ന്യൂയോർക്ക് : നൊവാക്ക് ജോക്കോവിച്ചും റോജർ ഫെഡററും മടങ്ങിയ ഫ്ളഷിംഗ് മെഡോസിലെ ഹാർഡ് കോർട്ടിൽ കിരീട കനവുമായി റാഫേൽ നദാൽ സെമിഫൈനലിലേക്ക് കടന്നു. ഇന്നലെ നടന്ന ക്വാർട്ടർ ഫൈനലിൽ അർജന്റീനിയൻ താരം ഡീഗോ ഷ്വാർട്സ്മാന്റെ വെല്ലുവിളി അതിജീവിച്ചാണ് നദാൽ അവസാന നാലിലെത്തിയത്. സ്കോർ 6-4, 7-5, 6-2. 18 തവണ ഗ്രാൻസ്ളാം കിരീടം നേടിയിട്ടുള്ള നദാലിനെ രണ്ടാം സെറ്റിൽ നന്നായി വിരട്ടിയശേഷമാണ് 20-ാം സീഡായ ഷ്വാർട്സ്മാൻ തോൽവി സമ്മതിച്ചത്. രണ്ട് മണിക്കൂർ 47 മിനിട്ടാണ് പോരാട്ടം നീണ്ടത്.
സെമിഫൈനലിൽ 24-ാം സീഡ് ഇറ്റാലിയൻ താരം മാറ്റിയോ ബെരെട്ടിനിയാണ് നദാലിന്റെ എതിരാളി. ക്വാർട്ടറിൽ 13-ാം സീഡ് പരിചയസമ്പന്നനായ ഗെയ്ൽ മോൺഫിൽസിനെ അട്ടിമറിച്ചാണ് മാറ്റിയോ സെമിയിലേക്ക് ടിക്കറ്റെടുത്തത്. മൂന്ന് മണിക്കൂർ 57 മിനിട്ട് നീണ്ട അഞ്ചുസെറ്റ് മത്സരത്തിനൊടുവിലാണ് മോൺഫിൽസ് തോൽവി സമ്മതിച്ചത്. 3-6, 6-3, 6-2, 3-6, 7-6 എന്ന സ്കോറിനായിരുന്നു മാറ്റിയോയുടെ വിജയം.
പുരുഷ സിംഗിൾസിലെ ആദ്യ സെമിഫൈനലിൽ ഡാനിൽ മെദ്വദേവും ഗ്രിഗോർ ഡിമിത്രോവുമാണ് ഏറ്റുമുട്ടുക. റോജർ ഫെഡററെ അട്ടിമറിച്ചാണ് ഡിമിത്രോവ് സെമിയിലെത്തിയിരിക്കുന്നത്. സ്റ്റാൻസിലാസ് വാവ്റിങ്കയെയാണ് മെദ്വദേവ് ക്വാർട്ടറിൽ തോൽപ്പിച്ചത്.
ഇന്നലെ നടന്ന വനിതാ ക്വാർട്ടർ ഫൈനലുകളിൽ സ്വിറ്റ്സർലൻഡുകാരി ബെലിൻഡ ബെൻസിച്ചും കാനഡക്കാരി ബിയാങ്ക ആൻദ്രെസ്ക്യുവും വിജയം കരസ്ഥമാക്കി. 19കാരിയായ ബിയാങ്ക ക്വാർട്ടറിൽ 25-ാം സീഡ് ബെൽജിയം താരം എലിസെ മെർട്ടെൻസിനെയാണ് മൂന്ന് സെറ്റ് പോരാട്ടത്തിൽ കീഴടക്കിയത്. ആദ്യ സെറ്റ് സ്വന്തമാക്കിയ മെർട്ടെൻസിനെ തുടർന്നുള്ള രണ്ട് സെറ്റുകളിൽ ബിയാങ്ക കീഴടക്കുകയായിരുന്നു. സ്കോർ 3-6, 6-2, 6-3. രണ്ട് മണിക്കൂർ രണ്ട് മിനിട്ടാണ് മത്സരം നീണ്ടത്.
2009നു ശേഷം യു.എസ്. ഓപ്പണിന്റെ സെമിഫൈനലിൽ കളിക്കുന്ന കൗമാരതാരമാണ് ബിയാങ്ക. കരോളിന വൊസ്നിയാക്കിയാണ് 2009ൽ കൗമാര കാലത്ത് യു.എസ്. ഓപ്പൺ സെമിയിൽ കളിച്ചത്. 23-ാം സീഡ് ഡോണ വെകിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് ബെലിൻഡ സെമിയിലേക്ക് എത്തിയത്. 7-6, 6-3 നായിരുന്നു ബെലിൻഡയുടെ വിജയം.
വനിതാ വിഭാഗത്തിലെ സെമിഫൈനലിൽ സെറീന വില്യംസും ഉക്രേനിയൻ താരം എലിന സ്വിറ്റോളിനയുമാണ് ഏറ്റുമുട്ടുന്നത്. രണ്ടാം സെമിയിൽ ബെലിൻഡയും ബിയാങ്കയും ഏറ്റുമുട്ടും.