ganja

കൊച്ചി: ഹൈവേ സ്റ്റഫ് തഗ്‌സ് സംഘം കഞ്ചാവ് എത്തിച്ചത് കോളേജുകളിലെ ഓണാഘോഷം കൊഴുപ്പിക്കാൻ. ഓണാഘോഷങ്ങളിൽ വില്പനയ്ക്കായി കോഴിക്കോട്ടേക്ക് കഞ്ചാവുമായി പോയ സംഘത്തെ ഇന്നലെയാണ് എക്‌സൈസ് കളമശേരിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. കോളേജ് ഹോസ്റ്റലുകളും സമീപത്തുള്ള പ്രൈവറ്റ് ഹോസ്റ്റലുകളും കേന്ദ്രീകരിച്ചാണ് ഇവരുടെ വില്പന. കോളേജുകളിൽ തങ്ങളുടെ കച്ചവടകേന്ദ്രങ്ങൾ വളർത്തുന്നതിന്റെ ഭാഗമായാണിതെന്ന് ഓപ്പറേഷൻ വിശുദ്ധിക്ക് നേതൃത്വം നൽകുന്ന ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണർ എ.എസ്.രഞ്ജിത്ത് പറഞ്ഞു.

കൂടാതെ കോളേജുകളിൽ ആർട്‌സ് ഫെസ്റ്റ് ഉൾപ്പെടെയുള്ള ആഘോഷങ്ങളിലാണ് പുതിയ ഇരകളെ കണ്ടെത്തി കച്ചവടം കൊഴുപ്പിക്കുന്നത്. തമിഴ്‌നാട് അതിർത്തിയിൽ കടത്തുകാരിൽനിന്നു കഞ്ചാവ് തട്ടിയെടുത്തു വിൽക്കുന്ന 'ഹൈവേ സ്റ്റഫ് തഗ്‌സ്' സംഘത്തെ ഇന്നലെ എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡാണ് പിടികൂടിയത്. നാലു കിലോ കഞ്ചാവും കാറും പിടിച്ചെടുത്തു. മലപ്പുറം തിരൂർ സ്വദേശികളായ റാഫിദ് (27), അനൂപ് (27), യാസിർ (31), മലപ്പുറം കൂട്ടായി സ്വദേശി അൻവർ (37) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെല്ലാം എൻജിനിയറിംഗ് പഠനം പൂർത്തിയാക്കാതെ ഉപേക്ഷിച്ചവരാണെന്ന് എക്‌സൈസ് പറയുന്നു. പൈസ ഉണ്ടാക്കുന്നതിനോടൊപ്പം പുതിയ മാർക്കറ്റ് സൃഷ്ടിക്കുകയാണ് ഇവരുടെ പ്രധാന ലക്ഷ്യം.

രഹസ്യവിവരത്തെ തുടർന്ന്, കളമശ്ശേരി കണ്ടെയ്‌നർ റോഡിൽ വാഹന പരിശോധനയ്ക്കു കാത്തുനിന്ന എക്‌സൈസ് സംഘത്തെ വെട്ടിച്ച് പ്രതികൾ കാറുമായി കടന്നു കളഞ്ഞു. പിന്തുടർന്ന് വാഹനം തടഞ്ഞ എക്‌സൈസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മൽപ്പിടിത്തത്തിലൂടെ ഇവരെ കീഴടക്കി. തമിഴ്‌നാട്ടിൽ കഞ്ചാവ് വിൽക്കുന്ന സംഘം തന്നെ, മലയാളികളായ ഇടപാടുകാരെ സംബന്ധിച്ചുള്ള വിവരം ഈ സംഘങ്ങൾക്കു ചോർത്തി നൽകി ലാഭവിഹിതം കൈപ്പറ്റുന്നുണ്ട്. ആക്രമിക്കപ്പെട്ടാലും ഇരകൾ പരാതിപ്പെടില്ല. അക്രമത്തിനിരയായവർ നൽകിയ വാഹന നമ്പർ ഉപയോഗിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിച്ചതെന്നും എക്‌സൈസ് പറഞ്ഞു. ഓപ്പറേഷൻ വിശുദ്ധി യുടെ ഭാഗമായി ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണർ എ.എസ്.രഞ്ജിത്ത്, അസി.കമ്മിഷണർ സജിത്കുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ പി.ശ്രീരാജ്, പ്രിവന്റീവ് ഓഫിസർമാരായ രാം പ്രസാദ്, ജോർജ് ജോസഫ്, പി.എൽ.ജോർജ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ എം.എം.അരുൺകുമാർ, സിദ്ധാർത്ഥൻ, വിപിൻദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.