തിരുവനന്തപുരം : ഭൗമ സൂചിക പദവിയും പ്ലാന്റ് ജീനോം പുരസ്കാരവും നേടിയ കേരളത്തിന്റെ സ്വന്തം ഇനമായ ചെങ്ങാലിക്കോടൻ നേന്ത്രൻ ഇനി തിരുവനന്തപുരത്തും ലഭ്യമാകും.
കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ പാളയത്തുള്ള ഹോർട്ടികോർപ്പ് വിപണന കേന്ദ്രത്തിൽ ആരംഭിച്ച ഓണസമൃദ്ധി കാർഷിക വിപണിയിലാണ് തൃശൂരിൽ നിന്നുള്ള കർഷകരുടെ സ്റ്റാൾ ഒരുക്കിയിട്ടുള്ളത്.
തൃശൂരിലെ എരുമപ്പെട്ടി, ചെങ്ങഴി പഞ്ചായത്ത് പ്രദേശങ്ങളിൽ മാത്രമാണ് ഈ നേന്ത്രന്റെ ഉത്ഭവം.ഇവിടെയാണ് ഇത് കൃഷിചെയ്യുന്നതും. ഇതിന്റെ ഓരോ കായും ഉരുണ്ടതും ഏണുകൾ ഇല്ലാത്തതും നീണ്ടതുമാണ്. മൂപ്പ് എത്തുമ്പോൾ സ്വർണനിറത്തിൽ ചുവന്ന കര പ്രത്യക്ഷപ്പെടും. പഴത്തിൽ 30 ശതമാനം പഞ്ചസാരയാണ് അടങ്ങിയിട്ടുള്ളത് . കായിലും പഴത്തിലും തൊലി ഒട്ടിച്ചേർന്നുനിൽക്കുകയില്ല.
ഒരു കുലയിൽ 50 മുതൽ 100 കായകൾ വരെയുണ്ടാകും. ഓരോ കുലയ്ക്കും 12 -13 കിലോ തൂക്കം വരും. ഗുരുവായൂർ ക്ഷേത്രത്തിൽ കാഴ്ചക്കുലയായി ഉപയോഗിക്കുന്ന ഇനമാണ് ചെങ്ങാലിക്കോടനെന്ന് സ്റ്റാളിൽ വിൽപന നടത്തുന്ന എരുമപ്പെട്ടി സ്വദേശി കൃഷ്ണൻ പറഞ്ഞു.
ചെങ്ങാലിക്കോടൻ ബനാന ഗ്രോവേഴ്സ് അസോസിയേഷൻ എന്ന കർഷക കൂട്ടായ്മ വിളയിച്ചെടുത്ത വാഴക്കുലകളാണ് വിൽപനയ്ക്ക് എത്തിച്ചിട്ടുള്ളത്. കാർഷിക വിപണി ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്ക് ചെങ്ങാലിക്കോടൻ വാഴക്കുല നൽകിയാണ് തൃശൂർ സ്വദേശികളായ കൃഷ്ണനും മോഹനനും സ്വീകരിച്ചത്.