k-m-basheer

തിരുവനന്തപുരം : മാദ്ധ്യമപ്രവർത്തകൻ കെ.എം.ബഷീർ ഐ. എ. എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് കൊല്ലപ്പെട്ട കേസിൽ വീഴ്ചവരുത്തിയ മ്യൂസിയം സി.ഐ സുനിലിനെ കാസർകോട് തൃക്കരിപ്പൂർ കോസ്റ്റൽ സ്‌റ്റേഷനിലേക്ക് സ്ഥലം മാറ്റി. കാറോടിച്ചിരുന്ന ശ്രീറാംവെങ്കിട്ടരാമനെ രക്തപരിശോധനയ്ക്ക് പോലും വിധേയനാക്കാതെ വിട്ടയച്ച സി.ഐയുടെ നടപടിയെ കോടതി ഉൾപ്പെടെ വിമർശിച്ചിരുന്നു.

അടുത്തിടെ ലാ കോളേജിൽ നടന്ന വിദ്യാർത്ഥി സംഘർഷത്തിൽ കെ.എസ്.യു, എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ മ്യൂസിയം പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. മർദ്ദനമേറ്റ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തതിനെതിരെ സി.പി.എം ജില്ലാ നേതൃത്വവും രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് സ്ഥലം മാറ്റം. പകരം പത്തനംതിട്ട ഇലവുതിട്ട സി.ഐയായിരുന്ന ജെ.ചന്ദ്രബാബുവാണ് പുതിയ മ്യൂസിയം സി.ഐ. പമ്പ സി.ഐയായിരുന്ന എൻ.എ.അനൂപിനെ കൊച്ചി തോപ്പുംപടിയിലേക്കും പത്തനംതിട്ട തണ്ണിത്തോട് സി.ഐ കെ.എസ്.വിജയനെ പമ്പയിലേക്കും മാറ്റി.