നെടുമങ്ങാട്: ഓണം പിറന്നാലും ഉണ്ണി പിറന്നാലും റബർ കർഷകർക്കും ടാപ്പിംഗ് തൊഴിലാളികൾക്കും കഞ്ഞി കുമ്പിളിൽ തന്നെ. വില സ്ഥിരതയിൽ തുടരുന്ന അനിശ്ചിതത്വവും ടാപ്പിംഗ് രംഗത്തെ പ്രതിസന്ധികളും ഇറക്കുമതിയും ചേർന്ന് റബർ കൃഷി മേഖലയെ മുച്ചൂടും തകർത്തു. കഴിഞ്ഞ ഓണക്കാലത്ത് 125 രൂപയായിരുന്നു വിലയെങ്കിൽ ഇക്കുറി ഒരു രൂപയുടെ വ്യത്യാസത്തിൽ 124 രൂപ മാത്രമാണുള്ളത്. മൂന്ന് മാസം മുമ്പ് 140 രൂപയിലെത്തിയ റബർ വില പെടുന്നനെ 14 രൂപ കുത്തനെ ഇടിഞ്ഞു. വില തകർച്ചയിൽ കഷ്ടപ്പെടുന്ന കർഷകരെ സഹായിക്കാൻ സർക്കാർ നടപ്പാക്കിയ വിലസ്ഥിരതാ ഫണ്ട് ഗുണം ചെയ്യുന്നില്ലെന്ന് വ്യാപകമായ പരാതിയുണ്ട്. 200 ഓളം ചെറുകിട റബർ തോട്ടങ്ങളുള്ള നെടുമങ്ങാട് താലൂക്കിൽ ഭൂരിഭാഗം തോട്ടങ്ങളിലും ടാപ്പിംഗ് നടക്കുന്നില്ല. ടാപ്പിംഗ് തൊഴിലാളികളുടെ അഭാവമാണ് തിരിച്ചടിയുടെ പ്രധാന കാരണം. മരം ഒന്നിന് രണ്ടു രൂപ നിരക്കിൽ പ്രതിഫലം നൽകുന്നുണ്ടെങ്കിലും പാൽ എടുക്കാനും ഷീറ്റ് അടിക്കാനും അധികം കൂലി കൊടുക്കുകയോ, വേറെ തൊഴിലാളികളെ ഏല്പിക്കുകയോ വേണം. ടാപ്പിംഗ് കൂലി ഉയർത്തണമെന്ന ആവശ്യം നിലനിൽക്കെയാണ് പലയിടത്തും ഷീറ്റടിക്കണമെന്ന ഡിമാന്റ് കൂടി കർഷകർ മുന്നോട്ടു വയ്ക്കുന്നത്. പാലെടുക്കാനും ഷീറ്റടിക്കാനും പ്രത്യേകം കൂലി കൊടുക്കാനുമുള്ള സാഹചര്യം നിലവിലെ വിലയുടെ അടിസ്ഥാനത്തിൽ സാദ്ധ്യമല്ലെന്നാണ് കർഷകരുടെ പക്ഷം. നിർബന്ധിച്ചാൽ ടാപ്പിംഗ് നിറുത്തേണ്ട തൊഴിലാളി കൂലിപ്പണിക്ക് പോകുന്ന അവസ്ഥയാണിപ്പോൾ. ടാപ്പിംഗ് മുടക്കം തുടരെയായാൽ മരങ്ങളെ 'പട്ട മരവിപ്പ് " ബാധിക്കും. പിന്നീട് പാൽ ലഭ്യതയും പാതിയായി കുറയും.
റബറിനെ ആശ്രയിച്ച് നിത്യവൃത്തി കഴിക്കുന്ന കുടുംബങ്ങളാണ് നെടുമങ്ങാട് താലൂക്കിൽ അധികവും. 35 ടൺ റബർ ഷീറ്റാണ് ദിനംപ്രതി നെടുമങ്ങാട് മേഖലയിൽ സംഭരിക്കുന്നത്. ഇതിലേറെയും റബർ പ്രൊഡക്ഷൻ ആൻഡ് മാർക്കറ്റിംഗ് സൊസൈറ്റികൾ വഴിയാണ്. രണ്ടു ടണ്ണിനു താഴെയാണ് സ്വകാര്യ ചെറുകിട ഡിപ്പോകൾ സംഭരിക്കുന്നത്. തോട്ടങ്ങളിൽ ടാപ്പിംഗ് നിലച്ചതോടെ എഴുനൂറോളം റബർ ഡിപ്പോകൾ അടച്ചു പൂട്ടിയതായാണ് കണക്ക്. നിലവിൽ നെടുമങ്ങാട്, വിതുര, പാലോട്, കാട്ടാക്കട മേഖലകളിലായി ഇരുന്നൂറിൽ താഴെ ഡിപ്പോകളെ സജീവമായി റബർ ശേഖരിക്കുന്നുള്ളു. 300 കി.ഗ്രാമിൽ താഴെയാണ് ഈ ഡിപ്പോകളിലെ പ്രതിദിന റബർ സംഭരണം.
റബറിന്റെ കുറഞ്ഞ വില 150 രൂപയിലെത്തിക്കാൻ നടപ്പാക്കിയ പദ്ധതിയാണ് വിലസ്ഥിരത ! ഉത്പാദക സംഘങ്ങൾ വഴി നടപ്പാക്കിയ പദ്ധതി പ്രകാരം കർഷകർ അപേക്ഷയും ബില്ലുമായി എത്തുമ്പോൾ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും തൂക്കത്തിൽ കൃത്യതയില്ലെന്ന ആരോപണവും പരക്കെയുണ്ട്. പൊതുമാർക്കറ്റിൽ നിന്നും ലഭിക്കുന്ന വിലയ്ക്ക് പുറമെ റബറിന് 150 രൂപ തികയ്ക്കാൻ വേണ്ടുന്ന തുക സർക്കാർ അനുവദിക്കുന്നതാണ് വിലസ്ഥിരതാ പദ്ധതി. ഉത്പാദക സംഘങ്ങളിൽ പേര് രജിസ്റ്റർ ചെയ്ത കർഷകർ റബർ വില്പന നടത്തിയ ബില്ലടക്കമുള്ള അപേക്ഷ നൽകണമെന്നതാണ് മാനദണ്ഡം. ഇതിനായി വില്ലേജോഫീസുകൾ കയറിയിറങ്ങേണ്ട ഗതികേടുണ്ട്. മുപ്പതിലേറെ സംഘങ്ങളിൽ ചുരുക്കം ചിലതാണ് കാര്യക്ഷമായി പ്രവർത്തിക്കുന്നത്.