തിരുവനന്തപുരം: മണ്ഡലകാലത്ത് തീർത്ഥാടകർക്കായി ശബരിമലയിൽ ഏർപ്പെടുത്തുന്ന ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽനിന്ന് വനം മന്ത്രിയും വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരും വിട്ടുനിന്നു. ശബരിമലയുമായി ബന്ധപ്പെട്ട മറ്രു വകുപ്പുകളിലെ മന്ത്രിമാരും സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തപ്പോഴാണ് ഏറ്രവും പ്രധാനപ്പെട്ട വനംവകുപ്പിന്റെ ബഹിഷ്കരണം.
ഇതിനെതിരെ യോഗത്തിൽ കടുത്ത വിമർശനമുയർന്നു.
വനംവകുപ്പ് അധികൃതർ നിശ്ചയമായും പങ്കെടുക്കേണ്ടതായിരുന്നുവെന്ന് അഭിപ്രായപ്പെട്ട മുഖ്യമന്ത്രിയും തന്റെ അതൃപ്തി പ്രകടമാക്കി. മന്ത്രി കെ.രാജു, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്ര് കൺസർവേറ്റർ, വനം വകുപ്പ് സ്പെഷ്യൽ സെക്രട്ടറി തുടങ്ങിയവരാണ് പങ്കെടുക്കേണ്ടത്. എത്തിയത് ജില്ലാ ഫോറസ്റ്ര് ഓഫീസർ മാത്രം. സന്നിധാനമടക്കം സ്ഥിതിചെയ്യുന്നത് ടൈഗർ റിസർവിനോട് ചേർന്നാണ്. ശബരിമല മാസ്റ്റർ പ്ളാനുമായി ബന്ധപ്പെട്ടുള്ള എല്ലാ നിർമ്മാണപ്രവർത്തനങ്ങളും വനംവകുപ്പിന്റെ കൂടി അനുമതിയോടെ മാത്രമേ ചെയ്യാനാവൂ. സന്നിധാനത്തോട് ചേർന്നുള്ള സ്ഥലത്തിന്റെ കാര്യത്തിൽ ചെറിയ തർക്കവും നിലനിൽക്കുന്നുണ്ട്. മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചിട്ടുള്ള പല കാര്യങ്ങളും വനംവകുപ്പ് നടപ്പാക്കുന്നില്ലെന്ന വിമർശനവും ചിലർ ഉന്നയിച്ചു.
കടകംപള്ളി സുരേന്ദ്രൻ, ഇ.ചന്ദ്രശേഖരൻ, ജി.സുധാകരൻ, കെ.കെ.ശൈലജ, എ.സി.മൊയ്തീൻ, എ.കെ.ശശീന്ദ്രൻ തുടങ്ങിയ മന്ത്രിമാർ യോഗത്തിൽ പങ്കെടുത്തു. കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എൽ.എമാരായ സജി ചെറിയാൻ, പി.സി. ജോർജ്, ചീഫ് സെക്രട്ടറി ടോം ജോസ്, ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, അംഗങ്ങളായ കെ.പി.ശങ്കരദാസ്, വിജയകുമാർ, പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, ഫയർഫോഴ്സ് ഡയറക്ടർ എ.ഹേമചന്ദ്രൻ, ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു. ഭക്ഷ്യസുരക്ഷാവകുപ്പിലെയും റെയിൽവേയുടെയും പ്രതിനിധികളും പങ്കെടുത്തു.
ശുദ്ധജലം, ശൗചാലയങ്ങൾ, താമസിക്കാനും വിരിവയ്ക്കാനുമുള്ള സൗകര്യങ്ങൾ, മാലിന്യസംസ്‌കരണം, വൈദ്യസഹായം, യാത്രാ സൗകര്യം, വാഹന പാർക്കിംഗ്, സുരക്ഷാക്രമീകരണം തുടങ്ങി വിവിധ വകുപ്പുകൾ നടത്തുന്ന പ്രവൃത്തികളും തയ്യാറെടുപ്പുകളുമാണ് യോഗം വിലയിരുത്തിയത്.
വാട്ടർ അതോറിട്ടി 10 ലക്ഷം ലിറ്റർ ശേഷിയുള്ള പുതിയ ജലവിതരണ പ്ലാന്റ് സ്ഥാപിക്കും. നിലവിലുള്ള ടോയ്‌ലെറ്റുകളുടെ എണ്ണം കൂട്ടുന്നതിനൊപ്പം സ്ത്രീകൾക്കു വേണ്ടി പ്രത്യേക ടോയ്ലെറ്റ് ബ്ലോക്കും സ്ഥാപിക്കും. പ്രളയകാലത്ത് പമ്പയിലും പരിസരത്തും വാരിക്കൂട്ടിയ മണൽ നീക്കംചെയ്യണമെന്ന നിർദ്ദേശം പാലിക്കാത്തതിനെതിരെ വിമർശനമുയർന്നു. ഹൈക്കോടതിയുടെ നിർദ്ദേശാനുസരണം മണ്ഡലകാലത്ത് കാറുകളും മറ്ര് ചെറുവാഹനങ്ങളും തീർത്ഥാടകരുമായി പമ്പ വരെ പോകാൻ അനുവദിക്കും. തീർത്ഥാടകരെ ഇറക്കിയശേഷം തിരികെ നിലയ്ക്കൽ എത്തി പാർക്ക് ചെയ്യണം.