suicide-attempt

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുമ്പോഴും ചോദ്യപേപ്പർ ചോർന്ന വഴി ഇപ്പോഴും അജ്ഞാതമായി തുടരുന്നു. ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി നൽകിയതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലായിരുന്ന പൊലീസ് കോൺസ്റ്റബിൾ ഗോകുലിനെ ചോദ്യം ചെയ്തെങ്കിലും പരീക്ഷാഹാളിൽ നിന്ന് ചോദ്യപേപ്പർ ചോർന്നവിധം വ്യക്തമായിട്ടില്ല. പരീക്ഷാ ദിവസം രാവിലെ സുഹൃത്തെന്ന് പറഞ്ഞ് പ്രണവ് പരിചയപ്പെടുത്തിയ 25 കാരനാണ് യൂണിവേഴ്സിറ്റി കോളേജിലെ പരീക്ഷാ സെന്ററിൽ നിന്ന് ചോദ്യചേപ്പർ തങ്ങളുടെ പക്കലെത്തിച്ചതെന്ന് ഗോകുൽ സമ്മതിച്ചു.

കണ്ടാലറിയാമെങ്കിലും ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ തനിക്കറിയില്ലെന്നാണ് ഗോകുൽ പറഞ്ഞത്.പ്രണവിനെ പിടികൂടിയാലേ ഇതാരെന്ന് കണ്ടെത്താനാകൂ. അതോടൊപ്പം ഇയാളുടെ പക്കൽ ചോദ്യപേപ്പർ എങ്ങനെ എത്തിയെന്നും വ്യക്തമാകൂ. ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കി ഗോകുലിനെ ഇന്നലെ കോടതിയിൽ ഹാജരാക്കി. പരീക്ഷാതട്ടിപ്പിന് ഉപയോഗിച്ചെന്ന് കരുതുന്ന സിം കാർഡ് ഇയാളുടെ വീട്ടിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതിലെ കോൾവിവരങ്ങൾ പരിശോധിച്ച പൊലീസിന് പരീക്ഷാസമയത്ത് ഇവർ ഉത്തരങ്ങൾക്കായി ഫോണിൽ ബന്ധപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമായി. പരീക്ഷയ്ക്ക് തൊട്ടുമുമ്പ് യൂണിവേഴ്സിറ്റി കോളേജിന് സമീപം ബൈക്കിലെത്തിയതായും ബൈക്ക് കോളേജ് പരിസരത്ത് വച്ചശേഷം സംസ്കൃത കോളേജ് കാമ്പസിൽ ക്യാമ്പ് ചെയ്ത് അവിടെ നിന്ന് ഇന്റർനെറ്റ് സഹായത്തോടെയാണ് ഉത്തരങ്ങൾ ലഭ്യമാക്കിയതെന്നാണ് ഗോകുൽ വെളിപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ ആ സമയത്തെ ഫോൺകോൾ വിശദാംശങ്ങൾ ഇത് പൂർണമായും ശരിയല്ലെന്ന് തെളിയിക്കുന്നുണ്ട്. ഉത്തരങ്ങൾക്കായി ഇവർ ബന്ധപ്പെട്ടെന്ന കരുതുന്ന ചിലരും ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണ്. കേസിലെ മറ്റ് പ്രതികളായ പ്രണവിനെയും സഫീറിനെയും ഉടൻ പിടികൂടാനാണ് ക്രൈംബ്രാഞ്ച് നീക്കം. ഇപ്പോൾ സംസ്ഥാനത്ത് പലഭാഗങ്ങളിലായി ഒളിവിൽ കഴിയുന്ന ഇരുവരെയും പിടികൂടുന്നതോടെ പരീക്ഷാത്തട്ടിപ്പിന്റെ കാര്യത്തിൽ കൂടുതൽ വ്യക്തതവരും.യൂണിവേഴ്സിറ്റി കോളേജുമായി ഗോകുലിന് ബന്ധമില്ല. പിടിക്കപ്പെടില്ലെന്ന് ഉറപ്പുകൊടുത്തതിനെത്തുടർന്നാണ് സഹായിക്കാനിറങ്ങിയതെന്നും മുമ്പും ഇത്തരത്തിൽ പരീക്ഷാ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും പ്രണവ് പറഞ്ഞതായും ഗോകുലിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്.

ചോദ്യപേപ്പർ എങ്ങനെയാണ് പുറത്തെത്തിച്ചതെന്ന് നസീമും ശിവരഞ്ജിത്തും ഗോകുലും പൊലീസിനോട് പറഞ്ഞില്ല. യൂണിവേഴ്സിറ്റി കോളേജാണ് ചേദ്യപേപ്പർ ചോർച്ചയുടെ കേന്ദ്രമെന്ന് ഇവരുടെ മൊഴികളിൽ നിന്ന് മനസിലായതിനെത്തുടർന്ന് അവിടെ പരീക്ഷയെഴുതിയവരുടേയും പരീക്ഷാഡ്യൂട്ടി ചെയ്തവരുടേയും വിവരങ്ങൾ ക്രൈംബ്രാഞ്ച് പിഎസ്‌സിയോട് ആവശ്യപ്പെട്ടു. അദ്ധ്യാപകരും അനദ്ധ്യാപകരും സംശയനിഴലിലാണ്. മറ്റു സെന്ററുകളിൽ നിന്ന് ചോദ്യം ചോരാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.