കോവളം: പാച്ചല്ലൂർ ബൈപാസിന് സമീപം കട കുത്തിത്തുറന്ന് 25000രൂപയും അയ്യായിരം രൂപയുടെ പുകയില ഉത്പന്നങ്ങളും മോഷ്ടിച്ചതായി പരാതി. പാച്ചല്ലൂർ ബീച്ച് ആൻഡ് ലേക്ക് റോഡിൽ പൊഴിക്കരയ്ക്ക് സമീപം ഉഷയുടെ കടയിലാണ് മോഷണം നടന്നത്. മതിലിനോട് ചേർന്ന കടയുടെ പിറകിലെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. ഇന്നലെ പുലർച്ചെയാണ് കടയുടമ മോഷണ വിവരം അറിയുന്നത്. തിരുവല്ലം എസ്.ഐ സമ്പത്തിന്റെ നേതൃത്വത്തിൽ സമീപത്തെ സി.സി.ടി.വി കാമറകൾ പരിശോധിച്ചു. വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇതേസമയം സമീപത്തെ മറ്റൊരു ഫിനാൻസിലും കവർച്ചാശ്രമം നടന്നു. അഞ്ചാംകല്ല് പാറവിളയ്ക്ക് സമീപം ശശി ജയിംസിന്റെ ഉടമസ്ഥയിലുള്ള കൃപാസദനം ഫിനാൻസിലാണ് കവർച്ചാശ്രമം നടന്നത്. നായ്ക്കളുടെ ബഹളത്തെത്തുടർന്ന് സമീപത്തെ വീട്ടുകാർ എണീറ്റ് നോക്കുമ്പോഴേക്കും രണ്ടംഗം സംഘം ബൈക്കിൽ കയറി സ്ഥലം വിട്ടതായും പറയുന്നു. പാച്ചല്ലൂർ ബൈപാസിന് സമീപം നടന്ന മോഷണവും പാറവിളയിലെ മോഷണവും തമ്മിൽ ബന്ധമുണ്ടോയെന്നും സംശയിക്കുന്നതായി കോവളം എസ്.എെ രതീഷ് പറഞ്ഞു.