photo

നെടുമങ്ങാട്: കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ സമയോചിത ഇടപെടലിൽ ലോട്ടറി വില്പന ശാലയിലെ വൻ തീപിടിത്തം ഒഴിവായി. ചന്തമുക്കിലെ കാരുണ്യ ലോട്ടറി വില്പനശാലയിലാണ് സംഭവം. പുനലൂരിൽ നിന്ന് തിരുവനന്തപുരം വഴി നെടുമങ്ങാട് ഡിപ്പോയിലേക്ക് മടങ്ങുകയായിരുന്ന ഫാസ്റ്റ് ബസിലെ ഡ്രൈവർ കല്ലറ സ്വദേശി എം.പി. ബാലചന്ദ്രനാണ് ലോട്ടറി കടയ്ക്കും സമീപത്തെ വാണിജ്യ സമുച്ചയങ്ങൾക്കും രക്ഷകനായത്.

കഴിഞ്ഞദിവസം രാത്രി ഒമ്പതോടെ ലോട്ടറി കടയുടെ ഉടമ അരശുപറമ്പ് സ്വദേശി അനിൽകുമാർ സ്ഥാപനം പൂട്ടി പോയതിന് ശേഷമാണ് കടയ്ക്കുള്ളിൽ നിന്ന് പുക ഉയരുന്നത് സമീപത്തെ വ്യാപാരികൾ ശ്രദ്ധിച്ചത്. പ്രമുഖ തേയില കടയും ശിവറാം ഇലക്ട്രിക്കൽസും അടക്കം സമീപത്തെ കടകളിലേയ്ക്ക് തീപടരാനുള്ള സാദ്ധ്യത മുന്നിൽക്കണ്ട് നാട്ടുകാർ ഫയർഫോഴ്സിൽ വിവരമറിയിച്ചു. ഈ സമയം ബസോടിച്ചു വന്ന ബാലചന്ദ്രൻ വണ്ടി നിറുത്തി ബസിലുണ്ടായിരുന്ന ഫയർ റെസ്ക്യൂ എടുത്ത് ലോട്ടറി കടയിൽ വ്യാപിച്ച തീ വേഗം അണച്ചു. തൊട്ടടുത്ത കടകളിൽ തീ പടരാതെയും സൂക്ഷിച്ചു. പിന്നീടാണ് ഫയർഫോഴ്‌സ് എത്തിയത്. പ്രദേശത്തെ വൻ അഗ്നിബാധയിൽ നിന്ന് രക്ഷിച്ച ബാലചന്ദ്രനെ കെ.കരുണാകരൻ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ അനുമോദിക്കാൻ തീരുമാനിച്ചതായി കെ.കരുണാകരൻ ചാരിറ്റബിൾ സൊസൈറ്റി ജനറൽ സെക്രട്ടറി മന്നൂർക്കോണം സത്യൻ അറിയിച്ചു.