തിരുവനന്തപുരം:പുനലൂർ-മൂവാറ്രുപുഴ കെ.എസ്.ടി.പി പാതയിലെ പുനലൂർ-കോന്നി റീച്ചിന്റെ നിർമാണ കരാർ ആർ.ഡി.എസ് പ്രോജക്റ്റ്സിന് നൽകേണ്ടതില്ലെന്ന് സ്റ്റിയറിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.. പാലാരിവട്ടം പാലം നിർമാണവുമായി ബന്ധപ്പെട്ട് ആർ.ഡി.എസ് വിവാദത്തിൽപ്പെട്ടിരുന്നു.
ടെൻഡറിൽ രണ്ടാമത്തെ കുറഞ്ഞ തുക രേഖപ്പെടുത്തിയ ദിനേശ് ചന്ദ്രഅഗർവാൾ കമ്പനിക്ക് സമ്മതമെങ്കിൽ കരാർ നൽകാനും ബുധനാഴ്ച ചേർന്ന യോഗത്തിൽ ധാരണയായി. ആർ.ഡി.എസ് രേഖപ്പെടുത്തിയ അതേ തുകയ്ക്ക് പ്രവൃത്തി ചെയ്യേണ്ടിവരും. എന്നാൽ രണ്ട് കമ്പനികളും ക്വാട്ട് ചെയ്ത തുകയിൽ വലിയ അന്തരമില്ലാത്തതിനാൽ ദിനേശ് ചന്ദ്ര കമ്പനി കരാർ ഏറ്റെടുക്കാനാണ് സാദ്ധ്യത.നിലവിൽ കെ.എസ്.ടി.പിയുടെ കണ്ണൂരിലെ തലശ്ശേരി-കളർറോഡ്പാതയുടെ നിർമാണം നടത്തിവരുന്നത് ഇതേ കമ്പനിയാണ്.
ആർ.ഡി.എസിന് കരാർ നൽകുന്നതിൽ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ലോകബാങ്കിനെ ഇക്കാര്യം രേഖാമൂലം അറിയിക്കുകയും ചെയ്തു.ഇപ്പോഴത്തെ സാഹചര്യത്തിൽ വിവാദ കമ്പനിക്ക് കരാർ നൽകിയാൽ മോശമായ അഭിപ്രായമുണ്ടാവാൻ സാദ്ധ്യതയുണ്ടെന്നാണ് മന്ത്രി ചൂണ്ടിക്കാട്ടിയത്. ലോകബാങ്ക് ഈ നിർദ്ദേശത്തോട് യോജിച്ചില്ല.ആർ.ഡി.എസ് കമ്പനി കരിമ്പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്നും സംസ്ഥാന സർക്കാരിന്റെ നിബന്ധനകൾ ലോകബാങ്ക് പദ്ധതികൾക്ക് ബാധകമല്ലെന്നുമാണ് അവർ അറിയിച്ചത്. ലോകബാങ്ക് ധനസഹായത്തോടെയുള്ള പദ്ധതികളുടെ കാര്യത്തിൽ അന്തിമതീരുമാനമെടുക്കേണ്ടത് ചീഫ് സെക്രട്ടറി ചെയർമാനായുള്ള സ്റ്രിയറിംഗ് കമ്മിറ്രിയാണ്.
22 കിലോമീറ്റർ ദൈർഘ്യമുള്ള പുനലൂർ-കോന്നി റീച്ചിന്റെ നിർമാണത്തിന് 226 കോടിയാണ് എസ്റ്രിമേറ്റ്. കരാർ ഒപ്പിട്ടാൽ രണ്ട് വർഷത്തിനുള്ളിൽ പ്രവൃത്തി തീർക്കാനാണ് നിർദ്ദേശം.