തിരുവനന്തപുരം: നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനിൽ 3.71കോടിയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കേസിൽ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ ഉൾപ്പടെ നാലു പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ച് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കും. ഇവർ രാജ്യം വിടുന്നത് തടയാനാണിത്.

വിമാനത്താവളങ്ങൾക്കും തുറമുഖങ്ങൾക്കും നോട്ടീസ് കൈമാറും. എമിഗ്രേഷൻ വിഭാഗത്തിനും ജാഗ്രതാനിർദ്ദേശം നൽകും. വിമാനത്താവളങ്ങളിലോ തുറമുഖങ്ങളിലോ എത്തിയാൽ അറസ്റ്റ് രേഖപ്പെടുത്തും. കേസിലെ ഒന്നാം പ്രതി ജാസ്മിൻ ഷാ, രണ്ടാം പ്രതി സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, മൂന്നാം പ്രതി ജാസ്മിൻ ഷായുടെ ഡ്രൈവർ നിധിൻ മോഹൻ, നാലാം പ്രതി ഓഫീസ് ജീവനക്കാരൻ ജിത്തു എന്നിവർക്കെതിരെ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

രണ്ടുദിവസത്തിനകം ലുക്കൗട്ട് സർക്കുലറും പുറത്തിറക്കും.

ജാസ്മിൻ ഷായുടെ ഭാര്യ ഷബ്നയെയും എട്ടാം പ്രതിയായി ചേർത്തിട്ടുണ്ട്.സംഘടനയുടെ അക്കൗണ്ടിൽ നിന്ന് 55ലക്ഷം രൂപ ഷബ്നയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. . മൊഴിയെടുക്കാൻ ഹാജരാവണമെന്ന് ജാസ്‌മിൻ ഷായോട് ആവശ്യപ്പെട്ടെങ്കിലും ഹാജരായില്ല. . പ്രതികളെല്ലാം ഒളിവിലായതിനാലാണ് ലുക്കൗട്ട് നോട്ടീസ് പത്രങ്ങളിൽ പ്രസിദ്ധീകരിച്ചത്. ഇവർ വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ഥ പേരുകളിൽ താമസിക്കുകയാണെന്നും ചിലർ വിദേശത്തേക്ക് കടന്നതായി സംശയിക്കുന്നതായും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് യു.എൻ.എയുടെ നാല് ബാങ്കുകളിലായുള്ള ആറ് അക്കൗണ്ടുകൾ അന്വേഷണ സംഘം മരവിപ്പിച്ചിരുന്നു.

ആക്സിസ് ബാങ്ക്, കരൂർ വൈശ്യ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയുടെ തൃശൂർ ശാഖയിൽ രണ്ട് വീതം അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ആക്സിസ് ബാങ്കിലെ അക്കൗണ്ടിൽ 3.71കോടി രൂപ വരെയുണ്ടായിരുന്നു. ഇതിൽ ഭൂരിഭാഗവും പലപ്പോഴായി പിൻവലിച്ചെന്നും അക്കൗണ്ട് വഴിയല്ലാതെ സംഘടനയ്ക്ക് നിരവധി പേർ പണം നൽകിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇത്തരം പരാതികൾ കൂടി ഉൾപ്പെടുത്തിയാൽ തട്ടിപ്പിന്റെ വ്യാപ്തി വർധിക്കും. .

അതേസമയം, താൻ ഒളിവിലല്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ജാസ്‌മിൻ ഷാ വ്യക്തമാക്കി. ഇപ്പോൾ ഖത്തറിലുള്ള താൻ അടുത്ത ദിവസം നാട്ടിലേക്ക് വരാനിരുന്നതാണ്. കോടതിക്ക് ഓണാവധിയായതിനാൽ ഇപ്പോഴെത്തി ജയിലിൽ കിടക്കാനില്ല. അടുത്തമാസം നാട്ടിലെത്തുമെന്നും ഫേസ്ബുക്കിലൂടെ ഷാ അറിയിച്ചു.

യു.എൻ.എ സാമ്പത്തിക തട്ടിപ്പ് കേസിൽ കഴമ്പില്ലെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ജാസ്മിൻ ഷാ നേരത്തേ നൽകിയഹർജിയിൽ ,പ്രത്യേക സംഘം രൂപീകരിച്ച് സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.