ഉഴമലയ്ക്കൽ: ആര്യനാട് ഉഴമലയ്ക്കൽ നെടുമങ്ങാട് റോഡിൽ നിറയെ ചതിക്കുഴികളാണ്. അന്തർ സംസ്ഥാന പാതയായ നെടുമങ്ങാട് ഷൊർലക്കോട് റോഡിലാണ് ഈ സ്ഥിതി. റോഡിന്റെ പല ഭാഗങ്ങളിലും റോഡ് തകർന്ന് വൻ കുഴികൾ രൂപ്പെട്ടതോടെ ഇപ്പോൾ അപകടങ്ങളും പതിവായി. ആധുനിക നിലവാരത്തിൽ പണിത റോഡിൽ യഥാ സമയം അറ്റകുറ്റപ്പണികൾ നടത്താത്തതാണ് റോഡിന്റെ തകർച്ചയ്ക്ക് കാരണമാകുന്നത്. പുളിമൂട്, കുളപ്പട, കളിയൽനട, മഞ്ചംമൂല, ചാരുംമൂട്, പുതുക്കുളങ്ങര ബാങ്ക് ജംഗ്ഷൻ, ചാരുംമൂട്, കുന്നുനട മുതലുള്ള പ്രദേശങ്ങളിൽ ഇപ്പോൾ വലിയ കുഴികൾ രൂപപ്പെട്ടു. മഴക്കാലമായതോടെ വെള്ളം കെട്ടി പലപ്പോഴും ഇരുചക്രവാഹനയാത്രാക്കാരും അപകടത്തിൽപ്പെടുന്നതായി പരാതിയുണ്ട്. ഇക്കഴിഞ്ഞ ദിവസം ചാരുംമൂടിന് സമീപം പാറയ്ക്കരയിൽ വലിയ കുഴിയിൽ വീണ് ഓടിക്കൊണ്ടിരുന്ന ഗുഡ്സ് ഓട്ടോ മറിഞ്ഞു. പരിസരവാസികളാണ് ഓട്ടോ ഉയർത്തി വിട്ടത്.
നെടുമങ്ങാട് വഴി ആര്യനാട് കള്ളിക്കാട് വെള്ളറട വഴി തമിഴ്നാട്ടിലേയ്ക്ക് എളുപ്പ വഴിയാണിത്. ദിനം പ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നത് പതിവായതോടെ ഇതുവഴി സഞ്ചരിക്കാനും വാഹനയാത്രാക്കാർക്ക് പേടിയാണ്. അടിയന്തിരമായി റോഡിലെ കുഴികൾ അടയ്ക്കാൻ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.