തിരുവനന്തപുരം: നാടും നഗരവും ഗണേശ സ്തുതികളാൽ മുഖരിതമായ സന്ധ്യയിൽ ശംഖുംമുഖം കടപ്പുറത്തെ തിരമാലകൾ നൂറുകണക്കിന് ഗണേശ വിഗ്രഹങ്ങളെ ഏറ്റുവാങ്ങി. ഗണേശോത്സവ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ജില്ലയിലെ 110 കേന്ദ്രങ്ങളിൽ നിന്ന് ഘോഷയാത്രയായി എത്തിച്ചാണ് ഗണപതി വിഗ്രഹങ്ങൾ നിമജ്ജനം ചെയ്തത്. ത്രിമുഖഗണപതി, ശക്തിഗണപതി, തരുണഗണപതി, വീരഗണപതി, ദൃഷ്ടിഗണപതി, ബാലഗണപതി, ഹേരംബഗണപതി, പഞ്ചമുഖഗണപതി തുടങ്ങി 32 രൂപഭാവങ്ങളിലും വക്രതുണ്ടൻ, ഗജമുഖൻ, ഏകദന്തൻ, വികടൻ, മഹോദരൻ, ലംബോദരൻ തുടങ്ങി എട്ട് അവതാര രൂപത്തിലുമുള്ള, രണ്ട് ലക്ഷത്തിൽപരം വീടുകളിൽ പ്രതിഷ്ഠ നടത്തിയ ഗണേശ വിഗ്രഹങ്ങൾ ചെറുഘോഷയാത്രകളായി മൂന്ന് മണിയോടെ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെത്തി. തുടർന്ന് സാംസ്കാരിക സമ്മേളനത്തിനും പൂജയ്ക്കും ശേഷം ഗണേശ സ്തുതികളോടെ ശംഖുംമുഖത്തേക്ക് നിമജ്ജന ഘോഷയാത്ര ആരംഭിച്ചു. ഗണേശോത്സവ ട്രസ്റ്റിന്റെ ഭാരവാഹികളും നൂറ് കണക്കിന് വിശ്വാസികളും ഘോഷയാത്രയെ അനുഗമിച്ചു.
കിഴക്കേകോട്ടയിൽ നിന്നാരംഭിച്ച ഘോഷയാത്ര ഓവർബ്രിഡ്‌ജ്, ആയുർവേദ കോളേജ്, സ്റ്റാച്യു, പാളയം, ജനറൽ ആശുപത്രി, പേട്ട, ചാക്ക വഴി ശംഖുംമുഖം ആറാട്ടുകടവിൽ എത്തിയപ്പോൾ ഒരുലക്ഷത്തിയെട്ട് നാളികേരം സമർപ്പിച്ച് ഗണേശോത്സവ മഹായജ്ഞം നടന്നു.
കടന്നുപോയ വഴികളിലെല്ലാം ആബാലവൃദ്ധം ജനങ്ങൾ ഘോഷയാത്ര കാണാനെത്തി.
പഞ്ചവാദ്യം ചെണ്ടമേളം, നാസിക് ബാൻഡ് മേളം, ശിങ്കാരിമേളം, മലബാർ തെയ്യം, ചമയവിളക്ക്, പൂക്കാവടി തുടങ്ങിയവയും നാടൻകലാരൂപങ്ങളും ഘോഷയാത്രയ്ക്ക് പകിട്ടേകി.
വൈകിട്ട് 5ന് പഴവങ്ങാടിയിൽ നടന്ന സാംസ്‌കാരിക സമ്മേളനം കർദ്ദിനാൾ ക്ളീമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്തു. തുടർന്ന് മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ സംയുക്തമായി ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ മതസൗഹാർദത്തിന്റെ പവിഴമുത്ത് നഷ്ടപ്പെടാനിടയാക്കരുതെന്ന് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് കർദ്ദിനാൾ പറഞ്ഞു. അമ്പലവും പള്ളിയും മോസ്കുകളും മനസുകളെ ഏകയോഗമാക്കി മാറ്റി ആത്മീയതയിലേക്കുള്ള വികസനത്തിന് അടിത്തറയാകുമെന്നും അദ്ദേഹം പറഞ്ഞു.
ഗണേശവിഗ്രഹ ഘോഷയാത്ര മതസൗഹാർദ്ദ സന്ദേശമാണ് നൽകുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. രാജശേഖരൻനായർ ഉദയസമുദ്ര അദ്ധ്യക്ഷനായി. ഒ.രാജഗോപാൽ എം.എൽ.എ, എം.വി.ശ്രേയാംസ് കുമാർ, ദേവസ്വം ബോർഡംഗം കെ.പി.ശങ്കരദാസ്, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള, എം.എം.ഹസൻ, ഭീമ ഗോവിന്ദൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്, ചൂഴാൽ നിർമലൻ, പള്ളിക്കൽ സുനിൽ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ പങ്കജകസ്തൂരി എം.ഡി. ഡോ. ഹരീന്ദ്രൻനായർക്ക് ഗണേശ പുരസ്‌കാരവും മലയിൻകീഴ് പുരുഷോത്തമന് മിന്നൽ പരമേശ്വരൻനായർ പുരസ്‌കാരവും സമ്മാനിച്ചു.