novel

സി.ഐ അലിയാർ നിമിഷങ്ങളോളം ബലഭദ്രന്റെ മുഖത്തേക്കു നോക്കി നിശ്ശബ്ദം ഇരുന്നു. പിന്നെ ചുണ്ടനക്കി.

''എന്റെ അന്വേഷണത്തിൽ അന്ന് തെളിഞ്ഞതു തന്നെയാണ് സത്യം, തമ്പുരാൻ. പാഞ്ചാലിയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ചതും തീയിട്ടതും പ്രജീഷ് തന്നെയാണ്. എന്നാൽ ഇന്ന് അതു തെളിയിക്കാൻ സാക്ഷികളില്ല. ഐ വിറ്റ്‌നസ്സ് ആയിരുന്ന ആ വാച്ചറും മരണപ്പെട്ടല്ലോ.."

ബലഭദ്രൻ ചിന്തയോടെ മൂളി. സുമംഗല ഒരു പാത്രത്തിൽ സംഭാരം കൊണ്ടുവന്ന് അലിയാർക്കു നൽകി.

''താങ്ക്‌സ്." അയാൾ അതു വാങ്ങി.

''ഇഞ്ചിയും പച്ചമുളകും ചുവന്നുള്ളിയും ഇടിച്ചുചേർത്ത സംഭാരം.

രുചിയോടെ അതു കുടിച്ചിട്ട് അലിയാർ പാത്രം മടക്കി കൊടുത്തു.

സുമംഗല മുറിവിട്ടപ്പോൾ അയാൾ ബാക്കി പറഞ്ഞു.

''എങ്കിലും പ്രതീക്ഷയുടെ നാളമായി ചിലരുണ്ട്. അവരിപ്പോൾ എവിടെയാണെന്ന് അറിയില്ലെങ്കിലും..."

''ആരാണവർ?"

ബലഭദ്രനു ജിജ്ഞാസയായി.

''പരുന്ത് റഷീദും അണലി അക്‌ബറും. ഈ കേസിൽ മാത്രമല്ല, എന്നെ ആക്രമിച്ചതിലും, പിന്നീട് ആക്സിഡന്റ് ഉണ്ടാക്കിയതിലും പ്രതികളാണവർ. എത്രയും വേഗം അവരെ ഞാൻ പൊക്കും. അതോടെ ഈ കേസിനും ശക്തമായ തെളിവു കിട്ടിയേക്കും."

ബലഭദ്രൻ ഒന്നു മൂളി.

അലിയാർ തുടർന്നു:

''എന്നാൽ എല്ലാം വ്യക്തമായി അറിയാവുന്ന ഒരാൾ കൂടിയുണ്ട്. പക്ഷേ എനിക്ക് അയാളെ പെട്ടെന്നു പൊക്കാൻ പറ്റില്ല‌താനും..."

''എം.എൽ.എ കിടാവ്?"

ചോദ്യഭാവത്തിൽ ബലഭദ്രൻ നിർത്തി.

''അതെ."

തുടർന്ന് സി.ഐ അലിയാർ, ബലഭദ്രനോട് ശബ്ദം താഴ്‌ത്തി കുറച്ചു നേരം കൂടി സംസാരിച്ചിരുന്നു.

***** ****

മസനഗുഡിയിലെ ലോഡ്ജ് റൂം വെക്കേറ്റ് ചെയ്ത് ചന്ദ്രകലയും പ്രജീഷും മായാറിലെ വാടകവീട്ടിലെത്തി.

ബ്രോക്കർ മുനിയാണ്ടിയും ജീപ്പ് ഡ്രൈവറും അതുവരെ ഒപ്പമുണ്ടായിരുന്നു.

വൈകിട്ടത്തേക്കുള്ള ആഹാരം അവർ കരുതിയിരുന്നു.

അടുത്ത ദിവസം ഗ്യാസ് സിലിണ്ടറും സ്റ്റൗവും എത്തിച്ചുകൊടുക്കാമെന്ന് വീട്ടുടമ്മ സമ്മതിച്ചിട്ടുണ്ട്.

''എന്നാൽ ഞങ്ങളങ്ങോട്ട്..." മുനിയാണ്ടി തല ചൊറിഞ്ഞുകൊണ്ട് അനുവാദം തേടി.

ചന്ദ്രകലയ്ക്കു കാര്യം മനസ്സിലായി. അഞ്ഞൂറിന്റെ പത്ത് നോട്ടുകൾ എടുത്ത് അയാൾക്കു നൽകി, അവൾ.

മുനിയാണ്ടിക്കു സന്തോഷമായി.

ചന്ദ്രകല ജീപ്പിന്റെ വാടക, ഡ്രൈവർക്ക് പ്രത്യേകമായി നൽകുകയും ചെയ്തു.

ഇരുവരും പോയി.

പ്രജീഷ് ഒരു സിഗററ്റിനു തീ പിടിപ്പിച്ചുകൊണ്ട് മുറ്റത്തേക്കിറങ്ങി.

പിന്നാലെ രണ്ട് ഫൈബർ കസേരകളുമായി ചന്ദ്രകലയും.

ഇരുവരും അതിൽ ഇരുന്നു. സമയം അഞ്ചരയായിരുന്നു.

നേർത്ത കാറ്റിൽ വെളുത്തുള്ളിപ്പൂക്കൾ ആടിക്കൊണ്ടിരുന്നു.

പച്ച നിറത്തിലുള്ള ഉള്ളി ഇലകൾ കാറ്റിൽ ഇളകുന്നതു കാണുവാൻ നല്ല ഭംഗി. തിരയടിക്കുന്നതുപോലെ...

സൂര്യന്റെ വിളർച്ച ബാധിച്ച കിരണങ്ങൾ പരന്നുകിടക്കുന്നു.

അകലെ എവിടെയോ ഒരു ആനയുടെ ചിന്നം വിളി കേട്ടു.

''അവ കനാലിൽ വെള്ളം കുടിക്കാൻ വന്നതാവും."

പ്രജീഷ് പറഞ്ഞു.

മനസ്സിനിണങ്ങിയ പ്രകൃതി ആയിരുന്നെങ്കിലും ഒന്നും ആസ്വദിക്കാൻ കഴിഞ്ഞില്ല ഇരുവർക്കും.

ഉള്ളിൽ പത്തുകോടി രൂപ പിടഞ്ഞുകൊണ്ടിരുന്നു....

ആ പണം കയ്യിൽ വന്നപ്പോൾ ആകാശത്ത് അനേക വർണ്ണങ്ങളുള്ള ഒരു അമിട്ടു പൊട്ടിച്ചിതറുന്നതു പോലെയായിരുന്നു.

എന്നാൽ ഇപ്പോൾ ഒരു നിമിഷം കഴിഞ്ഞ് തീപ്പൊരികളിലെ വെളിച്ചം മാഞ്ഞ് ഇരുൾ പരന്ന അവസ്ഥ.

''കോവിലകത്തിന്റെ വിശാലതയിൽ നിന്ന് ഇവിടേക്കു മാറിയത് നിനക്ക് അഡ്ജസ്റ്റു ചെയ്യാൻ കഴിയുന്നുണ്ടോ?"

പ്രജീഷ്, ചന്ദ്രകലയോടു തിരക്കി.

''നൂറ് ശതമാനം." അവൾ മുടി ഒതുക്കി വച്ചു. കോവിലകം സത്യത്തിൽ എനിക്ക് നരകം പോലെയായിരുന്നു. ദുഷിച്ച വായു നിറഞ്ഞ ഡ്രാക്കുളക്കോട്ട. എന്നാൽ ഇവിടം... ആ രൂപ കൂടി കയ്യിൽ ഉണ്ടായിരുന്നെങ്കിൽ ഇത് സ്വർഗ്ഗമായേനെ..."

അതു ശരിയാണെന്ന് പ്രജീഷിനും അറിയാം. ആ പത്തുകോടി രൂപയിൽ ഒരുപാട് സ്വപ്നങ്ങൾ അടുക്കിവച്ചിരുന്നവനാണ് താനും.

സൂര്യൻ മാഞ്ഞു.

മെല്ലെ ഇരുൾ പരന്നു തുടങ്ങി. ഇരുവരും വീടിനുള്ളിൽ കയറി.

''അപരിചിതമായ സ്ഥലമല്ലേ.. വാതിലടച്ചേക്കാം."

പ്രജീഷ് വാതിൽപ്പാളികൾ ചേർത്തടച്ചു കൊളുത്തിട്ടു.

പിന്നെ ഒരു പൈന്റ് 'ഡേ ആന്റ് നൈറ്റ്" ബ്രാണ്ടിയെടുത്തു.

'ഇതെവിടെനിന്നു കിട്ടി?"

ചന്ദ്രകല നെറ്റി ചുളിച്ചു.

''ഇവിടെത്തന്നെ കിട്ടും. ഒരാൾ കച്ചവടം നടത്തുന്നുണ്ട്. എനിക്കു തോന്നുന്നത് ഈ ബ്രാണ്ടി ഇവിടെ മാത്രമേ ഉള്ളു എന്നാണ്."

അയാൾ അര ഗ്ളാസ് പകർന്ന് വെള്ളം കലർത്തി വലിച്ചു കുടിച്ചു.

''നിനക്ക് വേണോ?"

''വേണ്ടാ..."

ഇരുവരും പാഴ്സൽ വാങ്ങിക്കൊണ്ടുവന്നതു കഴിച്ചു.

കൈ കഴുകുമ്പോൾ പ്രജീഷ് എന്തോ ശബ്ദം കേട്ടു.

ആരോ ജനാല തുറക്കാൻ ശ്രമിക്കുന്നതുപോലെ...

അയാൾ തിരിഞ്ഞ് മിണ്ടരുതെന്ന് ചന്ദ്രകലയ്ക്ക് ആംഗ്യം കാട്ടി.

അവളും ശ്രദ്ധിച്ചു.

ജനാലയ്ക്ക് അപ്പുറത്ത് ആരോ ഉണ്ട്. ഗ്ളാസിനിടയിലൂടെ അവ്യക്തമായി കാണാം.

പെട്ടെന്ന് ഒരിഞ്ചു വ്യാസമുള്ള ഒരു കുഴൽ ഗ്ളാസിൽ അമർന്നിരിക്കുന്നതു പോലെ തോന്നി.

അടുത്ത നിമിഷം...

ഒരു വെടിയൊച്ച..

ഗ്ളാസ് ചിതറിത്തെറിച്ചു...

സ്വർണ്ണ നിറമുള്ള ഒരു തീയുണ്ട അകത്തേക്കു പറന്നുവന്നു...

(തുടരും)