തിരുവനന്തപുരം : ഓണാവധിക്ക് സ്കൂളുകൾ അടയ്ക്കുന്ന സമയമായിട്ടും അഡ്മിഷൻ ലഭിക്കാത്ത സങ്കടത്തിലാണ് സംസ്ഥാന സ്പോർട്സ് കൗൺസിലിന് കീഴിലുള്ള അമ്പതിലേറെ കായികതാരങ്ങൾ. സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികൾക്ക് സ്പെഷ്യൽ സീറ്റ് അനുവദിക്കുന്നതിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് കാട്ടുന്ന അനാസ്ഥയാണ് വിദ്യാർത്ഥികളുടെ ദുഃസ്ഥിതിക്ക് കാരണം. പ്ളസ് വൺ വിദ്യാർത്ഥികളാണ് അഡ്മിഷൻ ലഭിക്കാത്തവരിൽ ഭൂരിഭാഗവും.
മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ വാഗ്ദാനം ചെയ്തതാണ് സ്പോർട്സ് കൗൺസിൽ ഹോസ്റ്റലുകളിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. ഇവരിൽ പകുതിയോളം പേർക്ക് സ്പോർട്സ് ക്വോട്ടയിൽ അഡ്മിഷൻ ലഭിക്കും. അല്ലാത്തവർക്ക് സർക്കാർ ഹോസ്റ്റലിന് അടുത്തുള്ള സ്കൂളുകളിൽ സ്പെഷ്യൽ സീറ്റുകൾ സൃഷ്ടിച്ച് അഡ്മിഷൻ നൽകുന്നതാണ് പതിവ്.
സ്കൂൾ പ്രവേശനത്തിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയത് മുതൽ കായിക താരങ്ങൾ പെരുവഴിയിലാണ്. ഓൺലൈൻ പ്രവേശനം അവസാനിച്ചശേഷമേ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൽ നിന്ന് സ്പെഷ്യൽ സീറ്റുകൾ അനുവദിക്കാറുള്ളൂ. അതുവരെ കായിക താരങ്ങൾ പള്ളിക്കൂടം കാണാതെ കാത്തിരിക്കണം. കഴിഞ്ഞ വർഷം ഡിസംബറിലാണ് പലർക്കും പ്രവേശനം നൽകിയത്. ഒടുവിൽ ക്ളാസിലെത്തുന്ന കുട്ടികളുടെ പഠനം പെരുവഴിയിലാവുകയാണ്. ഓപ്പറേഷൻ ഒളിമ്പ്യ അടക്കമുള്ള സ്കീമുകളുടെ ഹോസ്റ്റലുകൾ പലതും പലയിടത്തേക്കും മാറ്റിയതിനാൽ പ്ളസ് ടു വിദ്യാർത്ഥികൾക്കും ഈ വർഷം സ്കൂൾ മാറേണ്ട സാഹചര്യമാണ്. ഇവരുടെ പ്രവേശന നടപടികളും ഒന്നുമായിട്ടില്ല.
കായിക താരങ്ങൾക്ക് സ്പെഷ്യൽ സീറ്റ് അനുവദിക്കണമെന്ന് കായികമന്ത്രിയുടെ ഓഫീസിൽ നിന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് കത്ത് നൽകിയിട്ടും ഒന്നും നടക്കുന്നില്ലെന്നാണ് വിദ്യാർത്ഥികളുടെ പരാതി.
സ്കൂൾ പ്രവേശനത്തിന് കൗൺസിലിന്റെ ഭാഗത്തു നിന്ന് ആവശ്യമായ എല്ലാ നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്. ഇനി വിദ്യാഭ്യാസ വകുപ്പാണ് സീറ്റ് അനുവദിക്കേണ്ടത്. ഇതാദ്യമായല്ല കായിക താരങ്ങളുടെ സ്കൂൾ പ്രവേശനം വൈകുന്നത്.
സതീവൻ ബാലൻ
ടെക്നിക്കൽ ഓഫീസർ
സംസ്ഥാന സ്പോർട്സ് കൗൺസിൽ.