lസ്മിത്തിന്റെ കരിയറിലെ മൂന്നാം ഇരട്ട സെഞ്ച്വറി
lമൂന്ന് ഇരട്ട സെഞ്ച്വറികളും ഇംഗ്ളണ്ടിന് എതിരെ
lഇൗ ആഷസ് പരമ്പരയിൽ മൂന്നക്കം കടക്കുന്നത് മൂന്നാം തവണ
മാഞ്ചസ്റ്റർ : പന്തുരയ്ക്കൽ വിവാദത്തിൽ നിന്ന് തിരിച്ചെത്തി ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സുകളിലും സെഞ്ച്വറി. രണ്ടാം ടെസ്റ്റിൽ തലയ്ക്ക് പരിക്കേറ്റിട്ടും ബാറ്റിംഗിനിറങ്ങി 92 റൺസ്, മൂന്നാം ടെസ്റ്റിൽ പരിക്ക് മൂലം മാറിയിരുന്ന ശേഷം നാലാം ടെസ്റ്റിനിറങ്ങി ഇരട്ടസെഞ്ച്വറി. ഈ ആഷസ് പരമ്പരയിൽ 500ലേറെ റൺസുമായി ആടിത്തിമിർക്കുകയാണ് സ്റ്റീവൻ സ്മിത്ത് എന്ന മുൻ ആസ്ട്രേലിയൻ നായകൻ.
മൂന്ന് മത്സരങ്ങൾ പിന്നിട്ടപ്പോൾ 1-1 എന്ന നിലയിലുള്ള പരമ്പരയിൽ നിർണായക വിജയം തേടിയിറങ്ങിയ ആസ്ട്രേലിയയ്ക്ക് തുടക്കത്തിൽ തന്നെ കാലുറപ്പിക്കാൻ കളമൊരുക്കിയിരിക്കുകയാണ് സ്മിത്ത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആസ്ട്രേലിയ രണ്ടാം ദിനം 497/8 എന്ന നിലയിൽ ഡിക്ളയർ ചെയ്തു. ഇതിൽ 211റൺസും സ്മിത്തിന്റെ ബാറ്റിൽ നിന്നാണ്. തുടർന്ന് ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ളണ്ട് രണ്ടാം ദിനം കളി നിറുത്തുമ്പോൾ 23/1 എന്ന നിലയിലാണ്.
ആദ്യ ദിനം 170/3 എന്ന നിലയിലാണ് കളിനിറുത്തിയിരുന്നത്. 60 റൺസുമായി സ്മിത്തും 18 റൺസുമായി ട്രാവിസ് ഹെഡുമായിരുന്നു ക്രീസിൽ. ഇന്നലെ ബാറ്റിംഗ് പുനഃരാരംഭിച്ച ഇവർ വൈകാതെ പിരിഞ്ഞു. രാവിലെ തന്നെ സ്റ്റുവർട്ട് ബ്രോഡ് ഹെഡിനെ (19) എൽ.ബിയിൽ കുരുക്കി മടക്കുകയായിരുന്നു. ലീച്ചിന്റെ നോ ബാളിൽ കളാച്ച് നൽകിയെങ്കിലും തിരിച്ചു വിളിക്കപ്പെട്ട സ്മിത്ത് തുടർന്ന് മാത്യുവേഡിനെ (16) കൂട്ടി സെഞ്ച്വറിയിലേക്ക് കുതിച്ചു. ടീം സ്കോർ 224ലെത്തിയപ്പോൾ വേഡ് പുറത്തായി. തുടർന്ന് ക്രീസിലെത്തിയ ടിം പെയ്ൻ (40) സ്മിത്തിന് ഉറച്ച പിന്തുണ നൽകി.
144 ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ സ്മിത്തിന്റെ സ്കോർ.
142 ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ സ്മിത്തിന്റെ സ്കോർ
92 രണ്ടാം ടെസ്റ്റിനിടെ 86 റൺസിൽ വച്ച് തലയ്ക്ക് പരിക്കേറ്റിട്ടും ബാറ്റിംഗിനിറങ്ങിയ പുറത്തായ സ്കോർ.
26 ഇന്നലെ സ്മിത്ത് തികച്ച ടെസ്റ്റ് സെഞ്ച്വറികൾ
1 ആദ്യ രണ്ട് ടെസ്റ്റുകളിലെ മികച്ച പ്രകടനത്തോടെ സ്മിത്ത് ബാറ്റിംഗിലെ ഐ.സി.സി ഒന്നാം റാങ്ക് വിരാട് കൊഹ്ലിയിൽ നിന്ന് തിരിച്ചുപിടിച്ചു