sivani

തിരുവനന്തപുരം : ചാന്ദ്രയാൻ പേടകം ചന്ദ്രനെ തൊടുന്ന ബഹിരാകാശ ചരിത്രത്തിലെ അഭിമാന നിമിഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം കാണാൻ തലസ്ഥാനത്തെ രണ്ട് വിദ്യാർത്ഥികൾ ഒരുങ്ങികഴിഞ്ഞു.

പ്രധാനമന്ത്രിക്കൊപ്പം ചരിത്രമൂഹൂർത്തത്തിന് സാക്ഷ്യം വഹിക്കുന്നതിന്റെ ആകാംക്ഷയിലാണ് തിരുവനന്തപുരം നന്തൻകോട് ഹോളി എയ്ഞ്ചൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ശിവാനി.എസ്.പ്രഭുവും, കണ്ണൂർ ആർമി പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി അഹമ്മദ് തൻവീറും ബഹിരാകാശത്തെയും റോക്കറ്റ് സയൻസിനെയും കുറിച്ച് ഐ.എസ്.ആർ.ഒ നടത്തിയ ക്വിസ് മത്സരത്തിൽ വിജയിച്ചാണ് ഇരുവരും അവസരം നേടിയത്. ഒരു സംസ്ഥാനത്ത് നിന്നും രണ്ടു പേർക്ക് വീതമാണ് അവസരം . ഓൺലൈൻ ക്വിസ് മത്സരത്തിൽ 20 ചോദ്യങ്ങൾക്കായിരുന്നു ഉത്തരം നൽകേണ്ടിയിരുന്നത്. പരമാവധി സമയമായ 10 മിനിട്ടിനുള്ളി മിന്നും പ്രകടനമാണ് ഇരുവരും കാഴ്ചവച്ചത്. കഴിഞ്ഞ മാസം 28നാണ് ഇരുവരും വിജയിച്ചതായുള്ള അറിയിപ്പ് ലഭിച്ചത്.

തിരുവനന്തപുരം തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിലെ പ്രൊപ്പൽഷൻ ഗ്രൂപ്പ് എൻജിനിയർ എൻ.ശ്രീനിവാസന്റെയും ജി.രേഖയുടെയും മകളാണ് ശിവാനി. പാലക്കാട് ഐ.ഐ.ടി വിദ്യാർത്ഥിനിയായ ശ്രേയ സഹോദരിയാണ്. കണ്ണൂർ ആർകിടെക്ച്ചർ കമ്പനി ഉദ്യോഗസ്ഥനായ കോഴിക്കോട് കരുവട്ടൂ‌ർ സ്വദേശി അബ്ദുൾ സലാമിന്റെയും ഡിഫൻസ് അക്കൗണ്ട്സ് വിഭാഗം സീനിയർ അക്കൗണ്ടന്റായ അയിഷാബിയുടെയും മകനാണ് തൻവീർ. സഹോദരി ഫാത്തിമ. പ്ലസ്ടു വിദ്യാർത്ഥിനിയാണ്.