ങി. ഇന്നലെ ഉച്ചയ്ക്ക് 1 ന് ആലിയാട് മൂളയം റോഡിൽ മുളയം പാലത്തിന് സമീപത്തായാണ് അപകടം. റോഡരികിലെ സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ നിന്ന വലിയ വയണ മരണമാണ് കടപുഴകി 11 കെ.വി വൈദ്യുതകമ്പിക്ക് മുകളിലൂടെ റോഡിലേക്ക് വീണത്. ഇതോടെ പ്രദേശത്തെ വൈദ്യുതി വിതരണവും, ഗതാഗതവും പൂർണമായും നിലച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വെഞ്ഞാറമൂട് അഗ്നിശമന രക്ഷാ നിലയത്തിൽ നിന്നും അസി. സ്റ്റേഷൻ ഓഫീസർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് സംഘം സ്ഥലത്ത് എത്തി. നീണ്ട പരിശ്രമത്തിനൊടുവിൽ മരം പൂർണ്ണമായും മുറിച്ചു നീക്കി ഗതാഗതവും, വൈദ്യുതി വിതരണവും പുനഃസ്ഥാപിച്ചു.

ലീഡിംഗ് ഫയർമാൻ നിസാറുദ്ദീൻ, ഫയർമാൻമാരായ രഞ്ജിത്, ലിനു, ഹോം ഗാർഡുമാരായ അനിൽകുമാർ, റജികുമാർ, ഫയർമാൻ ഡ്രൈവർ സനിൽകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.