തിരുവനന്തപുരം : കാര്യവട്ടം സ്പോർട്സ് ഹബിൽ മഴകാരണം ഇന്നലെ തുടർന്ന ദക്ഷിണാഫ്രിക്ക എയുമായുള്ള നാലാം ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ എയ്ക്ക് നാല് റൺസിന്റെ തോൽവി.
ബുധനാഴ്ച മഴ കാരണം തടസ്സപ്പെട്ടിരുന്ന ഇന്ത്യയുടെ ചേസിംഗാണ് ഇന്നലെ വിജയത്തിലെത്താതെപോയത്. 25 ഓവറിൽ 193 റൺസ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ എ 56/1 എന്ന നിലയിലെത്തിയപ്പോൾ മഴ കാരണം നിറുത്തുകയായിരുന്നു. ഇന്നലെ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 25 ഓവറിൽ 188/9 എന്ന സ്കോറിലേ എത്താനായുള്ളൂ. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ നേർജേ, ഫോർച്യൂൺ, സിവാംല എന്നിവരാണ് ഇന്ത്യ എയുടെ വിജയപ്രതീക്ഷകൾ തകർത്തുകളഞ്ഞത്. ശിഖർ ധവാന്റെ അർദ്ധ സെഞ്ച്വറി മാത്രമാണ് ഇന്ത്യയ്ക്ക് ആശ്വസിക്കാനുണ്ടായിരുന്നത്.
ബുധനാഴ്ച ഓപ്പൺ ഗുദ്മാൻ ഗില്ലിനെ (12) നഷ്ടമായ ശേഷം സീനിയർ താരം ശിഖർധവാനും (52) പ്രശാന്ത് ചോപ്രയും (26) ചേർന്ന് മുന്നോട്ട് നീങ്ങവേയാണ് മഴ വീണത്. തലേന്ന് മൂന്ന് റൺസുമായി നിന്ന പ്രശാന്തിനെയാണ് ഇന്നലെ ആദ്യം നഷ്ടമായത്. സിവാംലയുടെ പന്തിൽ നോർജേയ്ക്ക് ക്യാച്ച് നൽകിയാണ് പ്രശാന്ത് മടങ്ങിയത്.
15-ാം ഓവറിൽ ശിഖർ ധവാൻ യാൻസാണ് കീഴടങ്ങിയത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി. വിക്കറ്റ് കീപ്പർ ക്വോറിലേയ്ക്കായിരുന്നു ധവാന്റെ ക്യാച്ച്. തുടർന്ന് ശിവം ദുബെയും (3), ക്യാപ്ടൻ ശ്രേയസ് അയ്യരും (26) ക്രീസിലൊരുമിച്ചപ്പോൾ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, 21-ാം ഓവറിൽ ഇരുവരെയും മടക്കി അയച്ച നോർജേ മത്സരത്തിന്റെ വിധിയാണ് മാറ്റിയത്. ഓവറിലെ ആദ്യപന്തിൽ നോർജേ ശിവം ദുബെയെ സബ്‌സ്റ്റിറ്റ്യൂട്ട് സോണ്ടോയുടെ കൈയിലെത്തിച്ചു. മൂന്നാംപന്തിൽ ശ്രേയസ് റീസ ഹെൻറിക്ക്സിന് ക്യാച്ച് നൽകുകയും ചെയ്തതോടെ ഇന്ത്യ എ 161/5 എന്ന നിലയിലായി. പിന്നീട് 27 പന്തുകളിൽ ജയിക്കാൻ വേണ്ടിയിരുന്നത് 32 റൺസായിരുന്നു.
22-ാം ഓവറിൽ സിവാംലയുടെ പന്തിൽ കീപ്പൽ ക്യാച്ച് നൽകി സഞ്ജു സാംസൺ (1), സബ്സ്റ്റിറ്റ്യൂട്ട് ജൂനിയർ ഡലയ്ക്ക് ക്യാച്ച് നൽകി നിതീഷ് റാണയും പുറത്തായി. 24-ാം ഓവറിൽ വാഷിംഗ്ടൺ സുന്ദറിനെയും (7), തുഷാർ ദേശ്പാണ്ഡ്യയെയും (0) നഷ്ടമായത് തോൽവി ഉറപ്പിച്ചു. വാഷിംഗ്ടൺ കീപ്പർ ക്യാച്ച് നൽകിയപ്പോൾ തുഷാർ ക്ളീൻ ബൗൾഡാവുകയായിരുന്നു. യാൻസണായിരുന്നു ബൗളർ. അവസാന ഓവറിൽ ജയിക്കാൻ 15 റൺസ് വേണ്ടിയിരുന്നപ്പോൾ രാഹുൽ ചഹറും (17 നോട്ടൗട്ട്) ഇശാൻ പോരേയും (0) ചേർന്ന് നേടിയത് 10 റൺസാണ്. അവസാന പന്തിൽ ഹെൻറിക്സിനെതിരെ ചഹറിന് റൺസ് നേടാനുമായില്ല.
അവസരം കളഞ്ഞ് സഞ്ജു
ഇന്ത്യൻ സീനിയർ ടീമിലേക്ക് തിരിച്ചുവരാൻ ലഭിച്ച ആദ്യ സുവർണാവസരമാണ് ഇന്നലെ സഞ്ജു സാംസൺ പാഴാക്കിയത്. സഞ്ജു 21-ാം ഓവറിൽ ക്രീസിലെത്തുമ്പോൾ ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 27 പന്തുകളിൽ 32 റൺസ് മാത്രമായിരുന്നു. നേരിട്ട ആദ്യ പന്തിൽ നോർജേയ്ക്കെതിരെ സഞ്ജു സിംഗിളെടുത്തു. അടുത്ത ഓവറിന്റെ ആദ്യ പന്തിൽ സിവാംലയുടെ പന്ത് നേരെ വിക്കറ്റ് കീപ്പറുടെ ഗ്ളൗസിലെത്തിച്ച് മലയാളി താരം നിരാശയോടെ മടങ്ങി.
ദേശീയ ചീഫ് സെലക്ടർ എം.എസ്.കെ. പ്രസാദ് മത്സരങ്ങൾ നിരീക്ഷിക്കാനായി തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. സെലക്ടറുടെ മുന്നിൽ ചെറുതെങ്കിലും ടീമിനെ വിജയിപ്പിക്കാൻ ഉതകുന്ന ഒരു ഇന്നിംഗ്സ് കളിക്കാനുള്ള അവസരമാണ് സഞ്ജുവിനെ തേടിയെത്തിയത്. ഇന്ന് നടക്കുന്ന അവസാന ഏകദിനത്തിലും സഞ്ജു ടീമിലുണ്ട്.
മഴ കാരണം ബുധനാഴ്ച നിറുത്തിവച്ച മത്സരം പുനഃരാരംഭിക്കാൻ കഴിഞ്ഞത് ഇന്നലെ ഉച്ചയോടെയാണ്. രാവിലെ പെയ്ത മഴയിൽ ഔട്ട്ഫീൽഡിലെ നനവ് ഉണങ്ങാത്തതായിരുന്നു കാരണം. 17.2 ഓവറിൽ 137 റൺസ് കൂടിയാണ് ഇന്നലെ ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത്.
ബുധനാഴ്ച ദക്ഷിണാഫ്രിക്കൻ ബാറ്റിംഗിനിടെ മഴ കളി തടസ്സപ്പെടുത്തിയപ്പോൾ ആദ്യം 43 ഓവറായും പിന്നീട് 25 ഓവറായും വെട്ടിച്ചുരുക്കുകയായിരുന്നു. ദക്ഷിണാഫ്രിക്ക എ 137/1 എന്ന സ്കോറാണ് 25 ഓവറിൽ നേടിയത്. ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യ എയ്ക്ക് 193 റൺസ് ലക്ഷ്യമായി നിശ്ചയിച്ചത്.
അഞ്ച് മത്സര പരമ്പരയിലെ ഇന്ത്യയുടെ ഏകദിന തോൽവിയാണിത്. അവസാന ഏകദിനം ഇന്ന് രാവിലെ 9ന് സ്പോർട്സ് ഹബിൽ തുടങ്ങും. തിങ്കളാഴ്ച മുതൽ ഇതേ വേദിയിൽ ഇരുടീമുകളും തമ്മിലുള്ള ആദ്യ അനൗദ്യോഗിക ടെസ്റ്റ് നടക്കും.