തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11ന് രാജ്ഭവൻ ആഡിറ്റോറിയത്തിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി ടോം ജോസ്, നിയുക്ത ഗവർണറുടെ പത്‌നി രേഷ്മാ ആരിഫ്, മന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും.

ഇന്നലെ രാവിലെ 8.30ന് എയർ ഇന്ത്യയുടെ എ.ഐ 263 വിമാനത്തിൽ എത്തിയ നിയുക്ത ഗവർണറെ വിമാനത്താവളത്തിൽ മന്ത്രി കെ.ടി. ജലീൽ, ചീഫ് സെക്രട്ടറി ടോം ജോസ്, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, സതേൺ എയർ കമാൻഡ് എയർ ഓഫീസർ ഇൻ ചാർജ് എയർ മാർഷൽ ബി. സുരേഷ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. എയർഫോഴ്‌സ് ടെക്‌നിക്കൽ ഏരിയയിൽ എത്തിയ അദ്ദേഹം പൊലീസിന്റെ ഗാർഡ് ഒഫ് ഓണർ പരിശോധിച്ചു. ടെക്‌നിക്കൽ ഏരിയയിൽ മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, എ.കെ. ബാലൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കടകംപള്ളി സുരേന്ദ്രൻ, ചീഫ് വിപ്പ് കെ. രാജൻ, കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി എ. സമ്പത്ത്, പാങ്ങോട് സൈനിക ക്യാമ്പ് സ്‌റ്റേഷൻ കമാൻഡാന്റ് ബ്രിഗേഡിയർ സി.ജി. അരുൺ, ആഭ്യന്തര അഡി. ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, കാർഷികോത്പാദന കമ്മിഷണർ ഡോ. ഡി.കെ. സിംഗ്, തൊഴിൽ വകുപ്പ് അഡി. ചീഫ് സെക്രട്ടറി ഡോ. ആശാ തോമസ്, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ, പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ്, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പി.കെ. കേശവൻ, ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ, കമ്മിഷണർ എം.ആർ. അജിത്കുമാർ തുടങ്ങിയവർ സംബന്ധിച്ചു.

രാജ്ഭവനിലെത്തിയ ആരിഫ് മുഹമ്മദ് ഖാനെയും ഭാര്യ രേഷ്മ ആരിഫിനെയും രാജ്ഭവൻ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ദേവേന്ദ്രകുമാർ ധൊഡാവത്ത് ബൊക്കെ നൽകി സ്വീകരിച്ചു. മന്ത്രി കെ.ടി. ജലീൽ, ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ തുടങ്ങിയവരുമെത്തി. നിയുക്ത ഗവർണർക്കൊപ്പം കുടുംബാംഗങ്ങളും ബന്ധുക്കളും എത്തിയിട്ടുണ്ട്. വൈകിട്ട് മൂന്നിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിൽ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. 15 മിനിട്ടോളം കൂടിക്കാഴ്ച നീണ്ടു. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും ഒപ്പമുണ്ടായിരുന്നു.