തിരുവനന്തപുരം:കേന്ദ്രമന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയതായി പരാതി.
കേന്ദ്രമന്ത്രിമാരായ രത്തൻലാൽ കട്ടാരി, രാംദാസ് അത്തേവാല, തവർചന്ദ് ഗെലോട്ട് തുടങ്ങിയവരുടെ സ്റ്റാഫിൽ ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം ബാലരാമപുരം സ്വദേശി രാജീവ് അശോകൻ 20ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. ബാലരാമപുരം കേരള ഗ്രാമീൺ ബാങ്ക് ശാഖയിലെ അക്കൗണ്ട് വഴി പത്ത് പേരിൽ നിന്നായി 20 ലക്ഷം രൂപ തട്ടിയെടുത്തതായി എറണാകുളം രവിപുരം പൊലീസ് സ്റ്റേഷനിലും പ്രധാനമന്ത്രിയുടെ പരാതി പരിഹാര സെല്ലിലും തട്ടിപ്പിനിരയായവർ പരാതികൾ നൽകി. മന്ത്രി രത്തൻലാൽ കട്ടാരിയയുടെ ഔദ്യോഗിക ഇ-മെയിൽ വിലാസമെന്ന് തെറ്റിദ്ധരിപ്പിച്ച് നിയമന ഉത്തരവ് നൽകിയെന്നും തട്ടിപ്പ് നടത്തിയതെന്ന് ഇരയായവർ പറയുന്നു.
രണ്ടാം മോഡി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ ജൂൺ - ജൂലായ് മാസങ്ങളിലായിരുന്നു തട്ടിപ്പ്
ജോലി വാഗ്ദാനം ചെയ്ത് എറണാകുളം സ്വദേശി അഭിലാഷിനെയാണ് ആദ്യം രാജീവ് സമീപിച്ചത്. രാംദാസ് അത്തേവാലയുടെ പി.ആർ.ഒ എന്ന് പരിചയപ്പെടുത്തിയാണ് രാജീവ് ആളുകളെ സമീപിച്ചത്.
അഭിലാഷ് ഉൾപ്പെടെയുള്ളവരെ രാജീവ് അശോക് ന്യൂഡൽഹിയിൽ വിളിച്ചുവരുത്തി. ഗവൺമെന്റ് ഓഫ് ഇന്ത്യയെന്ന് ബോർഡ് വച്ച കാറിലെത്തിയ രാജീവ് ഇവരെ മന്ത്രി അത്തേവാലയുടെ ഓഫീസിലും വീട്ടിലും കൂട്ടിക്കൊണ്ടുപോയി.
യാതൊരു സുരക്ഷാ പരിശോധനയും കൂടാതെയാണ് രാജീവ് അശോകിനൊപ്പം മന്ത്രി മന്ദിരത്തിലും ഓഫീസിലും പ്രവേശിച്ചതെന്ന് ഇവർ പറയുന്നു. മന്ത്രിയുടെ വീട്ടിലെത്തി പരിചയപ്പെടുത്തുകയും ഒപ്പം നിന്ന് ഫോട്ടോയെടുക്കുകയും ചെയ്ത രാജീവ് അശോകിന് മന്ത്രിയുമായി അടുപ്പം ഉണ്ടെന്ന് കരുതി ഇവർ പണം അക്കൗണ്ട് വഴി കൈമാറുകയായിരുന്നു .
പിന്നാലെ മൂന്നുപേർക്ക് മന്ത്രി രത്തൻ ലാൽ കട്ടാരിയയുടെ ഓഫീസിന്റെ പേരിൽ വ്യാജേന മെയിലുകളെത്തി. ജോലിയുടെ വിശദാംശങ്ങളും ഗേറ്റ് പാസും അനുവദിച്ചുള്ള ഇ-മെയിലുകളാണ് അയച്ചത്. നിയമന ഉത്തരവ് ലഭിച്ചെങ്കിലും ജോലിയിൽ പ്രവേശിക്കാൻ കഴിയാതെ വന്നതോടെ ഇവർ മന്ത്രിമാരുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് വെളിപ്പെട്ടത്. തുടർന്ന് പൊലീസിലും പ്രധാനമന്ത്രിയുടെ പരാതി പരിഹാര സെല്ലിലും പരാതി നൽകുകയായിരുന്നു.